
ദമ്മാം: ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളിലേക്കുള്ള ഹൗസ് ഡ്രൈവര്‍ വിസ സഊദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹൗസ് ഡ്രൈവര്‍മാര്‍ക്കുള്ള വിസയാണ് തൊഴില്‍ മന്ത്രാലയം മരവിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്കുള്ള വിസകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി വിസയുമായി ബന്ധമുള്ള ഇസ്തിഖ്ദാം ഓഫീസുകളെ ഉദ്ദരിച്ചാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വിസക്കായി സമീപിച്ച സ്വദേശികള്‍ക്ക് പ്രതികൂല മറുപടിയാണ് ഇവിടെ നിന്നും ലഭിച്ചത്.
ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനുവദിക്കപ്പെട്ട ഹൗസ് ഡ്രൈവര്‍ വിസകളുടെ ക്വാട്ട അനുപാതം മറികടന്നതാണ് പുതിയ വിലക്കിനു കാരണം. തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമായി സൂക്ഷിക്കുന്നുണ്ട്. നിശ്ചിത അനുപാതം വിസ അനുവദിച്ചുകഴിഞ്ഞ രാജ്യങ്ങളിലേക്ക് വീണ്ടും വിസ അനുവദിക്കണമെങ്കില്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റംവരണം. ഇത് സമയാസമയങ്ങളില്‍ ഡാറ്റ ബാങ്കില്‍ അപ്ഡേറ്റ് ചെയ്യുന്നതിനാല്‍ എതെങ്കിലും അവസരത്തില്‍ ക്വാട്ട അനുപാതം വീണ്ടും കുറഞ്ഞാല്‍ വീണ്ടും വിസ അനുവദിച്ചേക്കും. എന്നാല്‍ നിലവില്‍ സ്വദേശികള്‍ക്ക് ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരാവുന്നതാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പുതിയ മരവിപ്പിക്കല്‍ നിലവില്‍ വന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നും ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പ്രതിസസിയിലായി. നിലവില്‍ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സ്വദേശികളുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍മാരായി തൊഴിലെടുക്കുന്നുണ്ട്. സ്വദേശികള്‍ക്കിടയില്‍ നല്ല മതിപ്പാണ് മലയാളി ഹൗസ് ഡ്രൈവര്‍മാര്‍ക്ക്. ഇന്ത്യക്കാരെ പോലെ തന്നെ ബംഗ്ലാദേശ്, പാകിസ്താന് പൗരന്മാരെയും ഈ തൊഴിലിനു ഏല്പിക്കാന് സ്വദേശികള്‍ക്ക് താല്പര്യമാണ്.