2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ദ്രജാലം തീര്‍ക്കാന്‍ യുവ സംഘം

ഹാറൂണ്‍ റഷീദ്

എന്തും പ്രതീക്ഷിച്ചാണ് പരിശീലകര്‍ യുവ താരങ്ങള്‍ക്ക് കോപ്പയില്‍ അവസരം നല്‍കിയിട്ടുള്ളത്.  യുവ താരങ്ങളെ റാഞ്ചുന്നതിന് വേണ്ടി മാത്രം വിവിധ ക്ലബുകള്‍ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെക്‌സിക്കോയുടെ ഹിര്‍വിങ്ങ് ലോസാനോയെ വീക്ഷിക്കുന്നതിനായി മാഞ്ചസ്റ്റര്‍ അധികൃതര്‍ അമേരിക്കയിലേത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ആല്‍ബര്‍ട്ടോ പെനറാന്‍ഡ വെനസ്വെല

ചെറുപ്പം മുതല്‍ പന്തു തട്ടി വളര്‍ന്ന 18 കാരനായ ആല്‍ബര്‍ട്ടോ പെനറാന്‍ഡ നിലവില്‍ വാട്‌ഫോര്‍ഡിന് വേണ്ടിയാണ് കളിക്കുന്നത്. വാട്‌ഫോര്‍ഡില്‍ നിന്ന് ആറു മാസത്തെ വായ്പയില്‍ താരത്തെ ഗ്രനാഡ ക്ലബിലെത്തിച്ചിട്ടുണ്ട്. 2013ല്‍ അണ്ടര്‍ 17ലും 2014ല്‍ അണ്ടര്‍ 20ലും രാജ്യത്തിനായി കളത്തിലിറങ്ങി. അണ്ടര്‍ 20 മത്സരത്തില്‍ ഗോള്‍ നേടാനും പെനറാന്‍ഡിനായി. മൈതാനത്തിന്റെ മധ്യ നിരയിലെ ഏതു പൊസിഷനിലും സുഗമമായി കളിക്കാനാകും എന്നതാണ് താരത്തിന്റെ പ്രത്യേകത. ഡ്രിബ്‌ളിങ്ങിലും ബോള്‍ കണ്‍ട്രോളിലും മികവുള്ള പെനറാന്‍ഡ കോപ്പക്കായി ഒരുങ്ങിത്തന്നെയാണ് എത്തുന്നത്. സുന്ദരമായി ഫിനിഷ് ചെയ്യുന്നതിലും താരത്തിന്റെ മികവ് എടുത്തു പറയേണ്ടതാണ്. 2013ലായിരുന്നു ക്ലബ് ഫുട്‌ബോളില്‍ അരങ്ങേറിയത്. അതിന് ശേഷം  ഡിപോര്‍ട്ടീവോ ലാ ഗ്വയ്‌റ,  ഗ്രനാഡ ക്ലബുകള്‍ക്കായി പന്തു തട്ടാനിറങ്ങി. മൂന്ന് വര്‍ഷത്തെ കരിയറിനിടക്ക് 14 ഗോളുകളും നേടി. 2016 ദേശീയ ടീമിലിടം നേടി. രാജ്യത്തിനായി രണ്ടു കളിയില്‍ മൈതാനത്തിറങ്ങിയെങ്കിലും ഗോളൊന്നും നേടാനായില്ല. കോപ്പയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

ഡക്കന്‍സ് നാസന്‍ ഹെയ്തി

വ്യക്തിപരമായ കാരണങ്ങളാല്‍ ഫുട്‌ബോള്‍ തന്നെ ഉപേക്ഷിക്കുന്നതിന്റെ വക്കിലായിരുന്ന ഡക്കന്‍സ് നാസനെ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളാണ് മൈതാനത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. രാജ്യത്തിനായി നാലു ഗോള്‍ നേടിയിട്ടുണ്ട് ഈ 22കാരന്‍. യുവതാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ അനുഭവ സമ്പത്തുള്ള താരം കൂടിയാണ് നാസന്‍. 2014-15 സീസണില്‍ ഒളിംപ്യാക്കോസിനായി കളിച്ച 13 മത്സരങ്ങളില്‍ 10 ഗോള്‍ സ്‌കോര്‍ ചെയ്ത് മികവ് പുലര്‍ത്താനും ഹെയ്തി താരത്തിനായി. 2014ലായിരുന്നു ദേശീയ ടീമിലേക്കുള്ള പ്രവേശനം. ടീമിന്റെ കരുത്തുറ്റ അറ്റാക്കറാണ് നാസന്‍.  2015ല്‍ നടന്ന ഗോല്‍ഡ് കപ്പില്‍ നാസനായിരുന്നു ഹെയ്തിയുടെ ഹീറോ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമൈക്കയോട് തോറ്റെങ്കിലും അതുവരെയെത്തിയത് നാസന്റെ പിന്‍ബലത്തിലായിരുന്നു. ബ്രസീല്‍, ഇക്വഡോര്‍, പെറു എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് വിജയിച്ചു കയറണമെങ്കില്‍ നാസന്റെ മാജിക്കിനെ ആശ്രയിക്കേണ്ടി വരും ഹെയ്തിക്ക്.

