
വാഷിങ്ടണ്‍: യു.എസില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരിക്കല്‍ കൂടി ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കും ചൈനയ്ക്കും അവരുടെ നിലവിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനാകുമെന്നും ഇക്കാര്യത്തില്‍ സഹായിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും ഇന്ത്യയും വളരെ വലിയ പ്രയാസത്തിലാണെന്ന് എനിക്കറിയാം. അവര്‍ക്കത് പരിഹരിക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ക്ക് എന്തെങ്കിലും സഹായം നല്കാനാവുമെങ്കില് സഹായിക്കുന്നതിന് സന്തോഷമേയുള്ളൂ- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമാണെന്നും വേണമെങ്കില്‍ ഇടപെടാമെന്നും കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും മധ്യസ്ഥത നിരാകരിച്ചിരുന്നു. ഇസ്റാഈലുമായി യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ നയതന്ത്രബന്ധം സ്ഥാപിച്ചത് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു. യു.എസിലെ ജൂതവോട്ടുകള്‍ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.