ന്യൂഡൽഹി
ഇന്ത്യ ഇസ് റാഈലിൽ നിന്ന് പെഗാസസ് ചാര സോഫ്റ്റ് വെയർ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. പെഗാസസ് കേസിലെ ഹരജിക്കാരനും പൊതുപ്രവർത്തകനുമായ മനോഹർ ലാൽ ശർമയാണ് ഇക്കാര്യമാവശ്യപ്പെട്ട് വീണ്ടും സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ പൊതുപണം ഉപയോഗിച്ചാണ് നിയമവിരുദ്ധമായ ഇടപാട് നടത്തിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ശർമ ഹരജിയിൽ ചൂണ്ടിക്കാട്ടി. 2017ൽ ഇസ് റാഈലിൽ നിന്ന് വലിയതോതിൽ ആയുധം വാങ്ങാൻ കരാറൊപ്പിട്ടതിനൊപ്പമാണ് ഇന്ത്യ പെഗാസസും വാങ്ങിയതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സർക്കാർ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയാണെന്ന് അപേക്ഷയിൽ പറയുന്നു. എന്നാൽ, ഇതു സംബന്ധിച്ച യൂട്യൂബ് റിപ്പോർട്ടിൽ നിന്ന് പെഗാസസ് വാങ്ങിയത് സംബന്ധിച്ച് വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്.
റിപ്പോർട്ടിലെ ഭാഗങ്ങൾ ഇന്ത്യൻ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെഗാസസ് വാങ്ങിയത് പാർലമെന്റിൽ നിന്ന് മറച്ചുവച്ചത് ബി.ജെ.പിക്ക് രാഷ്ട്രീയ ഗുണം ലഭിക്കുകയെന്ന നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടിയാണ്. ഇത് പാർലമെന്റിന്റെ അവകാശ ലംഘനമാണെന്നും അപേക്ഷയിൽ പറയുന്നു. പെഗാസസ് സംബന്ധിച്ച് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രിംകോടതി കഴിഞ്ഞവർഷം ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു. ഈ സമിതി നിലവിൽ പരാതികൾ പരിശോധിച്ചുവരികയാണ്.
Comments are closed for this post.