2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇങ്ങനെ പോയാല്‍ മന്ത്രിക്കസേര തെറിക്കും

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്ന ഒരു സാഹചര്യവും അനുവദിക്കാനാവില്ലെന്ന് ഐ.എന്‍.എല്ലിനോട് സി.പി.എം. ഇങ്ങനെ പോയാല്‍ അഹമ്മദ് ദേവര്‍കോവിലിനോടു മന്ത്രിസ്ഥാനമൊഴിയാന്‍ ആവശ്യപ്പെടേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ഐ.എന്‍.എല്‍ നേതാക്കളെ അറിയിച്ചു.
ഐ.എന്‍.എല്ലിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ തുടരുന്ന കാര്യം പരിശോധിക്കേണ്ടിവരുമെന്നും സി.പി.എം നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ പി.എസ്.സി അംഗത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ശക്തമായ താക്കീതാണ് ഐ.എന്‍.എല്ലിനു സി.പി.എം നല്‍കിയിരുന്നത്. ഇങ്ങനെ പോയാല്‍ ഇടതുമുന്നണിയിലുണ്ടാവില്ലെന്നും അന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഐ.എന്‍.എല്‍ മന്ത്രിയെ പിന്‍വലിച്ചു പകരം കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി ഗണേശ്കുമാറിനെ മന്ത്രിയാക്കാനുള്ള ആലോചനയും സി.പി.എം തുടങ്ങിയിട്ടുണ്ട്. ഐ.എന്‍.എല്‍ പിളര്‍ന്നാലും ഇല്ലെങ്കിലും മുന്നണിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും സി.പി.എം നേതാക്കള്‍ക്കിടയിലുണ്ട്.
ഐ.എന്‍.എല്ലിനെ പിളര്‍ത്തി ഒരു പക്ഷത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കി നിര്‍ത്തുന്ന കാര്യം സി.പി.എം ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ല. ഐ.എന്‍.എല്ലിനെ മുന്നണിയില്‍നിന്ന് ഒഴിവാക്കിയാലും സര്‍ക്കാരിന് ഒരു പോറലുമേല്‍ക്കില്ല. നിരന്തരം പ്രശ്‌നങ്ങളുമായി മുന്നോട്ടുപോകുന്ന പാര്‍ട്ടിയെ മുന്നണിയില്‍ ചുമക്കുന്നതു ഗുണകരമല്ലെന്ന അഭിപ്രായമാണ് ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കുമുള്ളത്. ഈ ആഴ്ച തന്നെ മുന്നണി യോഗം വിളിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ആലോചനയും സി.പി.എമ്മില്‍ നടക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.