2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആവശ്യത്തിനു കുട്ടികളില്ലാതെ 3,152 വിദ്യാലയങ്ങള്‍

തിരുവനന്തപുരം: നടപ്പ് അധ്യയന വര്‍ഷം സംസ്ഥാനത്ത് മതിയായ എണ്ണം വിദ്യാര്‍ഥികളില്ലാത്ത 3,152 വിദ്യാലയങ്ങള്‍ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ 1,483 വിദ്യാലയങ്ങളും എയ്ഡഡ് മേഖലയില്‍ 1,669 വിദ്യാലയങ്ങളും ഉള്‍പ്പെടെയാണിത്. ഇത്തരം വിദ്യാലയങ്ങളിലെ അക്കാദമിക മികവുയര്‍ത്തുന്നതിന് പ്രത്യക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക രംഗത്ത് ദ്രുതഗതിയിലുണ്ടാകുന്ന വികസനത്തിനനുസരിച്ച് അധ്യാപകര്‍ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് ട്രാന്‍സ്‌പോര്‍ഷന്‍ പ്രോഗ്രാം എന്ന പരിശീലന പരിപാടിയില്‍ ദേശീയ നിലവാരമുള്ള ശാസ്ത്രപ്രതിഭകളെ കൊണ്ടു വന്ന് ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന വിവരങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി വരുന്നു.
ഉള്ളടക്ക ധാരണ വര്‍ധിപ്പിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി പാഠ്യ പദ്ധതി വിനിമയത്തിന് ഉപയോഗിക്കുന്നതിനും ആവശ്യമായ പരിശീലനം അവധിക്കാലത്ത് അധ്യാപകര്‍ക്ക് നല്‍കുന്നുണ്ട്.
കൂടാതെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് പത്തു ദിവസം ദൈര്‍ഘ്യമുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം എന്ന റസിഡന്‍ഷ്യല്‍ റിഫ്രഷന്‍ കോഴ്‌സ് നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡി.ഫാം പാര്‍ട്ട് 1 റഗുലര്‍
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് 1 (റഗുലര്‍) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളജുകളില്‍ ഡിസംബര്‍ 11 മുതല്‍ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകള്‍ നിശ്ചിത തുകയ്ക്കുള്ള ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 20ന് മുമ്പ് ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം. അതത് കോളജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ഈ മാസം 25ന് മുമ്പ് ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷന്‍സ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, തിരുവനന്തപുരം 11 എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വയ്ക്കണം. വിശദവിവരങ്ങള്‍ വിവിധ ഫാര്‍മസി കോളജുകളില്‍ ലഭിക്കും.

ജൂനിയര്‍ പ്രോജക്ട് ഫെല്ലോ
ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സര്‍ക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിലെ (എസ്.സി.ഇ.ആര്‍.ടി) 20192020 പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍ പ്രോജക്ടിലേക്ക് ഒരു ജൂനിയര്‍ പ്രോജക്റ്റ് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ംംം.രെലൃ.േസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.

സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയിക്കാന്‍ 33 ശതമാനം മാര്‍ക്ക്
തിരുവനന്തപുരം: പത്ത്, 12 ക്ലാസുകളിലെ വിജയിക്കാനുള്ള മാര്‍ക്കിന്റെ മാനദണ്ഡം സി.ബി.എസ്.ഇ പരിഷ്‌കരിച്ചു.
പത്താംക്ലാസ് പരീക്ഷ ജയിക്കണമെങ്കില്‍ എല്ലാ വിഷയങ്ങളിലും 33 ശതമാനം മാര്‍ക്ക് വേണമെന്ന് സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവ്. പ്രായോഗിക, എഴുത്ത് പരീക്ഷകളിലും ഇന്റേണല്‍ മാര്‍ക്കിലുമായി മൊത്തം 33 ശതമാനം മാര്‍ക്ക് നേടിയാലേ പത്താം ക്ലാസ് പാസാവുകയുള്ളൂ. പന്ത്രണ്ടാം ക്ലാസില്‍ പ്രായോഗിക പരീക്ഷ, പ്രോജക്ട് എന്നിവയുള്ള വിഷയമാണെങ്കില്‍ ഏഴുത്ത് പരീക്ഷയിലും പ്രായോഗിക പരീക്ഷയിലും 33 ശതമാനം മാര്‍ക്ക് നേടണം.
പ്രോജക്ട്, ഇന്റേണല്‍ പരീക്ഷ എന്നിവയുടെ മൂല്യനിര്‍ണയം സ്‌കൂളുകളില്‍ നിര്‍വഹിക്കും. ഇതോടെ പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങളിലെ എഴുത്ത് പരീക്ഷയില്‍ 70ല്‍ 23 ഉം പ്രാക്ടിക്കലില്‍ 30ല്‍ 9 മാര്‍ക്കും നേടണം. ഇവ രണ്ടും കൂടെ 33 മാര്‍ക്ക് മൊത്തമായും നേടണം. അതേസമയം പ്രായോഗിക പരീക്ഷയുടെ മൂല്യനിര്‍ണയ ചുമതല സി.ബി.എസ്.ഇ ബോര്‍ഡ് നിയോഗിച്ച ബാഹ്യപരീക്ഷകനായിരിക്കും.
പത്ത്, 12 ക്ലാസുകളുടെ പരീക്ഷാ ടൈംടേബിള്‍ സി.ബി.എസ്.ഇ ജനുവരി ആദ്യം പ്രസിദ്ധീകരിക്കും.

 

ഉപജില്ലാതല ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്യാംപുകള്‍ ശനിയാഴ്ച മുതല്‍
തിരുവനന്തപുരം: ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഗെയിമുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാംപുകള്‍ ശനിയാഴ്ച തുടക്കമാകും. ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ ഘട്ടങ്ങള്‍, ക്രമാനുഗതമായ ഭ്രമണപഥം ഉയര്‍ത്തല്‍, സോഫ്റ്റ് ലാന്‍ഡിങ് എന്നിവ ഉള്‍പ്പെട്ട കംപ്യൂട്ടര്‍ ഗെയിം വിഷ്വല്‍ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിങ്് വിഭാഗത്തിലെ കുട്ടികള്‍ തയാറാക്കും. ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകള്‍ റ്റുപിട്യൂബ് ഡെസ്‌ക് എന്ന സോഫ്റ്റ്‌വെയറില്‍ തയാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് ക്യാംപിലെ മൊഡ്യൂള്‍ പരിശീലിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന 2060 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലായി 1.14 ലക്ഷം അംഗങ്ങളാണുള്ളത്.

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.