2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആഹാര പദാര്‍ഥങ്ങള്‍: ഗുണങ്ങളും അപകട സാധ്യതകളും

നാം അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന പല ആഹാര സാധനങ്ങളും രോഗങ്ങളും അപകട സാധ്യതകളും വിളിച്ചുവരുത്തുന്നവയാണ്.

പഞ്ചസാര

പഴയകാലത്തെ പതിവനുസരിച്ച്, കരിമ്പിന്‍ നീരില്‍നിന്നും ശര്‍ക്കര വറ്റിച്ചെടുത്ത് അങ്ങനെതന്നെ ഉപയോഗിക്കുകയായിരുന്നു. പ്രത്യേകിച്ചൊരു സംസ്‌കരണവും നടന്നിരുന്നില്ല. മധുരം എന്നാല്‍ ശര്‍ക്കരയായിരുന്നു. പഞ്ചസാര പ്രയോഗം തീരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്, ശര്‍ക്കരയേക്കാള്‍ കൂടുതല്‍ പ്രചാരം പഞ്ചസാരയ്ക്കാണ്.

 

അതാകട്ടെ, പലവിധ രാസവസ്തുക്കളുടെ സഹായത്തോടെയാണ് ഉത്പ്പാദിപ്പിക്കപ്പെടുന്നത്. കരിമ്പിന്‍ നീരില്‍ സ്വാഭാവികമായുള്ള പോഷകങ്ങള്‍, ഈ രാസപ്രക്രിയകള്‍ക്കിടയ്ക്ക് നഷ്ടമാവുന്നു, അവശേഷിക്കുന്ന പഞ്ചസാരയാകട്ടെ, തീരെ ഗുണമേന്മയില്ലാത്തതാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, പഞ്ചസാരയ്ക്ക് കൊടുത്തിട്ടുള്ള പേര് ‘ലാു്യേ രമഹീൃശല’െ എന്നാണ്. അതായത് ഒന്നിനും കൊള്ളാത്ത ഊര്‍ജം എന്ന്, കാരണം ധാതുലവണങ്ങളോ ജീവകങ്ങളോ അതില്‍ അടങ്ങിയിട്ടില്ല.
എന്നാല്‍ ചില പ്രത്യേക പഴങ്ങളിലും പച്ചക്കറികളിലും പ്രകൃതിതന്നെ പഞ്ചസാര കരുതലോടെ സംഭരിച്ചുവെച്ചിട്ടുണ്ട്. അതുപോലെതന്നെ പാലിലും അതില്‍നിന്നുണ്ടാക്കുന്ന വിഭവങ്ങളിലും പഞ്ചസാരയുടെ ധാതു സ്വതവേ ഉള്‍ചേര്‍ന്നിരിക്കുന്നു.

 

ഈ പഞ്ചസാരയും നമ്മള്‍ കൃത്രിമമായി സംസ്‌കരിച്ചെടുക്കുന്ന പഞ്ചസാരയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. പലവിധ ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും ഈ പഞ്ചസാരയാണല്ലൊ നമ്മള്‍ പതിവായി ചേര്‍ത്തുവരുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്, ഈ കൃത്രിമ പഞ്ചസാര പലവിധ ഹൃദ്രോഹങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ്. രക്തധമനികള്‍ക്കു കനം വെക്കുക മുതലായ രോഗങ്ങള്‍ അവയില്‍ ചിലതുമാത്രം. അതുകൊണ്ട് പഞ്ചസാരയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹം, ശരീരത്തില്‍ ജീവകങ്ങളുടെ കുറവ് തുടങ്ങിയ ദോഷകരമായ പല അവസ്ഥകള്‍ക്കും പഞ്ചസാര ഹേതുവാകുന്നുണ്ട്.

