2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇടത് അവകാശവാദങ്ങള്‍ക്ക് മേല്‍ക്കോയ്മ പ്രതിപക്ഷത്തിന്റെ മുഖം മാറുമോ?

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരേ ജനവികാരമില്ലെന്ന സൂചന. കൊവിഡിനെ കരുതലോടെ പ്രതിരോധിച്ച, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിയ സര്‍ക്കാരെന്ന ഇടതുമുന്നണിയുടെ അവകാശവാദത്തെ ഒരു പരിധി വരെയെങ്കിലും ജനങ്ങള്‍ അംഗീകരിക്കുന്നതാണ് ജനവിധിയില്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ ഔദ്യോഗിക വസതിയിലൊതുങ്ങിയതും ഒരു ഘട്ടത്തില്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. എന്നാല്‍ അവസാനഘട്ട തെരഞ്ഞെടുപ്പിനു മുന്‍പ് അഞ്ചു ദിവസം കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രചാരണം വിലയിരുത്താനിറങ്ങി അദ്ദേഹം പ്രതിപക്ഷത്തിന്റെ വായടപ്പിച്ചു.
മെയ്യനങ്ങാതെ ഇരുന്നാലും ഭരണവിരുദ്ധ തരംഗമുണ്ടായാല്‍ ഈസിയായി അധികാരത്തില്‍ വരാമെന്ന ചിന്ത ഇനി ഒരു പാര്‍ട്ടിക്കും വേണ്ടെന്ന മുന്നറിയിപ്പും ഈ തെരഞ്ഞെടുപ്പ് നല്‍കുന്നു. മൂന്നു മുന്നണികള്‍ ശക്തിയോടെ മത്സരിക്കുമ്പോള്‍ ഭരണവിരുദ്ധത പ്രതിപക്ഷത്തുള്ള രണ്ടു മുന്നണികള്‍ക്കായി വിഭജിക്കപ്പെടും എന്നതു തന്നെ കാരണം. ബി.ജെ.പി കേരളത്തില്‍ ശക്തമാവുന്നത് ആര്‍ക്കാണ് നേട്ടമാവുക, ആര്‍ക്കാണ് കോട്ടമാവുക എന്ന വ്യക്തമായ മുന്നറിയിപ്പും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കി. പ്രത്യേകിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍. കേവലം പത്തിലേക്ക് മെലിഞ്ഞ യു.ഡി എഫിന് ഇതിലും വലിയ തോല്‍വി സംഭവിക്കാനില്ല.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു നേരെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു നേരെയും വിരല്‍ ചൂണ്ടുന്ന ജനവിധിയാണുണ്ടായത്. ഭരണമുന്നണിക്കെതിരേ ജയിച്ചുകയറാന്‍ വാനോളം അവസരങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും വോട്ടാക്കിമാറ്റാന്‍ യു.ഡി.എഫിനു കഴിഞ്ഞില്ല. പരാജയപ്പെട്ട നേതൃത്വം അതിനു മറുപടി പറയേണ്ടിവരും. പാളിച്ച പറ്റിയത് സ്ഥാനാര്‍ഥി നിര്‍ണയത്തിലോ പ്രവര്‍ത്തനത്തിലോ വിമതശല്യത്തിലോ നേതാക്കളുടെ ഐക്യമില്ലായ്മയിലോ എന്നത് ആ പാര്‍ട്ടി തന്നെ കണ്ടെത്തേണ്ടതാണ്. ഗ്രൂപ്പിസത്തിനും അഭിപ്രായഭിന്നതകള്‍ക്കും പഞ്ഞമില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി നേതൃസ്ഥാനങ്ങളില്‍ മുഖംമാറ്റമുണ്ടാവുമോ എന്ന് ഇനി കാത്തിരുന്നു കാണാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.