കണ്ണൂര്‍: അടവുകളും ചുവടുകളും പയറ്റി ഗുരുക്കന്‍മാരെ തൊഴുത് മിന്നുന്ന പ്രകടനം കാഴ്ചവെച്ച പരിചമുട്ടുകളി രണ്ടാം വേദിക്ക് മുമ്പിലെ സദസിനെ ആവേശത്തിലാക്കി. വാളും പരിചയും ഏറ്റുമുട്ടി മെയ് വഴക്കത്തോടെ മധ്യതിരുവിതാംകൂറിന്റെ ക്രിസ്തീയ കലാരൂപം ആസ്വദിക്കാന്‍ നൂറുകണക്കിന് ആസ്വാദകര്‍ എത്തി.
മത്സരാര്‍ഥികളുടെ തീപാറും പ്രകടനം ആസ്വാദകരുടെ മനസിലും ആവേശ തിരയുയര്‍ത്തി. മാര്‍ത്തോമ ശ്ലീഹായുടെ ചരിത്രം വിളിച്ചോതുന്നതുള്‍പ്പെടെയുള്ള പാട്ടുകളോടെയാണ് മത്സരാര്‍ഥികള്‍ ചുവടുവെച്ചത്. വര്‍ഷങ്ങളായുള്ള പരിചയ സമ്പത്തുള്ളവരുടെ നേതൃത്വത്തില്‍ പരിശീലിച്ചവരാണ് മിക്ക ടീമുകളും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 23 ടീമുകളായിരുന്നു മത്സരിച്ചത്.
മുഴുവന്‍ ടീമുകളും എ ഗ്രേഡ് നേടി. പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നും കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ് രണ്ടും മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പങ്കെടുത്ത 24 ടീമുകളും എ ഗ്രേഡിനര്‍ഹരായി. മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ഒന്നും പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടും കോഴിക്കോട് സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങള്‍ നേടി.
Comments are closed for this post.