ശര്‍ക്കര

 

പ്രാചീനകാലം മുതലേ നമ്മള്‍ ഉപയോഗിച്ചുവരുന്നത് ശര്‍ക്കര യാണ്, ശര്‍ക്കരയെ അസംസ്‌കൃത പഞ്ചസാര എന്നും പറയാം. ഇന്ത്യയിലും, ദക്ഷിണേഷ്യയിലും ശര്‍ക്കര മധുരത്തിനായി പരക്കേ ഉപയോഗിച്ചിരുന്നു. കരിമ്പിന്‍ചാറില്‍ സഹജമായുള്ള ജീവകങ്ങളും, ധാതുലവണങ്ങളും അതേപടി ശര്‍ക്കരയിലും കാണാം. അതുകൊണ്ട് ആയുര്‍വേദ മരുന്നുകളുടെ ഉല്‍പ്പാദനത്തിലും പഞ്ചസാരയല്ല, ശര്‍ക്കരയാണ് ഉപയോഗിച്ചുവരുന്നത്. ഇന്ത്യയിലെ അതിപുരാതനമായ ചികിത്സാശാസ്ത്രമാണല്ലൊ ആയുര്‍വ്വേദം. ശര്‍ക്കര പല അസുഖങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. പലപ്പോഴും നമ്മെ അലട്ടുന്ന വരണ്ട ചുമയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. ശര്‍ക്കര പതിവായി കഴിക്കുന്നത് ദഹനശക്തിയെ സഹായിക്കുന്നു എന്ന് എല്ലാ വൈദ്യന്മാരും പറയാറുണ്ട്. ശര്‍ക്കരക്ക് ഭംഗിയും വെണ്‍മയും കൂട്ടാന്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ട്. നമുക്കതുകൊണ്ട് ചന്തമുള്ള ശര്‍ക്കരയൊഴിവാക്കാം, പകരം കാണാന്‍ ഭംഗിയില്ലാത്ത ശര്‍ക്കരയുടെ മധുരം ആവോളം നുണയാം.

തേന്‍ :

 

പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കാവുന്ന വളരെ നല്ല ഒരു വസ്തുവാണ് . ദിവസവും തേന്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. വിശേഷിച്ചും, ആസ്തമാരോഗികള്‍ക്കും, കഫത്തിന്റെ ശല്യമുള്ളവര്‍ക്കും തേന്‍ വളരെ നല്ലതാണ്. ഹൃദയത്തിനും, തലച്ചോറിനും അത് പുഷ്ടി നല്‍കുന്നു. ബുദ്ധികൂര്‍മ്മതയ്ക്കും തേന്‍ അത്യധികം ഫലപ്രദമാണ്. തേന്‍ നമുക്ക് പല രീതിയില്‍ ഉപയോഗിക്കാം. ഓരോ രീതിക്കും അതിന്റേതായ ഗുണഫലവുമുണ്ട്. ഇളം ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ ശരീരത്തിലെ രക്താണുക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകും. ഹെമോഗ്ലോബിന്റെ തോതും നല്ലവണ്ണം കൂടും. തേന്‍ പാകം ചെയ്തു കഴിക്കാനുള്ളതല്ല. പാകം ചെയ്യുമ്പോള്‍ അതിന്റെ ഗുണം നഷ്ടപ്പെടുമെന്നു മാത്രമല്ല, വിഷമയമാവുകയും ചെയ്യുന്നു. തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം, വെള്ളം കുറച്ചു ചൂടുള്ളതായതുകൊണ്ട് തെറ്റില്ല. പക്ഷെ ഒരിക്കലും തിളക്കുന്ന വെള്ളത്തില്‍ തേന്‍ ചേര്‍ക്കരുത്. ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ കൊടുത്തുകൂടാ.

