മലപ്പുറം: പി.എസ്.സി ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയുടെ പുതിയ പട്ടികയില്‍ സംവരണ അട്ടിമറിയെന്ന പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്ത്. പ്രധാന പട്ടികയും സപ്ലിമെന്ററി പട്ടികയും ചേര്‍ത്ത് ഇംഗ്ലീഷ് ലക്ചറര്‍ ലിസ്റ്റ് തയാറാക്കുന്നതിനുള്ള പി.എസ്.സി തീരുമാനമാണ് ആദ്യ ലിസ്റ്റില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികള്‍ക്കു തിരിച്ചടിയാകുന്നത്.
സപ്ലിമെന്ററി ലിസ്റ്റില്ലാതെ ഷോര്‍ട്ട് ലിസ്റ്റാകും ലക്ചറര്‍ തസ്തികയ്ക്കു പരിഗണിക്കുന്നത്. ഭാഷാ പരീക്ഷകള്‍ക്കു രണ്ടുഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. 2014ല്‍ നടന്ന ആദ്യഘട്ട പരീക്ഷയുടെ അടിസ്ഥാനത്തില്‍ 2015 ഓഗസ്റ്റിലാണ് ഇതിന്റെ മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകള്‍ പുറത്തുവന്നത്. നാല്‍പത്തിയെട്ടു മാര്‍ക്കാണ് കട്ട്ഓഫ് മാര്‍ക്ക് നിശ്ചയിച്ചിരുന്നത്. ഇതിനു താഴെയുള്ള സംവരണ വിഭാഗക്കാരാണ് സപ്ലിമെന്ററി ലിസ്റ്റിലുള്ളത്.
എന്നാല്‍ മെയിന്‍, സപ്ലിമെന്ററി ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ഏപ്രില്‍ 25നു രണ്ടാംഘട്ട പരീക്ഷ നടന്നു. 599 പേരാണ് ഇംഗ്ലീഷ് ലക്ചറര്‍ ഓണ്‍ലൈന്‍ പരീക്ഷ എഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സപ്ലിമെന്ററി ലിസ്റ്റില്ലാതെ എല്ലാവരേയും ഉള്‍പ്പെടുത്തി ഷോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം.
നേരത്തെ മലയാളം ലക്ചറര്‍ തസ്തികയുടെ രീതിയിലാണ് ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലെ ലിസ്റ്റ് തയാറാക്കുന്നത്. ആദ്യ പരീക്ഷയില്‍ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട സംവരണ വിഭാഗത്തിലുള്ളവര്‍ മെയിന്‍ ലിസ്റ്റില്‍ ഇടം പിടിക്കുന്നതോടെ ഇരട്ട സംവരണത്തിനു കാരണമാകുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
സംവരണ നടപടികള്‍ അട്ടിമറിക്കുമെന്നതിനാല്‍ തങ്ങളുടെ അവസരനഷ്ടത്തിനു പുതിയ പട്ടിക കാരണമാവുമെന്ന് ആദ്യലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്കു പരാതിയുണ്ട്.
അതേസമയം, നേരത്തെ എസ്.ഐ ലിസ്റ്റില്‍ സുപ്രിംകോടതി അനുകൂല വിധിയും മലയാളം തസ്തികയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്നുള്ള നിര്‍ദേശവുമാണ് ലിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എസ്.ഐ ലിസ്റ്റിനു മാത്രം ബാധകമായ വിധി ഇതിനുകൂടി ഉപയോഗിക്കരുതെന്നു കാണിച്ചു കോടതിയെ സമീപിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സംസ്ഥാനത്ത് 66 ഒഴിവുകളാണ് ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്കു പി.എസ്.സി റിപ്പോര്‍ട്ട് ചെയ്തത്.
Comments are closed for this post.