
കുഞ്ഞന്‍ കാറായ നാനോയെ കറന്റിലോടിച്ചാല് എങ്ങനെയിരിക്കും. ടാറ്റാ മോട്ടോഴ്സും ഇതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. കാരണം കമ്പനി ഇതേക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നാനോയുടെ ഇലക്ട്രിക് പ്രോട്ടോടൈപ്പ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ആദ്യമായാണ് ഈ ഫോട്ടോകള്‍ പുറത്തുവരുന്നത്.
സാധാരണ പെട്രോള്‍ മോഡലില്‍ നിന്ന് പറയത്തക്ക വ്യത്യാസമൊന്നും ഇലക്ട്രിക് മോഡലിനില്ല. ആകെയുള്ള മാറ്റം പിറകില്‍ ഇടതുവശത്തെ വീല്‍ ആര്‍ച്ചിന് മുകളിലായി കാണുന്ന ഇലക്ട്രിക് ചാര്‍ജിങ് സോക്കറ്റ് ആണ്. നിലവില്‍ എന്ജിന് സ്ഥിതിചെയ്യുന്ന പിറകുവശത്ത് തന്നെയാണ് ഇലക്ട്രിക് മോട്ടോറിന്റെയും സ്ഥാനം. ബാറ്ററി എന്ജിന് മുന്‍വശത്തായാണ്. അതുകൊണ്ടു തന്നെ നിലവിലുള്ള നാനോയുടെ റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ട് നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുണ്ട്.
ചാര്‍ജ് സംഭരിച്ചുവയ്ക്കാനുള്ള ബാറ്ററികള്‍ കാരണം ഇലക്ട്രിക് നാനോയുടെ ഭാരം വര്‍ധിച്ചിട്ടുണ്ട്. വീല്‍ ആര്‍ച്ചിനും ടയറിനും ഇടയിലുള്ള ഗ്യാപ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നാനോ എ.എം.ടിയാണ് നിലവിലുള്ള നാനോമോഡലില് ഏറ്റവും ഭാരം കൂടിയത്. എന്നാല്‍ ബാറ്ററിയുടെ ഭാരം താങ്ങേണ്ടി വരുന്നതുകാരണം ഇലക്ട്രിക് കാറിന്റെ സസ്പെന്ഷന് കൂടുതല്‍ ചുരുങ്ങിയാണ് ഇരിക്കുന്നത്. കാര്‍ വിപണിയിലെത്തുമ്പോള്‍ ബാറ്ററിയുടെ അധിക ഭാരം താങ്ങുന്നതിനായി സസ്പെന്‍ഷനിലും അതിനുസരിച്ച് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഏതായാലും ഇലക്ട്രിക് കാറിന് വില കൂടുതലായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
നിലവില്‍ രാജ്യത്തെ ചില നഗരങ്ങളില്‍ നടപ്പിലാക്കിയ ഡീസല്‍ വാഹന നിരോധനത്തെതുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയാണ്. കൂടാതെ കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന് പ്ളാന്‍ 2020 പ്രകാരമുള്ള എക്സൈസ് ഡ്യൂട്ടി ഇളവുകള്‍ക്കും സബ്സിഡികള്‍ക്കും നിരത്തിലെത്തുന്നതോടെ ഇലക്ട്രിക് നാനോ അര്ഹമായിതീരുകയും ചെയ്യും.
ഇലക്ട്രിക് മോഡലുകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉള്ള വിദേശ വിപണിയിലും അവസരങ്ങളുണ്ടാകും. എന്നാല്‍ പരീക്ഷണ ഘട്ടത്തില്‍ മാത്രമാണ് ഇപ്പോഴും കാര്‍ ഉള്ളത്. നെക്സോണ്‍ എസ്. യു. വി ഉള്‍പ്പെടെയുള്ള നിരവധി മോഡലുകള്‍ പുറത്തിറക്കുന്ന തിരക്കിലായ ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് നാനോ നിരത്തിലിറക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ.