2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ദിരയുണ്ടായിരുന്നെങ്കില്‍

 

രാജ്യത്ത് ഫാസിസ്റ്റ് ശക്തികളും വര്‍ഗീയഭ്രാന്തും ഫണം വിരിച്ചാടുമ്പോള്‍, ബുദ്ധിജീവികളെയും സാംസ്‌കാരികപ്രവര്‍ത്തകരെയും കൊന്നൊടുക്കുമ്പോള്‍, ഭരണകൂടം സാമ്പത്തിക മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ഇന്ധനവില കത്തിക്കയറുമ്പോള്‍, അതിര്‍ത്തിയില്‍ ധീരജവാന്മാര്‍ ദിനംപ്രതി വെടിയേറ്റുവീഴുമ്പോള്‍, പൊതുമേഖലാസ്ഥാപനങ്ങളും ബാങ്കുകളും തച്ചുടയ്ക്കപ്പെടുമ്പോള്‍ നാം നഷ്ടബോധത്തോടെ ഓര്‍ത്തുപോകുന്ന ഒരു പേരുണ്ട്, ഇന്ദിരാപ്രിയദര്‍ശിനി…
കാരണം, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച, വിദേശശക്തികള്‍ക്കു മുന്നില്‍ അടിയറവു പറയാതിരുന്ന, സ്വകാര്യകുത്തകകളെ ഭയക്കാതെ ബാങ്ക്‌ദേശസാല്‍ക്കരണമുള്‍പ്പെടെ ധീരതയോടെ നിര്‍വഹിച്ച, നട്ടെല്ലുള്ള പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലാത്തവര്‍ ആ കസേരയിലിരുന്നു കോമാളിത്തങ്ങള്‍ കാട്ടിക്കൂട്ടുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകും ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കില്‍ എന്ന്.
ഇന്ദിരാഗാന്ധിയുടെ 66 വര്‍ഷത്തെ ജീവിതം സംഭവബഹുലമാണ്. ദുരന്തങ്ങളും പ്രതിസന്ധികളും അവരെ വിടാതെ പിന്തുടര്‍ന്നു. കുപ്രസിദ്ധമായ തിഹാര്‍ ജയിലില്‍വരെ അടയ്ക്കപ്പെട്ടു. എന്നാല്‍, എല്ലാ അഗ്നിപരീക്ഷകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള അസമാന്യ ധൈര്യവും തന്റേടവും അവര്‍ക്കുണ്ടായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി അവരാണ്. ഇന്ത്യയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയുണ്ടായിട്ടില്ല. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ഒരൊറ്റ ആണ്‍തരിയേ ഉള്ളൂവെന്നും അത് ഇന്ദിരയാണെന്നുമുള്ള കമന്റുകള്‍പോലും ഉയര്‍ന്നു. അതാണവരുടെ നിസ്തുലവ്യക്തിത്വം.
രാഷ്ട്രീയത്തില്‍ കൊടുമുടി കയറുകയും അഗാധഗര്‍ത്തത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്ത ചരിത്രമാണ് ഈ ഉരുക്കുവനിതയ്ക്കുള്ളത്. 1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികം വൈകാതെ രാഷ്ട്രീയ പൊട്ടിത്തെറികളുണ്ടായി. 69ല്‍ പാര്‍ട്ടി പിളര്‍ന്നു. ഇന്ദിരയെ ഔദ്യോഗികപക്ഷം പുറത്താക്കി. എന്നാല്‍, 1971ലെ തെരഞ്ഞെടുപ്പില്‍ അവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.
