തിരുവനന്തപുരം: മഞ്ചേരിയില്‍ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ യുവതിക്ക് ചികിത്സ നല്‍കാതിരുന്ന ആശുപത്രികളുടെ നടപടി നഗ്നമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം.
കൊവിഡ് പോസിറ്റീവായ വ്യക്തി രോഗമുക്തി നേടുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നേരത്തേ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിനെ പാടേ അവഗണിക്കുന്ന നിലപാടാണ് യുവതിയുടെ ചികിത്സക്കായി ബന്ധപ്പെട്ട ആശുപത്രികളൊക്കെയും സ്വീകരിച്ചത്.
ആരോഗ്യവകുപ്പ്
പറയുന്നത്
കൊവിഡ് ബാധിച്ച വ്യക്തി രോഗമുക്തി നേടിയോ എന്നറിയുന്നതിന് ആന്റിജന്‍ പരിശോധന മതിയാകും. പരിശോധനയില്‍ നെഗറ്റീവായാല്‍ പിന്നീട് ഏഴു ദിവസം കൂടി വീട്ടില്‍ ക്വാറന്റൈനില്‍ തുടരണമെന്നുമാണ് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ജൂലൈയില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുളള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
പിന്നീട് ഓഗസ്റ്റ് 15ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ കൊവിഡ് മുക്തി നേടിയവര്‍ക്കുള്ള തുടര്‍പരിശോധനക്ക് ആന്റിജന്‍ പരിശോധന മതിയാകുമെന്നും വ്യക്തമാക്കുന്നുണ്ട്.
ആശുപത്രികള്‍
ചെയ്തത്
ഇരട്ടഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ യുവതി ഈ മാസം 15ന് കൊവിഡില്‍നിന്ന് മുക്തി നേടിയിരുന്നു. സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഈ മാസം 22ന് അവരുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ ഈ മാസം 25ന് എടവണ്ണ ഇ.എം.സി, മഞ്ചേരി മെഡി.കോളജ്, കോഴിക്കോട് കോട്ടപ്പറമ്പ് ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടപ്പോള്‍ നേരത്തേ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ചികിത്സ സാധ്യമല്ലെന്നായിരുന്നു മറുപടിയെന്ന് യുവതിയുടെ ഭര്‍ത്താവും സുപ്രഭാതം ലേഖകനുമായ എന്‍.സി ശരീഫ് പറയുന്നു.
പിന്നീട് ശനിയാഴ്ച്ച പുലര്‍ച്ചെ വേദന കലശലായതിനെ തുടര്‍ന്നുള്ള ഓട്ടത്തിനിടയില്‍ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ ആന്റിജന്‍ പരിശോധനാ ഫലം മതിയാകില്ലെന്നും ആര്‍.ടി-പി.സി.ആര്‍ വേണമെന്നുമായിരുന്നു മറുപടി.
സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് പ്രോട്ടോകോളില്‍ ഇല്ലാത്ത വ്യവസ്ഥകളാണ് ഈ ആശുപത്രികളൊക്കെയും മുന്നോട്ടുവച്ചത്. രോഗമുക്തി നേടുമ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് സംസ്ഥാനത്തിനകത്ത് പോലും ഒരുവിലയുമില്ലേയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
Comments are closed for this post.