2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇബ്‌റാഹീം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം.
രണ്ടു ലക്ഷം രൂപയ്ക്കു തുല്യമായ രണ്ട് ആള്‍ജാമ്യം വേണം, വിജിലന്‍സ് കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ട് പുറത്തു പോകരുത്, ഇന്ത്യയ്ക്കു പുറത്തേക്കു പോകേണ്ടിവന്നാല്‍ വിചാരണ കോടതിയുടെ അനുമതി വാങ്ങണം, പാസ്‌പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കണം, സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, അന്വേഷണോദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിന് എപ്പോള്‍ വിളിച്ചാലും ഹാജരാകണം, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം, നേരിട്ടോ അല്ലാതെയോ കേസുമായി ബന്ധപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിര്‍ദേശിച്ചത്.
നവംബര്‍ 18നാണ് അഞ്ചാം പ്രതിയായ ഇബ്‌റാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. പാലം നിര്‍മാണത്തിന്റെ കരാര്‍ ആര്‍.ഡി.എസിനു നല്‍കിയതിലും മുന്‍കൂര്‍ പണം അനുവദിച്ചതിലും നിയമലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു മുന്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന്‍ വാദം.
കഴിഞ്ഞ ഡിസംബര്‍ 14ന് ഇബ്‌റാഹീംകുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഇബ്‌റാഹീംകുഞ്ഞ് സമര്‍പ്പിച്ച മെഡിക്കല്‍ രേഖകളില്‍ തര്‍ക്കമില്ലെന്നു സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഹരജിക്കാരനെ ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചു ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.