ആഴ്ചകള്‍ക്കുള്ളില്‍ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന് ഇന്ദിര പച്ചക്കൊടി കാട്ടി. പാകിസ്താനെതിരേ വിജയം നേടി. തൊട്ടുപിന്നാലെ ആഭ്യന്തര കലാപം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവുകള്‍ അനുസരിക്കരുതെന്നു ജയപ്രകാശ് നാരായണന്‍ പൊലിസിനോടും പട്ടാളത്തോടും ആഹ്വാനം ചെയ്തു. ഇതിനിടെ അലഹാബാദ് കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു വിജയം അസാധുവാക്കുകയും അവരെ അയോഗ്യയാക്കുകയും ചെയ്തു.
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും നിലനില്‍പ്പിനു ഗുരുതരമായ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വിദഗ്‌ധോപദേശപ്രകാരം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് സുപ്രിംകോടതി അടിയന്തരാവസ്ഥാ പ്രഖ്യാപനം ഭരണഘടനാപരമാണെന്നു പ്രഖ്യാപിച്ചതും ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു വിജയം സാധുവാക്കുകയും ചെയ്തതു ചരിത്രം. പരപ്രേരണയോ കോടതിയുത്തരവോ ഇല്ലാതെയാണ് അവര്‍ സ്വമേധയാ അടിയന്തരാവസ്ഥ പിന്‍വലിച്ചത്. 77ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇന്ദിരാഗാന്ധിയെ അവര്‍ തിഹാര്‍ ജയിലിലടച്ചു. വീണ്ടും പീഡനത്തിന്റെ നാളുകള്‍. എങ്കിലും ഇന്ദിര തളരാതെ പോരാടി. 79ലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ചു. ഇത്തവണയും മുള്‍വഴികള്‍ ഏറെയുണ്ടായിരുന്നു. ഏറെക്കാലം രക്തച്ചൊരിച്ചിലുണ്ടാക്കിയ അസം വിദ്യാര്‍ഥി പ്രക്ഷോഭം. അതു ചര്‍ച്ചയിലൂടെ പരിഹരിച്ചു.
അതിനേക്കാള്‍ ഭീകരമായിരുന്നു പഞ്ചാബിലെ ഖലിസ്ഥാന്‍ തീവ്രവാദം. സുവര്‍ണക്ഷേത്രം ആസ്ഥാനമാക്കിയ ഭിന്ദ്രന്‍വാലയെയും കൂട്ടരെയും പട്ടാളനടപടിയിലൂടെ അമര്‍ച്ച ചെയ്തു. ഇതിന്റെ പേരില്‍ ഇന്ദിരാഗാന്ധിക്കു സ്വജീവന്‍ തന്നെ ബലി നല്‍കേണ്ടിവന്നു.
ഓപറേഷന്‍ ബ്ലൂസ്റ്റാറിന്റെ പശ്ചാത്തലത്തില്‍ ഇന്ദിരാഗാന്ധിയുടെ സുരക്ഷാച്ചുമതലയില്‍ നിന്നു സിഖ് ഗാര്‍ഡുകളെ മാറ്റണമെന്നു പലരും ആവശ്യപ്പെട്ടു. താന്‍ മതേതരരാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണെന്നും സാമുദായികവിവേചനം കാട്ടാന്‍ പറ്റില്ലെന്നുമായിരുന്നു അവരുടെ മറുപടി.
പക്ഷേ, ഭയന്നപോലെ തന്നെ സംഭവിച്ചു. 1984 ഒക്‌ടോബര്‍ 31ന് രാവിലെ 9.20 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ന്യൂഡല്‍ഹി സഫ്ദര്‍ജംഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് തൊട്ടടുത്ത് അക്ബര്‍ റോഡിലുള്ള ഓഫിസിലേയ്ക്കു നടന്നുവരുമ്പോള്‍ രണ്ടു സിഖ് സുരക്ഷാ ഭടന്മാര്‍ അവര്‍ക്കുനേരേ വെടിയുതിര്‍ത്തു. മരിക്കുന്നതിനു തൊട്ടു തലേന്ന് ഇന്ദിരാജി പറഞ്ഞ വാക്കുകള്‍ ഇന്നും നമ്മുടെ ഓര്‍മയിലുണ്ട്. ”രാഷ്ട്രസേവനത്തിനിടയില്‍ മരിച്ചാലും ഞാന്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യയെ ശക്തവും സക്രിയവുമാക്കാന്‍ ഉപകരിക്കും.”

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.