
ലണ്ടന്‍: ഈ വര്‍ഷം അവസാനത്തോടെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍. 2015ന് ശേഷം ഇംഗ്ലണ്ടിനുവേണ്ടി കളിക്കാത്ത താരം കൗണ്ടി ക്രിക്കറ്റില്‍ വാര്‍വിക് ഷെയറിനുവേണ്ടി കളിക്കുന്നുണ്ട്. പരുക്കിനെത്തുടര്‍ന്ന് 2019 സീസണ് മുഴുവന്‍ നഷ്ടമായ ബെല്ലിന് ഈ സീസണിലും മികവ് കാട്ടാനായില്ല. പിന്നാലെ കൊറോണയെത്തുടര്‍ന്ന് ടൂര്‍ണമെന്റും പാതി വഴിയില്‍ അവസാനിച്ചതോടെയാണ് 38കാരനായ ബെല്‍ കളി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഒരു കാലത്ത് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയിലെ നട്ടെല്ലായിരുന്നു ബെല്‍. 17 വയസ് മുതല്‍ കളിക്കുന്ന വാര്‍വിക് ഷെയറിനുവേണ്ടി കളിക്കുന്ന ബെല്‍ അതേ ടീമിനൊപ്പം വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു. കളിക്കാവശ്യമുള്ളതുപോലെ ശരീരം വഴങ്ങിക്കിട്ടുന്നില്ലെന്നും എന്റെ ശരിയായ സമയം ഇതാണെന്നും ബെല്‍ പറഞ്ഞു.
അഞ്ച് ആഷസ് പരമ്പരയുടെ ഭാഗമാകാനും ഒരു പരമ്പരയിലെ താരമാകാനും ബെല്ലിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് ബെല്‍. ഇംഗ്ലണ്ടിനുവേണ്ടി 118 ടെസ്റ്റില്‍ നിന്ന് 42.69 ശരാശരിയില്‍ 7727 റണ്‍സും ഒരു വിക്കറ്റും 161 ഏകദിനത്തില്‍ നിന്ന് 37.87 ശരാശരിയില്‍ 5416 റണ്‍സും ആറു വിക്കറ്റും 8 ടി20യില്‍ നിന്ന് 188 റണ്‍സുമാണ് ബെല്ലിന്റെ സമ്പാദ്യം.