2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇതെന്റെ എസ്എഫ്‌ഐ അല്ല, എന്റെ എസ്എഫ്‌ഐ ഇങ്ങനെ അല്ല’

വി.ടി ബല്‍റാം

അമാനവരും എക്‌സ് എസ്എഫ്‌ഐക്കാരുമൊക്കെ ആക്ഷേപിക്കുന്നതുപോലെ, എസ്എഫ്‌ഐ നേതൃത്വം അല്ലെന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് പോലെ, യൂനിവേഴ്‌സിറ്റി കോളജിലേത് അടിസ്ഥാനപരമായി ഒരു സദാചാരപ്പോലീസിങ് പ്രശ്‌നമല്ല, സമഗ്രാധിപത്യ പ്രവണതയുടെ പ്രശ്‌നമാണ്. അത് യൂണിവേഴ്‌സിറ്റി കോളേജിലേത് മാത്രമായ പ്രശ്‌നവുമല്ല, എല്ലാ എസ്എഫ്‌ഐ പാര്‍ട്ടി കോളജുകളിലേയും പൊതു സാഹചര്യമാണ്.

ഞങ്ങളുടെ കോട്ടയില്‍ കയറിവരാന്‍ നീയാരെടാ എന്ന കമ്മ്യൂണിസ്റ്റ് മനോഭാവമാണ് എല്ലാറ്റിന്റേയും തുടക്കം. വിദ്യാര്‍ത്ഥിനീ സുഹൃത്തുക്കളോട് സംസാരിക്കാന്‍ വന്ന ചെറുപ്പക്കാരനെ മര്‍ദ്ദിച്ച് നാനാവിധമാക്കി ഓടിച്ചു എന്നേയുള്ളൂ, വ്യത്യസ്ത രാഷ്ട്രീയം പ്രചരിപ്പിക്കാനോ മറ്റോ വേണ്ടിയായിരുന്നു വന്നതെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ക്രൂരമാവുമായിരുന്നു സമീപനം എന്നുറപ്പ്. അതുകൊണ്ടുതന്നെ ‘ഇതെന്റെ എസ്എഫ്‌ഐ അല്ല, എന്റെ എസ്എഫ്‌ഐ ഇങ്ങനെ അല്ല’ എന്ന മട്ടിലുള്ള എക്‌സ്‌കാരുടെ അയവിറക്കലുകള്‍ വെറും നാട്യം മാത്രമാണ്. എസ്എഫ്‌ഐ എന്നും, മിക്കവാറും എല്ലായിടത്തും, ഇങ്ങനെത്തന്നെയായിരുന്നു.

‘ഞങ്ങളെ എന്തിന് തല്ലി’ എന്ന് എസ്എഫ്‌ഐക്കാരായ ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ചോദിക്കുന്നതിന് മുന്‍പ് എത്രയോ
ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇതേ ചോദ്യം ഇതേ ക്യാമ്പസില്‍ ഉയര്‍ത്തേണ്ടിവന്നിട്ടുണ്ട്. പാസ്റ്റര്‍ നീമോളറുടെ അനുഭവം പോലെ ഒടുവിലവര്‍ എസ്എഫ്‌ഐക്കാരിലെത്തന്നെ ചിലരെ തേടിയെത്തിയെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തേത് ഒരു കപടസദാചാരവിഷയമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് എസ്എഫ്‌ഐ നേതൃത്വത്തെ സംബന്ധിച്ച് ഒരുകണക്കില്‍ അനുഗ്രഹമാണ്.

‘സമൂഹത്തിലുള്ള പൊതുബോധങ്ങള്‍ ഞങ്ങളുടെ ചില അണികളും പങ്ക് വെക്കുന്നുണ്ടാവും, അതില്‍ സംഘടനക്ക് എന്ത് ചെയ്യാന്‍ കഴിയും’ എന്നൊക്കെ ചോദിച്ച് അയ്യോപാവം നടിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നതും അതുകൊണ്ട് മാത്രമാണ്. നില്‍ക്കക്കള്ളിയില്ലാതെ നേതാക്കള്‍ക്ക് പുറപ്പെടുവിക്കേണ്ടിവന്ന ആ പ്രസ്താവന കേള്‍ക്കുമ്പോഴേക്ക് ‘ഇതാണ് സഖാവേ നിലപാട്’, ‘അഭിമാനം തോന്നുന്നു ഞങ്ങളുടെ പഴയ സംഘടനയെ ഓര്‍ത്ത്’ എന്നൊക്കെപ്പറഞ്ഞ് രോമാഞ്ചം കൊള്ളുന്നവരുടെ നിഷ്‌കളങ്കത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ ദൂരെയാണ്.

അതുകൊണ്ട് എസ്എഫ്‌ഐക്കാര്‍ക്ക് സദാചാരത്തെ സംബന്ധിച്ച ശരിതെറ്റുകളെക്കുറിച്ച് മാത്രമല്ല ബോധവല്‍ക്കരണം വേണ്ടത്, ശരിയായാലും തെറ്റായാലും, സദാചാരവിഷയങ്ങളിലായാലും രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യ കാര്യത്തിലായാലും, കൈക്കരുത്ത് പ്രകടിപ്പിക്കാനും സംഘബലത്തിന്റെ തിണ്ണമിടുക്ക് കാണിക്കാനും നിങ്ങള്‍ക്കവകാശമില്ല എന്ന ജനാധിപത്യബോധം അവരില്‍ അല്‍പ്പമെങ്കിലും ഉത്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് താത്പര്യമുള്ളവര്‍ പരിശ്രമിക്കേണ്ടത്, പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാവുമെന്ന് പ്രതീക്ഷയൊന്നും വേണ്ടെന്ന് മാത്രം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.