
റിയോ: ഒളിംപിക്സില്‍ ഒരു മെഡല്‍ എന്ന ഇന്ത്യന്‍ ആഗ്രഹം സാക്ഷിയിലൂടെ സഫലമായെങ്കിലും ലണ്ടനിലേക്കാള്‍ നിരാശയാണ് റിയോയില്‍ ഇന്ത്യയ്ക്ക്. വെങ്കലം എന്ന മെഡല്‍ ഒരു സ്വര്‍ണമെഡല്‍ എന്നതിലേക്കുള്ള ഇന്ത്യന്‍ യാത്രയ്ക്ക് കൊടിപിടിക്കുന്നത് ഇപ്പോള്‍ ബാഡ്മിന്റണ്‍ താരമായ പി.വി സന്ധ്യയാണ്.
ഹൈദരാബാദുകാരിയായ ഈ താരം സൈന നെഹ്വാളിനു ശേഷം ഒളിംപിക് ബാഡ്മിന്റണ്‍ സെമി ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവാന്‍ തയ്യാറായിരിക്കുകയാണ്. തന്നോട് ഏറ്റുമുട്ടുന്ന എതിരാളികളുടെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി കളിച്ചാല്‍ വിജയിക്കാമെന്നതിന്റെ തെളിവാണ് പി.വി സിന്ധുവിന്റെ ചൈനാ താരത്തിനെതിരേയുള്ള വിജയം. ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം കൈവരിച്ചത്. പരുക്കിന്റെ പിടിയിലായിരുന്ന ചൈനീസ് താരത്തിന് നീണ്ട റാലികള്‍ അധികം കളിക്കാനാവില്ലെന്ന് നിരീക്ഷണമാണ് വിജയം സമ്മാനിച്ചതെന്ന് മല്‍സരശേഷം സിന്ധു പറഞ്ഞു. വാശിയേറിയ മല്‍സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 22-20, 21-19.
ക്വാര്‍ട്ടറില്‍ നേടിയ വിജയത്തിന്റെ തുടര്‍ച്ചയാണ് താന്‍ സെമിയിലും ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു. ഇന്ന് വൈകീട്ട് 5.50ന് നടക്കുന്ന സെമിയില്‍ സിന്ധു ലോക മൂന്നാം റാങ്കുകാരിയായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിടും. ഇത് ജയിച്ചാല്‍ ഇന്ത്യയ്ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പിക്കാം.