2021 March 09 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നരകജീവിതം; ഒപ്പം നാട്ടുകാര്‍ക്ക് ഭീഷണിയും

 

ഫറോക്ക്: താമസസ്ഥലങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നരകജീവിതം. പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ തമാസിപ്പിക്കുന്നത് നാട്ടുകാര്‍ക്കും തലവേദനയാകുന്നു. ചെറുകിടക്കാര്‍ മുതല്‍ വന്‍വ്യവസായികള്‍ വരെ തകരകൊണ്ടും മറ്റുമുണ്ടാക്കിയ ഷെഡ്ഡുകളിലാണ് ഇവരെ താമസിപ്പിക്കുന്നത്. നിന്നുതിരിയാന്‍ ഇടമില്ലാത്ത കുടുസു മുറികളില്‍ പത്തും ഇരുപതും പേരാണ് കൂട്ടത്തോടെ താമസിക്കുന്നത്.
ആയരിക്കണക്കിനു ഇതരസംസ്ഥാന തൊഴിലാളികളുള്ള ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂര്‍, നല്ലളം മേഖലയില്‍ ഇവരുടെ താമസസ്ഥലങ്ങളിലെ സ്ഥിതി പരമദയനീയമാണ്. ചെറുതും വലുതമായി നൂറ് കണക്കിനു ചെരുപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ചെറുവണ്ണൂര്‍, നല്ലളം, ഫറോക്ക് എന്നിവടങ്ങളില്‍ മാത്രം ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലമാണെങ്ങും. വലിയ മാസവാടകയ്ക്ക് ഇടുങ്ങിയ പീടികമുറികളില്‍ പോലും പത്ത് മുതല്‍ അമ്പത് വരെ തൊഴിലാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇത്രയും പേര്‍ക്കുള്ള ശുചിമുറിയോ കക്കൂസോ താമസ്ഥലങ്ങളില്‍ ഒരുക്കിയിട്ടുമില്ല. തൊഴിലാളികള്‍ പ്രഭാതത്തില്‍ ഒഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകള്‍ക്കു സമീപവും പോയി കാര്യങ്ങള്‍ സാധിക്കുകയാണ്. ഇത് വലിയ മലിനീകരണ-ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ചില ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ രാത്രിയില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മൂത്രമൊഴിച്ചു സമീപത്തെ വീടുകളുളള പറമ്പിലേക്ക് എറിയുന്നത് തര്‍ക്കങ്ങള്‍ക്കുമിടയാക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊളത്തറയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യംപില്‍ നിന്നും മലിനജലം സമീപത്തെ തണ്ണീര്‍ത്തടത്തിലേക്ക് ഒഴുക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. താമസസ്ഥലത്ത് മലിന ജലസംഭരണി നിറഞ്ഞതിനാല്‍ പമ്പ് വച്ചാണ് ജലസ്രോതസ്സിലേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇതിനെ നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
യാതൊരു സുരക്ഷാ മുന്‍കരതുലകളുമില്ലാത്ത താമസസ്ഥലങ്ങള്‍ തൊഴിലാളികളുടെ ജീവനു തന്നെ ഭീഷണിയാവുകയാണ്. മൂന്ന് മാസം മുന്‍പാണ് ചെറുവണ്ണൂര്‍ സ്രാമ്പ്യയില്‍ താമസസ്ഥലത്തു നിന്നും ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചത്. രാത്രി ബാത്ത്‌റൂമില്‍ പോകുന്നതിനിടെ ലൈറ്റിനായി ഫ്‌ളഗില്‍ നിന്നും കുത്തിവലിച്ച പ്ലാസ്റ്റിക് വയറില്‍ നിന്നും ഷേക്കേറ്റായിരുന്നു മരണം. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റും ജോലിയെടുക്കുന്ന അമ്പതിനടുത്താളുകളാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. താമസസൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒഴുപ്പിക്കല്‍ ഭീഷണിയാണ് ഉടമയുടെ മറുപടി. ഒരുസംഘം പോയാല്‍ മറ്റൊരു സംഘം വരുമെന്നുറപ്പുളളതിനിലാണ് ഉടമകള്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലുമൊരുക്കാത്തത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനലുകളും നിരവധിയാണ്. കഴിഞ്ഞ ദിവസം മാറാട് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ഒഡീഷ സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കോടമ്പുഴ, കൊളത്തറ, റഹ്മാന്‍ബസാര്‍ എന്നിവടങ്ങളില്‍ നാട്ടുകാരുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.
മദ്യപിച്ചെത്തി പാതിരാത്രിയില്‍ പുറത്തിറങ്ങി വീടുകളിലും മറ്റും കയറി പ്രശ്‌നങ്ങളുണ്ടാക്കുന്നതായി നിരവധി പരാതിയാണുള്ളത്. ചില സ്ഥലങ്ങളില്‍ ശല്യം സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ കമ്പനി ഉടമകളുമായി ആലോചിച്ചു തൊഴിലാളികള്‍ക്ക് തിരിച്ചറയില്‍ കാര്‍ഡും പുറത്തിങ്ങുന്നതിനു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിയമാനുസരണമുളള യാതൊരു നടപടികളും കെട്ടിട ഉടമകളും പാലിക്കുന്നില്ല. എല്ലാ തൊഴിലാളികളുടെയും കൃത്യമായ രേഖകള്‍ പൊലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്നാണ് നിയമമെങ്കിലും ആരും ചെവികൊളളുന്നില്ല.
നേരത്തെ ജില്ലാ വികസന സമിതി ഇതരസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം കണ്ടെത്തി കെട്ടിട ഉടമകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതും കാര്യമായി നടപ്പിലാക്കിയിട്ടില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.