2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇനി തദ്ദേശ അങ്കത്തിലേക്ക് ഡിസംബര്‍ എട്ട്, 10, 14 തിയതികളില്‍ തെരഞ്ഞെടുപ്പ്

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ട്, 10,14 തിയതികളിലായി നടക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമാക്കാന്‍ തീരുമാനിച്ചത്. വോട്ടെണ്ണല്‍ ഡിസംബര്‍ 16നാണ്. ഇക്കുറി ഒരു മണിക്കൂര്‍ കൂടി അധികം നല്‍കി രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും വോട്ട് ചെയ്യാനുള്ള സമയം. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെ 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
ക്രിസ്തുമസിന് മുന്‍പായി പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന രീതിയ്ക്കാണ് തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കുക. ഈ മാസം 11ന് കാലാവധി അവസാനിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ പിന്നെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ഇന്നലെ മുതല്‍ നിലവില്‍ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലിസ് തയാറാണെന്ന് സംസ്ഥാന പൊലിസ് മേധാവി അറിയിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും സര്‍ക്കാരിന്റേയും അഭിപ്രായം ശേഖരിച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിച്ച് വരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം രണ്ടു ലക്ഷം ജീവനക്കാരെ കമ്മിഷന്‍ നിയോഗിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
1995 മുതല്‍ നടന്ന അഞ്ചു തദ്ദേശ തെരഞ്ഞെടുപ്പുകളും രണ്ടു ദിവസങ്ങളിലായാണു നടന്നത്. ആദ്യ മൂന്നു തെരഞ്ഞെടുപ്പുകള്‍ സെപ്റ്റംബറിലും 2010 ലേത് ഒക്ടോബര്‍ അവസാന വാരവും കഴിഞ്ഞ തവണ നവംബര്‍ ആദ്യവാരവുമാണു നടന്നത്.

കൊവിഡ് രോഗികള്‍ക്ക്
തപാല്‍ വോട്ട്;
പി.പി.ഇ കിറ്റും
പരിഗണനയില്‍

ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും കൊവിഡ് ബാധിച്ചവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ഇവര്‍ക്ക് പോസ്റ്റല്‍ വോട്ടിനു സൗകര്യമുണ്ട്. പോളിങിനു മൂന്നു ദിവസം മുന്‍പ് അപേക്ഷിക്കണം. താപാല്‍ വഴിയോ നേരിട്ടോ ബാലറ്റ് എത്തിക്കാം.
പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനാകുമോ എന്ന് കാര്യവും പരിശോധിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരത്തിനിടെ സ്ഥാനാര്‍ഥി കൊവിഡ് പോസിറ്റീവായാല്‍ പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ ശാരീരിക അകലം എന്നിവ നിര്‍ബന്ധമാണ് .

മൂന്നു ഘട്ടമാക്കിയത്
പൊലിസ് നിര്‍ദേശത്തെ തുടര്‍ന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താന്‍ തീരുമാനിച്ചത് പൊലിസിന്റെ നിര്‍ദേശം അനുസരിച്ച്. കൊവിഡ് ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ കടുത്ത നിയന്ത്രങ്ങളായിരിക്കും ഇക്കുറി പോളിങ് ബൂത്തിലുണ്ടാവുക. ഈ സാഹചര്യത്തില്‍ പൊലിസിന്റെ സേവനം വ്യാപകമായി വേണ്ടി വരും. എന്നാല്‍ നിലവില്‍ കൊവിഡ് ഡ്യൂട്ടിയുടെ അധിക ചുമതലയുള്ള പൊലിസുകാര്‍ക്ക് ഇതിനൊപ്പം തെരഞ്ഞെടുപ്പ് ചുമതലകളും പോളിങ് ഡ്യൂട്ടിയും കൂടി വന്നാല്‍ ബുദ്ധിമുട്ടാവും എന്ന് പൊലിസ് മേധാവി തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറെ അറിയിച്ചുവെന്നാണ് സൂചന. ഇതോടെയാണ് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് ഭീഷണി മൂലം രണ്ട് ഘട്ടമായി നിശ്ചയിച്ച തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമാക്കുന്നതോടെ പൊലിസ് വിന്യാസം ആവശ്യത്തിനുണ്ടാവും എന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകൂട്ടല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.