2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്റര്‍നെറ്റ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഭാവിയില്‍ ഡി.എന്‍.എ സെര്‍വര്‍

ഋത്വിക് എസ്.കെ

ലോകത്തിലെ സകലവിവരങ്ങളും ഇക്കാലത്ത് ഇന്റര്‍നെറ്റിലൂടെ ലഭിക്കും. നിമിഷാര്‍ദ്ധത്തില്‍ എണ്ണിയാല്‍ത്തീരാത്തത്ര വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നു മറ്റു ദേശങ്ങളിലേയ്ക്കു പറന്നുകൊണ്ടിരിക്കുന്നത്. വളരെ വിപുലവും സങ്കീര്‍ണവുമായ കാര്യങ്ങളാണ് ഇന്ററര്‍നെറ്റില്‍ ദിവസവും സംഭവിക്കുന്നത്.

ഇന്ററര്‍നെറ്റില്‍ ഇടതടവില്ലാതെ നടക്കുന്ന അളവറ്റ പ്രക്രിയകളുടെ വിവരങ്ങളും മറ്റും അതതു നിമിഷത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ചു സൂക്ഷിക്കപ്പെടുന്നുണ്ട്. വന്‍ശേഖരണശേഷിയുള്ള സ്‌റ്റോറേജ് ഉപകരണങ്ങളായ സെര്‍വറുകളിലാണ് ഇവ ശേഖരിക്കപ്പെടുന്നത്. ഇതിനു ധാരാളം സ്റ്റോറേജ് ഉപകരണങ്ങളും അവ സൂക്ഷിക്കാനാവശ്യമായ സ്ഥലവും വേണ്ടിവരുന്നുണ്ട്. നിലവിലുള്ളതില്‍ ഏറ്റവും മികച്ച വിവരസംഭരണോപകരണങ്ങള്‍ക്കുപോലും എക്കാലത്തേയ്ക്കും അവ സൂക്ഷിക്കാനുള്ള കെല്‍പ്പില്ല. സെര്‍വറുകളിലെ വിവരങ്ങള്‍ ഏതാനുംദശകങ്ങള്‍ക്കുള്ളില്‍ കാലഹരണപ്പെട്ടുപോകാം.

എന്നാല്‍, അങ്ങേയറ്റം മൂല്യമുള്ള ഇന്റര്‍നെറ്റ് വിവരങ്ങള്‍ നശിച്ചുപോകുന്നത് പ്രയാസകരമായ കാര്യമാണ്. കുറഞ്ഞ സ്ഥലവും സംവിധാനവും മാത്രം വിനിയോഗിച്ചുകൊണ്ട് പരമാവധി കാലത്തേയ്ക്ക് ഇന്റര്‍നെറ്റ് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹമല്ലേ? ആ അനുഗ്രഹം സമീപഭാവിയില്‍ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്, ഡി.എന്‍.എ സ്റ്റോറേജ് സംവിധാനത്തിലൂടെ. ഡി.എന്‍.എ എന്നാല്‍ ഡിഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ് തന്നെ. ജീവകോശങ്ങളിലെ ഡി.എന്‍.എയ്ക്കു തുല്യമായ സംവിധാനം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ജീവനുള്ള എന്തിന്റെയും ജനിതകവൃത്താന്തം ശേഖരിച്ചിരിക്കുന്നത് ഡിഓക്‌സി റൈബോ ന്യൂക്ലിക് ആസിഡില്‍ (ഡി.എന്‍.എ) ആണ്. ജീവിയുടെ ഓരോ കോശത്തെയും കോശങ്ങളിലെ പ്രക്രിയകളെയും നിയന്ത്രിക്കുന്നതു ഡി.എന്‍.എയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ്. ഡി.എന്‍.എയുടെ ആടിസ്ഥാന ഘടകങ്ങള്‍ അഡിനിന്‍(A), ഗ്വാനിന്‍(G), തൈമിന്‍(T), സൈറ്റോസിന്‍(C) എന്നീ ഓര്‍ഗാനിക് തന്മാത്രകളാണ്. ന്യൂക്ലിയോടൈഡ് എന്നാണ് ഈ ഘടകങ്ങളെ വിളിക്കുന്നത്. പിരിച്ചുവച്ച ഏണിയുടെ രൂപത്തില്‍, രണ്ടു നിരയിലായി ക്രമീകരിച്ചുവച്ച ന്യൂക്ലിയോടൈഡുകളുടെ നീണ്ടശ്രേണിയാണ് ഡി.എന്‍.എ. ന്യൂക്ലിയോടൈഡുകള്‍ക്കു നിരയിലെ ക്രമീകരണത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും അനുസൃതമായി, നാലക്കങ്ങള്‍ വരുന്ന കോഡുകള്‍ (A,G,T,C) ആയിട്ടാണ് വിവരങ്ങള്‍ സൂക്ഷിക്കപ്പെടുന്നത്. ഒരു ജീവന്റെ ജനിതകസംബന്ധമായ സകലവിവരങ്ങളും സൂക്ഷിച്ചുവച്ചിട്ടുള്ള ഡി.എന്‍.എയുടെ ശേഖരണശേഷി നിലവില്‍ ഉള്ള ഏത് സ്റ്റോറേജ് ഉപകരണത്തെക്കാളും എത്രയോ കൂടുതലാണ്.

