
ലണ്ടന്‍: ചെറിയൊരു ഇടവേളക്ക് ശേഷം ഇന്നുമുതല്‍ വീണ്ടും ക്ലബ് ഫുട്ബോള്‍ സജീവമാകുന്നു. രണ്ട് ദിവസത്തിന് ശേഷം ചാംപ്യന്‍സ് ലീഗ് മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നടക്കാനുണ്ട്. സീരീ എ ടൂര്‍ണമെന്റിലേക്കാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം കൊവിഡ് കാരണം ചികിത്സയിലുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുമോ എന്ന കാര്യത്തിലാണ് ആരാധകര്‍ക്ക് ആശങ്ക.
ഇന്ന് രാത്രി 12.15ന് കൊട്ടോണക്ക് എതിരേ യുവന്റസിന് മത്സരമുണ്ട്. ഈ മത്സരത്തില്‍ എന്തായാലും ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കില്ല. അടുത്ത മത്സരത്തിലെങ്കിലും കളിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അതേ സമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു എ.സി മിലാന് താരം സ്ലാറ്റന് ഇബ്രാഹീമോവിച്ച് തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് രാത്രി 9.30ന് നടക്കുന്ന മിലാന് ഡര്‍ബിയില്‍ ഇബ്രാഹീമോവിച്ച് കളിക്കുമെന്നാണ വിവരം. രണ്ട് ദിവസം മുമ്പ് താരം ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയായി താരം കൊവിഡ് കാരണം ക്വാറന്റൈനിലായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇന്ന് മത്സരങ്ങളുണ്ട്. പ്രധാന ക്ലബുകളെല്ലാം ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ലിവര്‍പൂള്‍ എവര്‍ട്ടണെ നേരിടുന്നുണ്ട്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സി സാതംപ്ടണുമായി കൊമ്പുകോര്‍ക്കും. അതേ സമയം മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സനലും തമ്മിലാണ് മറ്റൊരു മത്സരം.
രാത്രി പത്തിനാണ് ഈ മത്സരം നടക്കുന്നത്. ഇന്നത്തെ പ്രധാനപ്പെട്ട മത്സരവും ഇതുതന്നെയാകും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ലീഗില്‍ 16ാം സ്ഥാനത്ത് നില്ക്കുന്ന യുനൈറ്റഡിന് ഇന്ന് ജയം അനുവാര്യമായാണ്. അനായാസം ജയിക്കാവുന്ന മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട യുനൈറ്റഡ് കനത്ത വിമര്‍ശനം നേരിട്ടിരുന്നു.
ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡും ബാഴ്സലോണയും മത്സരത്തിനിറങ്ങുന്നുണ്ട്. രാത്രി പത്തിന് നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് കാഡിസിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഗറ്റാഫെയായണ് ബാഴ്സലോണയുടെ എതിരാളികള്‍. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റ വിഗോയുമായി കൊമ്പുകോര്‍ക്കും. വൈകീട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ഗ്രനഡ – സെവിയ്യയെ നേരിടും.