പാല്‍

 

പാലിന്റെ ദഹനത്തിന് പ്രത്യേകം ചില ദഹനരസങ്ങള്‍ ആവശ്യമുണ്ട്. മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളില്‍ മാത്രമെ ഇത് വേണ്ടരീതിയില്‍ കാണുന്നുള്ളു. ലോകത്തിലെ ഒട്ടേറെ ഭാഗങ്ങളില്‍, പാല്‍ ദഹിക്കാന്‍ പ്രയാസമുള്ള ഒരു വസ്തുവായിട്ടാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ക്കിടയില്‍. ദഹിക്കാതെ പോകുന്ന പാല്‍ കഫമായി രൂപാന്തരപ്പെടുന്നു. അത് മനുഷ്യനെ അലസനും ഉന്മേഷരഹിതനുമാക്കുന്നു. അതേസമയം പാല്‍, കാല്‍സിയത്തിന്റെ നല്ലൊരു സ്രോതസ്സുമാണ്. എന്നാലും ആവശ്യമുള്ള കാല്‍സിയം ലഭിക്കാന്‍ പാലിനെത്തന്നെ ആശ്രയിക്കേണ്ടതില്ല. അതിനുതകുന്ന പദാര്‍ത്ഥങ്ങള്‍ വേറെയും ധാരാളമുണ്ട്. തവിടുകളയാത്ത ധാന്യങ്ങള്‍, പരിപ്പുകള്‍, അണ്ടികള്‍ തുടങ്ങിയവയില്‍ കാല്‍സിയം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പാലിനു പകരമായി നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.
മുതിര

 

ഏതുപയറുവര്‍ഗവും മുളപ്പിച്ചതിനുശേഷം കഴിച്ചാല്‍, അത് ദഹന പ്രക്രിയയെ എളുപ്പമാക്കും എന്നതാണ് സത്യം. ശരീരത്തിന് വളരെയേറെ ആവശ്യമുള്ള ഇരുമ്പും കാല്‍സിയവും സമൃദ്ധിയായി അടങ്ങിയിട്ടുള്ള ഒരു പയറു വര്‍ഗമാണ് മുതിര , മാത്രമല്ല സസ്യാഹാരികള്‍ക്ക് വേണ്ടത്ര പ്രോട്ടീനും (മാംസ്യം) അതില്‍ നിന്നും ലഭിക്കുന്നു. പക്ഷെ ഒരു പ്രശ്‌നമുണ്ട്, ഇതില്‍ അടങ്ങിയിട്ടുള്ള ഇരുമ്പും കാത്സിയവും കൂടിച്ചേരുമ്പോള്‍ ദഹനത്തിന് പ്രയാസമനുഭവപ്പെടുന്നു. അത് പൂര്‍ണമായും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നില്ല. എന്നാല്‍ മുതിര മുളപ്പിച്ചതിനുശേഷമാണ് കഴിക്കുന്നതെങ്കില്‍ നമുക്കീ പ്രശ്‌നം ഒഴിവാക്കാം. മുതിര വേണ്ടതുപോലെ ദഹിക്കുകയും നമുക്ക് വേണ്ടത്ര ഇരുമ്പും കാത്സിയവും പ്രദാനം ചെയ്യുകയും ചെയ്യും.
ഏതുപയറുവര്‍ഗവും മുളപ്പിച്ചതിനുശേഷം കഴിച്ചാല്‍, അത് ദഹന പ്രക്രിയയെ എളുപ്പമാക്കുന്നു എന്നോര്‍മിക്കണം. ചുമയും കഫക്കെട്ടുമുള്ളവര്‍ക്ക് മുതിര നല്ലതാണ്. അത് ശരീരത്തിലെ താപം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ചും മഴക്കാലത്ത് മുതിര കഴിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. നല്ല വെയിലുള്ളപ്പോള്‍ മുതിര കഴിച്ച് ശരീരത്തില്‍ ചൂടേറുന്നു എന്നു തോന്നിയാല്‍ മുളപ്പിച്ച ചെറുപയര്‍ കഴിക്കാവുന്നതാണ്. അത് ചൂടിനെ ക്രമീകരിച്ചുകൊള്ളും.

