
കൊച്ചി: കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യത്തോടെ മലപ്പുറത്ത് ഇന്‍കെല്‍ 5000 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്നു. ഇന്‍കെല്‍ ഗ്രീന്‍സ് എന്ന പദ്ധതിയില്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ടാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങിയ ഇന്‍കെലിന്റെ മലപ്പുറത്തെ പദ്ധതിയില്‍ ഇതിനകം തന്നെ 200 കോടി രൂപയുടെ നിക്ഷേപം എത്തിക്കഴിഞ്ഞു.
26 പരിസ്ഥിതി സൗഹൃദ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 130 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതികള്‍. 70 കോടി രൂപ ചെലവിട്ടുകൊണ്ടുള്ള അഞ്ച് വിദ്യാഭ്യാസ പദ്ധതികളും ഇന്‍കെല്‍ ഗ്രീന്‍സില്‍ വന്നുകഴിഞ്ഞു.
മലപ്പുറത്തെ പാണക്കാട്ടാണ് ഇന്‍കെല്‍ ഗ്രീന്‍സ് സ്ഥിതിചെയ്യുന്നത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി എസ്.എം.ഇ പാര്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കായി എജ്യുസിറ്റിയുമാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പുതിയ സര്‍ക്കാരിന്റെ വാഗ്ദാനം.
അതില്‍ തങ്ങള്‍ക്കാവുന്ന പങ്ക് വഹിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്‍കെല്‍ എം.ഡി ടി. ബാലകൃഷ്ണന് പറഞ്ഞു. ഇന്‍കെല്‍ ഗ്രീന്‍സില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് പ്രമുഖ വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2018ല്‍ ഇത് പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യമാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഇ.എസ്, അറ്റ്ലസ് ഐഡിയല്‍, ഫയേദ ഗ്രൂപ്പ്, എസ്.എസ്.ജി ഗ്രൂപ്പ്, വി.കെ.സി എലാസ്റ്റോമേഴ്സ്, ക്യാപ്സ്റ്റോണ്‍ വെന്‍ഞ്ച്വേഴ്സ്, കെ.എം.സി.സി, റാഫ്മോ ഗോള്‍ഡ്, അഫ്ജാന്‍ ഫുഡ്സ്, ഡ്യൂറാടെക്, സമസ്ത എന്നിവയുമായി ഇന്‍കെല്‍ ഗ്രീന്‍സ് ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. ഇവരില്‍ തന്നെ പലരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നൈപുണ്യവികസന കേന്ദ്രമാണ് എംഇഎസ് ഇന്‍കെല്‍ ഗ്രീന്‍സില്‍ തുടങ്ങുന്നത്. അറ്റ്ലസ് ഐഡിയല്‍ തുടങ്ങുന്നത് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് കൊമേഴ്സ് ആണ്.
ഫയേദ ഗ്രൂപ്പിന്റെ ഫാര്‍മസി സ്കൂളും എസ്എസ്ജി ഗ്രൂപ്പിന്റെ ജെം ആന്‍ഡ് ജ്വല്ലറി ഇന്‍സ്റ്റിററ്യൂട്ടും ഇന്‍കെല്‍ ഗ്രീന്‍സില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വികെസി ഗ്രൂപ്പിന്റെ ചെരുപ്പ് നിര്‍മാണ ഫാക്ടറിയാണ് ഇന്‍കെല്‍ ഗ്രീന്‍സിലെ മറെറാരു പ്രമുഖ പദ്ധതി.
നാന്നൂറിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതിക്കായി അഞ്ച് ഫാക്ടറി കെട്ടിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനും ഭാവി പദ്ധതികള്‍ക്കുമായി 40 കോടി രൂപയാണ് ഇന്‍കെല്‍ മുടക്കിയിരിക്കുന്നതെന്നും ടി.ബാലകൃഷ്ണന് പറഞ്ഞു.