കാര്‍ലോസ് ഗ്രാസോ ഇക്വഡോര്‍

ബുണ്ടസ് ലീഗയില്‍ കളിക്കുന്ന ആദ്യത്തെ ഇക്വഡോര്‍ താരമെന്ന ബഹുമതിയുമായാണ് ഗ്രാസോ ശ്രദ്ധേയനാകുന്നത്. 2011ല്‍ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ തുടക്കം കുറിച്ചു. ഇന്‍ഡിപെന്‍ഡന്റിയേറ്റ്, ബാഴ്‌സലോണ, സ്റ്റുട്ട്ഗര്‍ട്ട്, എഫ്. സി ഡല്ലാസ് എന്നീ ക്ലബുകള്‍ക്ക് വേണ്ടി പന്തു തട്ടിയ താരം നാലു ഗോളുകളും നേടിയിട്ടുണ്ട്. 2011ലെ അണ്ടര്‍ 17 ലോകകപ്പ്, 2013ലെ ദക്ഷിണ അമേരിക്കന്‍ യൂത്ത് ചാംപ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. 2014ല്‍ ഹോളണ്ടിനെതിരേയായിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം. 2014 ലോകകപ്പ് സംഘത്തിലുണ്ടായിരുന്നെങ്കിലും മികവിലേക്കുയരാനായില്ല. പരിശീലകരുടെ പ്രത്യേക പരിഗണന ലഭിച്ചാണ് ഇത്തവണ കോപ്പക്കായി ഗ്രാസോ അമേരിക്കയിലെത്തുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ടീമും താരവും നടത്തിയിട്ടുണ്ടെന്ന് പരിശീലകന്‍ വെളിപ്പെടുത്തുന്നു.

യുവാന്‍ ഇറ്റര്‍ബേ
പരാഗ്വെ

ക്ലബ് ഫുട്‌ബോളിലെ മോശം പ്രകടനത്തിന്റെ പകരം വീട്ടാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയാണ് പരാഗ്വെയുടെ മുന്‍നിര താരം ഇത്തവണ കളത്തിലിറങ്ങുന്നത്. കുറച്ചു കാലം മുമ്പ് മെസ്സിയോട് വരെ ഉപമിക്കപ്പെട്ടിരുന്നു ഈ 22കാരന്‍. ഇറ്റാലിയന്‍ ക്ലബായ റോമയില്‍ നിന്നു വായ്പയില്‍ ഇംഗ്ലീഷ് ക്ലബായ ബേണ്‍മൗത്തിന് വേണ്ടിയാണ് താരം  കളിക്കുന്നത്. 2008മുതല്‍ ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്. 16ാമതെ വയസില്‍ തന്നെ പരാഗ്വെ കോച്ചായിരുന്ന ജെറാര്‍ഡോ മാര്‍ട്ടിനോയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചിലിക്കെതിരേയുള്ള മത്സരത്തില്‍ യുവാന്‍ ടീമിലിടം നേടിയിരുന്നു. 2018 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇക്വഡോര്‍, ബ്രസീല്‍ എന്നിവര്‍ക്കെതിരേയുള്ള മത്സരത്തിലും പരാഗ്വെ സംഘത്തിലുള്‍പ്പെട്ടിട്ടുണ്ട്.

ഗബ്രിയേല്‍ ബാര്‍ബോസ ബ്രസീല്‍

നെയ്മറില്ലാത്ത ബ്രസീലില്‍ നിന്ന് മറ്റൊരു നെയ്മറാവാനുള്ള കരുത്തുമായിട്ടാണ് ഗബ്രിയേലിന്റെ വരവ്. 2004 ല്‍ തന്നെ ഫുട്‌ബോള്‍ ലോകത്തേക്ക് കടന്നു വന്ന താരത്തിന് നിരവധി ക്ലബുകളില്‍ കളിച്ച പരിചയമുള്ള താരത്തെ സ്വന്തമാക്കുന്നതിനായി ആഴ്‌സണല്‍, പി.എസ്.ജി, ചെല്‍സി, റയല്‍ മാഡ്രിഡ്  ക്ലബുകള്‍ രംഗത്തുണ്ട്.  വേഗതയേറിയ നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ ഞെട്ടിക്കുന്ന താരമാണ് ബാര്‍ബോസ. ബ്രസീലിന്റെ അണ്ടര്‍ 15 ടീമില്‍ കളിച്ചാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇടം നേടിയത്. പിന്നീട് അണ്ടര്‍ 17, 20 ടീമുകളിലും കളിക്കാന്‍ താരത്തിനായി. ബ്രസീലിനായി കളിച്ച ഒരു മത്സരത്തില്‍ ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്. 2013 മുതല്‍ തുടങ്ങിയ ക്ലബ് ഫുട്‌ബോളില്‍ സാന്റോസിനായാണ് കളിക്കുന്നത്.  കോപ്പ സ്വന്തമാക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് പ്രധാന പ്രതീക്ഷ താരത്തിലായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News