2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിനൊരുങ്ങി

അസമിനെയും അരുണാചലിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് 9.15 കി.മീറ്റര്‍ നീളം

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. 9.15 കിലോമീറ്റര്‍ നീളമുള്ള ധോല -സാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്. അസമിലെ ഗുവാഹത്തിയില്‍ നിന്ന് 540 കിലോമീറ്റര്‍ അകലെ സാദിയയിലാണ് പാലം തുടങ്ങുന്നത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈയിലെ ബാന്ദ്രവോര്‍ളി കടല്‍പാലത്തേക്കാള്‍ 30 ശതമാനം നീളം കൂടുതലാണ് ധോല -സാദിയ പാലത്തിന്.
പാലം തുറക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂറായി കുറയും. അസമും അരുണാചലും തമ്മില്‍ ബോട്ട് വഴി മാത്രമേ ഇപ്പോള്‍ യാത്രാമാര്‍ഗമുള്ളൂ. പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് അറുതിയാവും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിന്റെ ഭാഗങ്ങളില്‍ വേഗത്തിലും, എളുപ്പത്തിലും പ്രവേശിക്കാന്‍ സൈന്യത്തിനും ഇതുവഴി സാധിക്കും. ടാങ്കുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ നിര്‍മാണം.
2011 ല്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച പാലം ഏകദേശം 950 കോടി രൂപ ചെലവിട്ടാണ് 13 മീറ്റര്‍ വീതിയില്‍ നിര്‍മിച്ചത്. അതിര്‍ത്തി സംസ്ഥാനങ്ങളുമായി റോഡ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015ല്‍ 15,000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പാലത്തിനായി അനുവദിച്ചത്. പാലം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ക്ഷണിച്ചിട്ടുണ്ട്. ഉദ്ഘാടന തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്തമാസം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് വിവരം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.