DNA_helix

കമ്പ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് 0,1 എന്നീ രണ്ട് അക്കങ്ങളുടെ നിരകൊണ്ടുള്ള ബൈനറി കോഡ് ഉപയോഗിച്ചാണ്. എന്നാല്‍, കമ്പ്യൂട്ടറുകളിലെയും മറ്റും ഡിജിറ്റല്‍ ഡാറ്റ, ഡി.എന്‍.എ ന്യൂക്ലിയോടൈഡുകള്‍ ഉപയോഗിച്ചു നാലക്കകോഡുകളാക്കി മാറ്റി സൂക്ഷിച്ചുവയ്ക്കാമെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ആര്‍കിടെക്ട് ലൂയീസ് സിസീ പറയുന്നത്. കംപ്യൂട്ടറുകളുടെയും ഡാറ്റാസംവിധാനങ്ങളുടെയും രൂപകല്‍പ്പനയെക്കുറിച്ചു ഗവേഷണം നടത്തുന്ന ലൂയീസ് സിസീ ഒരു സംഘം മൈക്രോബയോളജിസ്റ്റുകളുടെ കൂടെ ഡി.എന്‍.എയുടെ ഘടനകളെക്കുറിച്ചും കോഡിംഗ് സംവിധാനെത്തക്കുറിച്ചും പഠനംനടത്തിവരികയായിരുന്നു.

ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണത്തിനനുസരിച്ചു കോഡുകള്‍ രൂപകല്‍പ്പനചെയ്തശേഷം, ന്യൂക്ലിയോടൈഡുകള്‍ ഉപയോഗിച്ച് ഈ കോഡുകള്‍ ‘ഫയലുകളായി സൂക്ഷിച്ച’ കൃത്രിമ ഡി.എന്‍.എ നിര്‍മ്മിക്കാം എന്നാണു ലൂയീസിന്റെയും സംഘത്തിന്റയും കണ്ടുപിടുത്തം. സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍, പോളിമറേസ് ചെയിന്‍  റിയാക്ഷന്‍ (PCR) എന്ന പ്രകൃിയയിലൂടെ ഡീകോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിനുപരി വീടുകളുടെ മേല്‍വിലാസങ്ങള്‍ പോലെ ഫയലുകള്‍ക്ക് ‘അഡ്രസ്സുകള്‍’ നിര്‍ണയിച്ച് ആവശ്യാനുസരണം വേണ്ട ഫയലുകള്‍ മാത്രം ഡീകോഡ് ചെയ്യുന്ന ‘റാന്‍ഡം ആക്സ്സസ്’ എന്ന ലൂയീസിന്റെ ആശയവും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഇവര്‍ക്കു സാധിച്ചു.

laboratory-cool-cube

നിലവിലുള്ള ഉപകരണങ്ങളേക്കാളും ശേഖരണശേഷി കൂടുതല്‍ ആയതിനാല്‍ സെര്‍വറുകളെ ആപേക്ഷിച്ചു വളരെ കുറഞ്ഞസ്ഥലം മാത്രം ആവശ്യമുള്ള കൃത്രിമ ഡി.എന്‍.എ ഭാവിയില്‍ മറ്റുപകരണങ്ങള്‍ക്കു പകരമായേക്കാമെന്നാണു ലൂയീസ് വിശ്വസിക്കുന്നത്. വീഡയോകളും ചിത്രങ്ങളും കൃത്രിമ ഡി.എന്‍.എയിലേയ്ക്കു വിജയകരമായും കൃത്യമായി കോഡ് ചെയ്യാനും തിരിച്ചു ഡീകോഡ് ചെയ്‌തെടുക്കുവാനും ലൂയീസിനും സംഘത്തിനും സാധിച്ചു. ഏപ്രില്‍ 6 ന് അറ്റ്‌ലാന്റയില്‍ നടന്ന ആര്‍കിടെക്ചറല്‍ സപ്പോര്‍ട്ട് ഫേര്‍ പ്രോഗ്രാമിങ് ലാംഗ്വേജ് ആന്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് ലൂയീസ് സിസീയും സംഘവും ഗവേഷണത്തിലെ പുതിയനേട്ടങ്ങള്‍ വെളിപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.