പുറംതോട്, തവിട്, വിത്ത്

 

ഒരു ധാന്യമണിയില്‍ പ്രധാനമായും മൂന്നു ഘടകങ്ങള്‍ കാണാം പുറംതോട്, തവിട്, അകത്തുള്ള വിത്ത് ഈ വിത്തില്‍നിന്നാണ് വീണ്ടും മുളപൊട്ടി വിളവുണ്ടാകുന്നത്. തവിടില്‍നിന്നാണ് വിത്തിനു വളരാന്‍ വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നത്. പുറംതോട് വിത്തിനേയും തവിടിനേയും സംരക്ഷിക്കുന്നു. തവിടില്‍ പ്രധാനമായും ഉള്ളത് അന്നജമാണ്. വിത്തിനുമുളയ്ക്കാന്‍ വേണ്ട ഊര്‍ജം നല്‍കുന്നത് അന്നജമാണ്. പുറംതോടില്‍ (ഉമി) കാര്യമായി പോഷകങ്ങളോ ധാതുലവണങ്ങളോ നാരുകളോ ഒന്നുമില്ല, എന്നാല്‍ തവിടിന്റേയും വിത്തിന്റേയും കാര്യം ഒന്നു വേറെയാണ്. അവയില്‍ ജീവകങ്ങളും, പ്രത്യേകിച്ച് വിറ്റമിന്‍ ബിയും, അമിനോ ആസിഡുകളും ധാതുലവണങ്ങളും, നാരുകളും, സമൃദ്ധിയായി അടങ്ങിയിരിക്കുന്നു. കാത്സിയം, മഗ്‌നീഷ്യം, പൊട്ടാസീയം, സോഡിയം, ഇരുമ്പ് എന്നിവ ഇതില്‍ നിറഞ്ഞിരിക്കുന്നു.
എന്നാല്‍ ധാന്യങ്ങള്‍ കൊയ്‌തെടുത്തപടിയല്ല കമ്പോളങ്ങളിലെത്തുന്നത്. അവയുടെ നിറവും തരവും മെച്ചപ്പെടുത്താനും, കൂടുതല്‍ കാലം കേടുവരാതെയിരിക്കാനും വേണ്ടി പല പ്രയോഗങ്ങള്‍ക്കും അവ വിധേയമാക്കപ്പെടുന്നുണ്ട്. ധാന്യ സംസ്‌ക്കരണം എന്നാണ് ഇതിനു പറയുക. ആദ്യമായി ഉമിയും തവിടും അരിയും വെവ്വേറെയാക്കപ്പെടുന്നു. വലിയൊരു ഭാഗം പോഷകപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യപ്പെട്ടതിനുശേഷമാണ് നമുക്കാവശ്യമായവ നമ്മുടെ കൈയ്യില്‍ വന്നുചേരുന്നത്. കമ്പോളത്തില്‍ വില്‍ക്കപ്പെടുന്ന ധാന്യങ്ങളില്‍ ഏറേയും ഇതുപോലെ സംസ്‌ക്കരണം കഴിഞ്ഞെത്തുന്നവയാണ്. നമ്മള്‍ പതിവായി ഉപയോഗിക്കുന്ന വെള്ള അരിയും മൈദമാവുമൊക്കെ ഇതിനുദാഹരണങ്ങളാണ്, പോഷകമൂല്യങ്ങള്‍ കാര്യമായി ഒന്നും ഇല്ലാത്ത ഭക്ഷണവസ്തുക്കള്‍.

തവിടു കളയാത്ത അരിയും ഗോതമ്പും കടകളില്‍ ഇപ്പോള്‍ സുലഭമായിരിക്കുന്നു. അങ്ങിനെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍ പൊണ്ണത്തടി, ടൈപ് 2 ഡയബെറ്റിസ് തുടങ്ങിയവ ഒഴിവാക്കാന്‍ ഇങ്ങിനെയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. തവിടിലും വിത്തിലുമാണ് ഏറ്റവുമധികം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളത്. ധാന്യങ്ങള്‍ സംസ്‌ക്കരിക്കപ്പെടുക വഴി നമുക്ക് നഷ്ടപ്പെടുന്നത് ഈ അവശ്യ വസ്തുക്കളാണ്.
നമ്മുടെ ദിവസേനയുള്ള ആഹാരത്തില്‍ ഒന്നോ രണ്ടോ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രം കാര്യമില്ല. പലപ്പോഴും നമ്മള്‍ അവഗണിച്ചു തള്ളുന്ന, എന്നാല്‍ പോഷക മൂല്യങ്ങള്‍ ഏറെയുള്ള വേറെയും പല ധാന്യങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ഈ തരം ധാന്യങ്ങളും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അതില്‍ ഒന്നാണ് റാഗി . അതീവ പോഷകഗുണമുള്ള ഒരു ധാന്യം, അതിലടങ്ങിയിട്ടുള്ള മാംസ്യം വളരെ വിലപ്പെട്ടതാണ്.

