2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ആശയങ്ങള്‍ക്ക് മറുപടി വെടിയുണ്ടകളല്ല


നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരുടെ മരണത്തെ സംബന്ധിച്ചുള്ള ദുരൂഹത ഏറി വരികയാണ്. പൊലിസ് പുറത്തുവിട്ട വിവരങ്ങള്‍ അവിശ്വസനീയം എന്നാണ് പറയപ്പെടുന്നത്. ഈ പശ്ചാതലത്തിലാവണം നേരത്തെ മാവോയിസ്റ്റുകളുമായി ‘ഏറ്റുമുട്ടല്‍’ നടത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തെ അഭിനന്ദിച്ച ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഇതുസംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിന്തല്‍മണ്ണ സബ്കലക്ടറോട് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരിക്കുന്നു. ഏകപക്ഷീയമായ വെടിവയ്പ്പാണ് മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നതിനാല്‍ ദുരൂഹത ഒഴിവാക്കാന്‍ അന്വേഷണം അനിവാര്യമായിരിക്കുകയാണ്. സംഭവം കഴിഞ്ഞ് നാല് ദിവസം കഴിയേണ്ടി വന്നു, പൊലിസിന് ഏറ്റുമുട്ടലിനെ സംബന്ധിച്ച് വിശദീകരിക്കുവാന്‍ എന്നതുതന്നെ സംശയം ജനിപ്പിക്കുന്നതാണ്. ഇത്തരം ഘട്ടങ്ങളില്‍ പൊലിസ് പറയുന്ന വിവരങ്ങളെമാത്രം അടിസ്ഥാനമാക്കി നിഗമനത്തിലെത്താന്‍ കഴിയില്ല. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ അറിവുള്ളതാണ്. എന്നാല്‍ അവര്‍ ആരെയെങ്കിലും അക്രമിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതായി പൊലിസ് കേസുകളില്ല. വ്യത്യസ്ഥ അഭിപ്രായം പറയുന്നവരെ വെടിവച്ചിടുന്നത് കേരളത്തിന്റെ പാരമ്പര്യമല്ല. വ്യാജ ഏറ്റുമുട്ടലുകള്‍ ഉത്തരേന്ത്യയില്‍ പല സന്ദര്‍ഭങ്ങളില്‍ നടക്കാറുണ്ട്. അത് മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഏതെങ്കിലും വിഭാഗങ്ങള്‍ ആശയ പ്രചാരണം നടത്തുന്നുവെങ്കില്‍ അവരെ ആശയപരമായി തന്നെയാണ് നേരിടേണ്ടത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ പക്കല്‍ അത്യാധുനിക ആയുധങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൈയില്‍ ആയുധങ്ങളുണ്ടെന്ന് കരുതി അവര്‍ അക്രമകാരികളാവണമെന്നില്ല. മാത്രവുമല്ല, മരിച്ചുകിടക്കുന്ന കുപ്പുദേവരാജിന്റെ സമീപത്തോ അജിതയുടെ അരികിലോ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊലിസ് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നുതന്നെ ഇതു വ്യക്തവുമാണ്. കേരളത്തില്‍ ഇതുവരെ മാവോയിസ്റ്റ് അക്രമം നടന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതിക്ക് അവരെ വെടിവച്ച് കൊല്ലേണ്ടതുണ്ടായിരുന്നോ?. വലിയൊരു സംഘം തണ്ടര്‍ബോള്‍ട്ടിന് അവരെ കണ്ടെത്താന്‍ കഴിഞ്ഞ സ്ഥിതിക്ക് പിടികൂടുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. എങ്കില്‍ അവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലിസിന് ലഭിക്കുമായിരുന്നു. അവരുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുമായിരുന്നു. വെടിവച്ചുകൊന്നതിലൂടെ ഇത്തരം ഒരു സാഹചര്യമാണ് പൊലിസ് ഇല്ലാതാക്കിയത്. ഏറ്റുമുട്ടലുകള്‍ പലപ്പോഴും ഉണ്ടാകുന്നത് വ്യക്തമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇവിടെ അതുണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍. ഉണ്ടായിരുന്നുവെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാമായിരുന്നു. ആശയപ്രചാരണത്തിനപ്പുറത്തേക്ക് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം വിപുലീകരിച്ചിരുന്നില്ല. അത് ഹിംസയിലേക്ക് വളര്‍ന്നിട്ടുമുണ്ടായിരുന്നില്ല. പോസ്റ്ററൊട്ടിക്കുന്നതിനും ലഘുലേഖ വിതരണം ചെയ്യുന്നതിനുമപ്പുറം അവര്‍ ആരെയെങ്കിലും കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. വ്യാജ ഏറ്റുമുട്ടലാണ് നിലമ്പൂരില്‍ ഉണ്ടായതെന്ന് ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാവാം ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാനഘടകകക്ഷിയായ സി.പി.ഐ തന്നെ ആരോപണമുന്നയിച്ചിരിക്കുന്നത്. ആസ്ഥിതിക്ക് മികച്ച പൊലിസ് പ്രകടനമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വിശേഷിപ്പിച്ച ഏറ്റുമുട്ടലിന്റെ നിജസ്ഥിതി പുറത്തുവരണം.
കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കൊന്നും വനഭൂമികളുടെ യഥാര്‍ഥ ഉടമകളായ ആദിവാസി സമൂഹത്തോട് നീതി ചെയ്യാനായിട്ടില്ല. സര്‍ക്കാര്‍ ആദിവാസി ക്ഷേമ പദ്ധതികള്‍ക്കായി ചെലവാക്കുന്ന കോടികള്‍ ഇടത്തട്ടുകാരുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയു കൈകളിലൂടെ ചോര്‍ന്നുപോവുന്നു. ഈ അനീതിക്കെതിരേ ശബ്ദിക്കുവാന്‍ ആദിവാസികളെ പ്രാപ്തരാക്കുകയായിരുന്നു മാവോയിസ്റ്റുകള്‍ എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ആദിവാസികള്‍ക്ക് ഇവര്‍ പ്രിയപ്പെട്ടവരായി തീര്‍ന്നതില്‍ അത്ഭുതമില്ല.കൊല്ലുന്നതല്ല ജനാധിപത്യം, അശരണരുടെ അവശതകള്‍ക്കെതിരേ സര്‍ക്കാരുകള്‍ മുഖം തിരിക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ പോലുള്ള സംഘങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അവരെ അഭിസംബോധനം ചെയ്ത് ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അറിഞ്ഞ് അതുവകവച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ആശയങ്ങളെ വെടിയുണ്ടകള്‍ കൊണ്ടല്ല നേരിടേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.