2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ന് ദേശീയ അധ്യാപക ദിനം ഘോരവനത്തിലൂടെ മായ ഇനിയും നടക്കും  ടീച്ചറുടെ ജീവിതം കുട്ടികളാണ്

നിസാം കെ. അബ്ദുല്ല

 
കല്‍പ്പറ്റ: ഘോരവനത്തിലൂടെയുള്ള മായ ടീച്ചറുടെ കാല്‍നടയാത്ര തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടിരിക്കുന്നു. അതിനിയും തുടരുന്നതിനും ടീച്ചര്‍ക്ക് യാതൊരുപ്രയാസവുമില്ല, കാരണം കാടിനപ്പുറം ടീച്ചറുടെ ജീവനായ കുട്ടികളുണ്ട്. പുല്‍പ്പള്ളി പഞ്ചായത്തിലെ വനാന്തര്‍ ഭാഗത്ത് കര്‍ണാടകയോട് കബനി നദി അതിരിട്ടുകിടക്കുന്ന വെട്ടത്തൂര്‍ ഗ്രാമത്തിലെ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിലെ കുട്ടികളാണ് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനത്തിലൂടെ ആരെയും കൂസാതെ നടക്കാന്‍ ടീച്ചര്‍ക്ക് പ്രചോദനമാകുന്നത്. 
പെരിക്കല്ലൂരില്‍ താമസിക്കുന്ന ടീച്ചര്‍ക്ക് ഏതാണ്ട് രണ്ടുകിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്താല്‍ മാത്രമാണ് വെട്ടത്തൂരിലെത്താന്‍ സാധിക്കുക. അതില്‍ ഒരു കിലോമീറ്ററിലധികം ഘോരവനമാണ്. ആനയും പുലിയും കടുവയും കരടിയും കാട്ടുപോത്തുമൊക്കെ വിഹരിക്കുന്ന വനം.
16 വര്‍ഷം മുന്‍പ് പെരിക്കല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ മദര്‍ പി.ടി.എ പ്രസിഡന്റായതാണ് മായ എന്ന വീട്ടമ്മയെ ടീച്ചര്‍ എന്ന വിളിപ്പേരിലേക്ക് മാറ്റിയത്. പി.ടി.എ മീറ്റിങ്ങുകളില്‍ വെട്ടത്തൂര്‍ കോളനിയില്‍നിന്നുള്ളവരെ കാണാത്തതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അവിടുത്തെ കുട്ടികളൊന്നും സ്‌കൂളിലേക്ക് അങ്ങിനെ വരാറില്ലെന്നും മൂന്നാംതരമൊക്കെ ആകുമ്പോഴേക്ക് പഠനം നിര്‍ത്താറാണ് പതിവെന്നും അധികൃതര്‍ ടീച്ചറോട് പറഞ്ഞു. ഇതോടെ ഈ കുട്ടികളെ എങ്ങിനെ സ്‌കൂളിലെത്തിക്കാമെന്നായി ഇവരുടെ ചിന്ത. അങ്ങിനെ ഉരുത്തിരിഞ്ഞ ആശയമായിരുന്നു കോളനിയില്‍ ചെന്ന് ക്ലാസെടുക്കുകയെന്നത്. താന്‍ തന്നെ കുട്ടികളുടെ അടുത്തേക്ക് പൊയ്‌ക്കൊള്ളാമെന്നും ഇവര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇന്ന് ടീച്ചര്‍ക്ക് കാടിന്റെ ഓരോ സ്പന്ദനങ്ങളും അറിയാം.തന്റെ അധ്യാപനജീവിതത്തിന്റെ 16ാം വര്‍ഷത്തിലേക്ക് കടക്കുന്ന ടീച്ചര്‍ക്ക് വേതനം ലഭിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമേ ആകുന്നുള്ളൂ. അതും ആറായിരം രൂപ. അതില്‍നിന്നുതന്നെ ആയിരം രൂപ കുറച്ചാണ് നിലവില്‍ ലഭിക്കുന്നത്. അതിനുമുന്‍പ് 12 വര്‍ഷം ടീച്ചര്‍ കുട്ടികളെ പഠിപ്പിച്ചത് ഒരു വേതനവും പറ്റാതെയായിരുന്നു. ബി.ആര്‍.സിയില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷമാണ് ടീച്ചര്‍ക്ക് ശമ്പളം ലഭിക്കാന്‍ തുടങ്ങിയത്. കോളനിയിലെ രക്ഷിതാക്കളും വനംവകുപ്പും സ്‌കൂള്‍ അധികൃതരും പഞ്ചായത്തും കൂടെയുണ്ടെന്നുള്ളതാണ് ടീച്ചറുടെ കരുത്ത്. ഒപ്പം ഭര്‍ത്താവ് സജിയുടെ പിന്തുണയും. മക്കളായ അര്‍ജുനും വിഷ്ണുവും മരുമകള്‍ സൂര്യയും അമ്മയ്ക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.