ഇന്ത്യയില്‍ നടത്തിയിട്ടുള്ള പല ഗവേഷണങ്ങളും തെളിയിക്കുന്നത്, മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് പയറുവര്‍ഗങ്ങളാണ് അരി ഗോതമ്പ് മുതലായവയേക്കാള്‍ ഗുണകരം എന്നാണ്.
വേഗത്തില്‍ ദഹിച്ചു ചേരുകയും ചെയ്യും. നമ്മുടെ ആരോഗ്യത്തിന് ഹിതകരമായ പല പ്രധാനപ്പെട്ട അമിനോ ആസിഡുകളും റാഗിയില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. ഇതിലുള്ള അമിനോ ആസിഡുകള്‍ പലതും മറ്റു ധാന്യങ്ങളില്‍ കാണുന്നില്ല. കാണുന്നുണ്ടെങ്കില്‍ തന്നേയും, വളരെ കുറഞ്ഞ തോതില്‍ മാത്രം. മറ്റു ധാന്യങ്ങളില്‍ ഉള്ളതിനേക്കാള്‍ അഞ്ചുമുതല്‍ മുപ്പതു ശതമാനത്തോളമധികം കാല്‍സിയം റാഗിയില്‍നിന്നും ലഭ്യമാകും. ഇതില്‍ ഇരുമ്പും ഫോസ്ഫറസും സാമാന്യത്തിലധികം ഉയര്‍ന്ന അളവിലാണ്. റാഗി ഉപയോഗിച്ച് പല വിഭവങ്ങളും നമുക്കുണ്ടാക്കാം. ചപ്പാത്തിക്കും, പാല്‍കഞ്ഞിക്കും, ദോശക്കും ഇത് ഉത്തമമാണ്. രുചിയേറിയ ലഡ്ഡുവും, ബിസ്‌ക്കറ്റുകളും നമുക്ക് റാഗികൊണ്ട് ഉണ്ടാക്കാന്‍ സാധിക്കും.
വൈറ്റമിന്‍ ബിക്ക് ബജ്‌റ
ഹിന്ദിയില്‍ ബജ്‌റ എന്നു പറയുന്ന ധാന്യം വളരെയധികം വിറ്റമിന്‍ ബി അടങ്ങിയിട്ടുള്ള ഒരു ധാന്യമാണ്. തമിഴില്‍ ഇതിനെ കമ്പ് എന്നാണ് പറയുന്നത്. ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസീയം, മഗ്‌നീഷ്യം, കാല്‍സിയം, ഫോസ്ഫറസ്, സോഡിയം, ചെമ്പ്, സിങ്ക്, മാന്‍ഗനീസ് എന്നിവയും ഇതില്‍ നല്ല തോതില്‍ അടങ്ങിയിരിക്കുന്നു. ഗ്ലട്ടെന്‍ (പശിമനൂറ്) എന്ന വസ്തു ഇതില്‍ തീരെയില്ല.
അതുകൊണ്ട് ഗോതമ്പിന്റെ അലര്‍ജി ഉള്ളവര്‍ക്ക് ബാജ്‌റ വളരെ യോജിച്ച ഭക്ഷണമാണ്. പോഷകമൂല്യത്തിന്റെ കാര്യത്തില്‍ അരിയേക്കാളും ഗോതമ്പിനേക്കാളും മേലെയാണ് ബാജ്‌റയുടെ സ്ഥാനം. ഇന്ത്യയില്‍ നടത്തിയിട്ടുള്ള പല ഗവേഷണങ്ങളും തെളിയിക്കുന്നത്, മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ബജ്‌റയും പയറുവര്‍ഗങ്ങളുമാണ്, അരി ഗോതമ്പ് മുതലായവയേക്കാള്‍ ഗുണകരം എന്നാണ്.
കുമ്പളങ്ങാനീര്
കാപ്പിക്കും ചായക്കും പകരമായി ഒരു ഗ്ലാസ് കുമ്പളങ്ങനീരു കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെതന്നെ ഒരു ഗ്ലാസു കുമ്പളങ്ങനീരു അകത്തുചെന്നാല്‍ ശരീരത്തില്‍ നല്ല ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. കൂടാതെ, അത് നമ്മുടെ നാഡീവ്യൂഹത്തെ ശാന്തമായി നിലനിര്‍ത്തുകയും ചെയ്യും. ദിവസവും കുമ്പളങ്ങനീര് കഴിക്കുന്നതുകൊണ്ട് നമ്മുടെ ബുദ്ധിശക്തിയും വളരെയേറെ മെച്ചപ്പെടും. എന്നാല്‍ ഇടക്കിടക്ക് ചുമയും ജലദോഷവും പിടിപെടുന്നവരും, ശ്വാസംമുട്ട് അനുഭവിക്കുന്നവരും ഒരു കാര്യം പ്രത്യേകം ഓര്‍മവെക്കണം. അല്‍പം തേനോ, കുരുമുളകോ ചേര്‍ത്തിട്ടുവേണം കുമ്പളങ്ങനീരു കുടിക്കാന്‍.

