2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇടുക്കിയില്‍ കനത്ത മഴ; മലങ്കര അണക്കെട്ട് തുറന്നുവിട്ടു

തൊടുപുഴ: ജില്ലയില്‍ മഴ ശക്തിപ്പെട്ടു. ഇന്നലെ വൈകുന്നേരം ജില്ലയുടെ പല ഭാഗത്തും ശക്തമായ കാറ്റും ഇടിയോടു കൂടിയ കനത്ത മഴയും പെയ്തു. നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.
കനത്ത മഴയേത്തുടര്‍ന്ന് സംഭരണശേഷി കവിഞ്ഞ മലങ്കര അണക്കെട്ട് ഇന്നലെ തുറന്നുവിട്ടു. രണ്ടു ഷട്ടറുകളാണ് തുറന്നത്. 30 സെന്റീമീറ്റര്‍ അളവിലാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ ജലനിരപ്പ് 41.90 മീറ്ററാണ്. ഞായാറാഴ്ച വൈകിട്ട് ശക്തമായ മഴയെ തുടര്‍ന്ന് ഒരു ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. പിന്നീട് ഇന്നലെ വീണ്ടും മഴയെത്തിയതോടെ വൈകീട്ട് ഈ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയായിരുന്നു.
ജലനിരപ്പ് ക്രമീകരിക്കാനാകാതെ വന്നതോടെ ഒരു ഷട്ടര്‍ കൂടി പിന്നാലെ ഉയര്‍ത്തി. മൂലമറ്റം പവര്‍ഹൗസില്‍ പരമാവധി വൈദ്യുതി ഉല്‍പാദനം നടക്കുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ആഴ്ചകളായി ഉയര്‍ന്ന് നില്‍ക്കുകയാണ്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ ഇന്ന് രാവിലെ ഏഴിന് 10 ക്യുമെക്‌സ് തുറന്നു വിടും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.റവന്യൂ വകുപ്പിനു പുറമെ പൊലിസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, വനം തുടങ്ങി വിവിധ വകുപ്പുദ്യോഗസ്ഥരോട് ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ജില്ലയ്ക്ക് നേരിട്ട വലിയ കെടുതികള്‍ കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം ജാഗ്രതയും മുന്‍കരുതലുമൊരുക്കുന്നത്.
മഴയോടൊപ്പം കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. അതീവ ജാഗ്രത പാലിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.താലൂക്ക് ഓഫീസുകള്‍ കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിക്കും. പ്രകൃതി ക്ഷോഭ നിവാരണ വിഭാഗത്തിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് പലയിടങ്ങളിലും വെദ്യുതി വിതരണവും താറുമാറായി. രാത്രിയില്‍ പോലും പല സ്ഥലത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. ഇത്തവണ മഴ ശക്തിപ്പെട്ടാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടത്തിന്റെ തീവ്രത കുറയ്ക്കാനാണ് ജില്ലാ ഭരണകൂടം ജാഗ്രത പുലര്‍ത്തുന്നത്.
കഴിഞ്ഞ മഴക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ 3061 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 7, 62,74,157 രൂപയുടെ നഷ്ടമുണ്ടായി. 1535 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 55,35,51,000 രൂപയുടെ നഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നു. ഇതിന്റെയൊന്നും പുനര്‍നിര്‍മാണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെയാണ് അടുത്ത ശക്തമായ മഴ.
അടിക്കടി ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രൃകൃതി ദുരന്തങ്ങളും മറ്റ് കാല വര്‍ഷക്കെടുതികളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ സേനയുടെ യൂണിറ്റ് ജില്ലാ ആസ്ഥാനത്ത് സ്ഥാപിക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ല ഇടുക്കിയായതിനാലാണ് കഴിഞ്ഞ പ്രളയകാലത്ത് ഈ ആവശ്യം ശക്തിപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.