2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്ത്യന്‍ ഹോക്കിയുടെ നായകനും കാവല്‍ക്കാരനും

ഷാജഹാന്‍ കെ ബാവ

കൊച്ചി: അതിവേഗക്കാരനായി രാജ്യത്തിന്റെ അഭിമാനമാകാന്‍ കൊതിച്ച കുരുന്നു ബാലനെ വിധി നിയോഗിച്ചത് ഹോക്കിയെന്ന കായിക ഇനത്തില്‍ ഗോള്‍ വല കാക്കാനും ഇന്ത്യയെ ഒളിംപിക്‌സില്‍ നയിക്കാനുമുള്ള ദൗത്യം. രാജ്യത്തിനു അഭിമാന മുഹൂര്‍ത്തമൊരുക്കി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച ശ്രീജേഷിനെ ഗോള്‍ വലയ സൂക്ഷിപ്പുകാരനൊപ്പം ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ചുമതലയേല്‍പ്പിക്കാന്‍ വേണ്ടപ്പെട്ടവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 

എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമത്തില്‍ സാധാരണ കര്‍ഷക കുടുംബത്തിലാണ് ശ്രീജേഷ് ജനിച്ചത്. കര്‍ഷകരായ പി.വി രവീന്ദ്രന്റെയും ഉഷയുടെയും മകനാണ് പി .ആര്‍. ശ്രീജേഷ്. സെന്റ് ജോസഫ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നതോടെയാണ് ശ്രീജേഷ് കായിക മികവ് പ്രകടിപ്പിച്ചു തുടങ്ങിയത്. കുതിച്ചോടാന്‍ മറ്റു വിദ്യാര്‍ഥികളെക്കാള്‍ കരുത്തു കാട്ടിയ ശ്രീജേഷിനെ ആദ്യവട്ടം ഓട്ടത്തില്‍ പരിശീലനം നല്‍കാനാണ് അധ്യാപകര്‍ തീരുമാനിച്ചത്. പരിശീലനത്തിലൂടെ വേഗം വര്‍ദ്ധിച്ചതോടെ ലോങ്ങ് ജംപിലും പരിശീലനം തുടര്‍ന്നു. മികച്ച അത്‌ലറ്റായി തുടര്‍ന്ന ശ്രീജേഷിന് തിരുവനന്തപുരത്തെ ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചു. ജി.വി രാജയിലെത്തിയതോടെ ശ്രീജേഷിനു മുന്നില്‍ കായിക ലോകത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറന്നു.

വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ ശ്രീജേഷിനെ ജി.വി രാജയിലെ ഹോക്കി പരിശീലകരായ ജയകുമാറും രാജേഷും ചേര്‍ന്നാണ് ആദ്യമായി ടീം ഇനത്തില്‍ എങ്ങനെ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് പഠിപ്പിച്ചത്. ഹോക്കിയിലെ ബാലപാഠങ്ങള്‍ പഠിച്ച ശ്രീജേഷ് കൊല്ലം ശ്രീനാരായണ കോളജിലെത്തിയതോടെയാണ് കായിക രംഗത്തെ തന്റെ വരവറിയിച്ചത്. നിര്‍ണായക മത്സരങ്ങളില്‍ മിന്നും താരമായി മാറിയ ശ്രീജേഷിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
2004 ല്‍ ദേശീയ ജൂനിയര്‍ ടീമിനൊപ്പം ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ അന്താരഷ്ട്ര മത്സരം കളിച്ചു തുടങ്ങിയ ശ്രീജേഷ് 2016 ല്‍ ലണ്ടനില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ രാജ്യത്തിനു വേണ്ടി വെളളി മെഡല്‍ നേടിയാണ് പടയോട്ടം തുടരുന്നത്. നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായ ശ്രീജേഷ് ഇപ്പോള്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയായി. വിനയമാണ് ശ്രീജേഷിനെ ഉന്നതിയിലെത്തിച്ചതെന്നു പറയാം. പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും പ്രിയങ്കരനായ ശ്രീജേഷിന്റെ നായക പദവി ടീമില്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. മാത്രമല്ല 2014ല്‍ പാകിസ്താനില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ മാനം കാത്ത ശ്രീജേഷിന്റെ മിന്നും പ്രകടനമാണ് രാജ്യത്തിനു റിയോ ഒളിംപിക്‌സിലേക്കുളള വാതില്‍ തുറന്നത്.
അനൂഷയാണ് ശ്രീജേഷിന്റെ ഭാര്യ. മകള്‍ അനുശ്രീ.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.