ചായ

ചായയും കാപ്പിയും നാഡി ഞരമ്പുകള്‍ക്ക് ഉത്തേജനം നല്‍കുന്ന പാനീയങ്ങളാണ്. അത് അകത്തുചെന്നാല്‍ കുറച്ചുനേരത്തേക്ക് ഒരുണര്‍വും ഉന്മേഷവും തോന്നും. അതുകഴിഞ്ഞാല്‍

ശരീരം വീണ്ടും പഴയപടിയാകും. ഇത്തരം പാനീയങ്ങള്‍ വേണ്ടതിലധികം തുടര്‍ച്ചയായി ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ തീര്‍ച്ചയായും അത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായിരിക്കും. ശരീരത്തിന് സ്വാഭാവികമായുള്ള ഊര്‍ജസ്വലത ക്രമേണ നഷ്ടമാവുന്നു. മാത്രമല്ല, ഊര്‍ജം സംഭരിച്ചുവെക്കാനുള്ള ശേഷിക്കും പതുക്കെ പതുക്കെ കുറവു സംഭവിക്കുന്നു.
ചെറുനാരങ്ങാനീരും ഇഞ്ചിനീരും
ചെറുനാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത് ചായ ഉണ്ടാക്കി കുടിച്ചുനോക്കൂ. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല, അതേസമയം ആകപ്പാടെ നല്ല തെളിമയും സുഖവും തോന്നുകയും ചെയ്യും. കാഫേന്‍ തീരെയില്ലാത്ത രുചികരമായ പാനീയം.
ഒരു പാത്രത്തില്‍ 4 12 കപ്പ് വെള്ളമെടുത്ത് തിളപ്പിക്കുക. വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടിഞ്ചോളം നീളമുള്ള ഒരു കഷണം ഇഞ്ചി ചതച്ചതും, മുപ്പതോളം തുളസി ഇലകളും അതിലേക്കിടണം. രണ്ടു ടീസ്പൂണ്‍ മല്ലി (പൊടി വേണ്ട) കൂടി ഒന്നു ചതച്ചിട്ടാല്‍ ഏറെ നന്ന്. രണ്ടു മൂന്നു മിനിറ്റു കൂടി എല്ലാം ചേര്‍ന്ന് തിളക്കട്ടെ. പിന്നീട് അരിപ്പയില്‍ അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരത്തിന് ശര്‍ക്കരയും ചേര്‍ത്ത് ചൂടോടെ കഴിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.