
പുതിയ സര്‍ക്കാരില്‍ കണ്ണുനട്ട്
പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി
ഇരിക്കൂര്‍: ജില്ലയിലെ രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമേകാന്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപരേഖ തയാറാക്കിയ പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി പുതിയ സര്‍ക്കാരിലൂടെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരിക്കൂര്‍ നിവാസികള്‍. പഴശ്ശി റിസര്‍വോയറിനു സമീപം ആരംഭിക്കുന്ന 79.85 കോടി രൂപയുടെ പദ്ധതിയിലൂടെ പ്രതിവര്‍ഷം 25 മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാകും. കണ്ണൂര്‍ വിമാനത്താവളം, മട്ടന്നൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലെ വൈദ്യുത പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
ബാരാപോള്‍ ജലവൈദ്യുത പദ്ധതിയേക്കാള്‍ ഏറെ കാര്യക്ഷമമാകുന്ന പദ്ധതിയാണ് പഴശ്ശി സാഗറെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അവകാശപ്പെടുന്നു.
തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് മെക്കാഡം ടാറിങ് നടത്തി അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയെങ്കിലും ഇരിക്കൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്നു പാലങ്ങള്‍ പൂര്‍ത്തിയാകാത്തതും മലയോരത്തെ വികസന കുതിപ്പിന് തടസമാകുന്നുണ്ട്.
ആലക്കോട്, കരുവഞ്ചാല്‍, ചാണോക്കുണ്ട് പാലങ്ങളാണ് അടിയന്തിരമായി പുനര്‍നിര്‍മിക്കേണ്ടത്. അരനൂറ്റാണ്ട് മുമ്പ് നിര്‍മിച്ച പാലങ്ങള്‍ ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സര്‍വേ നടപടികള്‍ മാത്രമാണ് ഇതുവരെയായിട്ടും പൂര്‍ത്തിയായത്.
സമഗ്ര വികസനം പ്രതീക്ഷിച്ച് തളിപ്പറമ്പ്
തളിപ്പറമ്പ്: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറുമ്പോള്‍ നിയോജകമണ്ഡലത്തില്‍ അവഗണനയിലായിരുന്ന നാടുകാണി കിന്‍ഫ്ര അപ്പാരല്‍പാര്‍ക്ക്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ഗ്രാമവികസന വകുപ്പിന്റെ പരിശീലന കേന്ദ്രം എന്നിവയ്ക്ക് പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. 2010ലാണ് നാടുകാണി കിന്‍ഫ്ര അപ്പാരല്‍പാര്‍ക്ക് ആരംഭിച്ചത്. എന്നാല്‍ നിലവില്‍ സംരംഭകര്‍ കിന്‍ഫ്ര പാര്‍ക്കിനെ ഉപേക്ഷിച്ച മട്ടാണ്. സംരംഭകര്‍ കൈയൊഴിയുന്നതിന്റെ കാരണം കണ്ടെത്തി ന്യൂനതകള്‍ പരിഹരിച്ചാല്‍ മാത്രമേ അപ്പാരല്‍ പാര്‍ക്ക് പുരോഗതിയിലേക്ക് ഉയരുകയുള്ളൂ.
ആരോഗ്യ മേഖലയ്ക്കു പ്രഥമ പരിഗണന നല്‍കുമെന്ന നിയുക്ത എം.എല്‍.എയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് തളിപ്പറമ്പുകാര്‍ സ്വാഗതം ചെയ്യുന്നത്.
മലയോരമേഖലയിലെ സധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. ദിനംപ്രതി നൂറുക്കണക്കിന് രോഗികളെത്തിച്ചേരുന്ന ആശുപത്രി ശോചനീയാവസ്ഥയിലാണ്. ഗ്രാമവികസന വകുപ്പിന്റെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കുന്ന കേരളത്തിലെ രണ്ടു പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് തളിപ്പറമ്പിലെ വികസന പരിശീലന കേന്ദ്രം. ജനപ്രധിനിധികള്‍ക്കും ഗവ.ജീവനക്കാര്‍ക്കുമുള്ള പരിശീലന പരിപാടികളാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. ഇവിടെയുളള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എല്ലാ വിഭാഗത്തിലുളളവര്‍ക്കും തൊഴില്‍ പരിശീലനവും സംരംഭകരാകാനുളള സഹായവും നല്കുന്ന കേന്ദ്രമായി മാറ്റിയാല്‍ ജില്ലയിലെ തന്നെ മികച്ച തൊഴില്‍-സംരഭകത്വ പരിശീലന കേന്ദ്രമായി തളിപ്പറമ്പിലെ വികസന കേന്ദ്രം മാറും.
പയ്യന്നൂരിന് സ്വന്തമായി താലൂക്ക് വേണം
പയ്യന്നൂര്‍: മണ്ഡലത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് പയ്യന്നൂര്‍ എം.എല്‍.എയുടെയും സി.പി.എമ്മിന്റെയും പ്രധാന പരാതി. പയ്യന്നൂരിന്റെ ഏറ്റവും പ്രധാന ആവശ്യങ്ങളിലൊന്നാണ് പയ്യന്നൂര്‍ താലൂക്ക്. വര്‍ഷങ്ങളായി പയ്യന്നൂരിലെ ജനങ്ങളുടെ ആവശ്യം ഒരു സര്‍ക്കാരും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ ആയുധം ഇതായിരുന്നു. അതിനാല്‍ പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത മിനി സിവില്‍ സ്റ്റേഷനാണ് പയ്യന്നൂരിന്റെ മറ്റൊരു പ്രശ്നം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രവൃത്തി ഉദ്ഘാടനം ചെയ്ത സിവില്‍ സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായത് കഴിഞ്ഞ ഒക്ടോബറിലാണ്. 2. 25 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായി നിര്‍മാണം പൂര്‍ത്തിയായിട്ടും കെട്ടിടത്തില്‍ സര്‍ക്കാര്‍ ഓഫിസുകളൊന്നും ആരംഭിച്ചില്ല. 23 മുറികളാണ് കെട്ടിടത്തിലുള്ളത്. പയ്യന്നൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങളെ ഒരു കുടക്കീഴില് എത്തിക്കാന്‍ ലക്ഷ്യമിട്ട സിവില്‍ സ്റ്റേഷന് അടഞ്ഞു കിടക്കുന്നത് പയ്യന്നൂരിനു തിരിച്ചടിയാണ്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അന്നത്തെ റവന്യൂ മന്തി ഉദ്ഘാടനം ചെയ്തിട്ടും സിവില്‍ സ്റ്റേഷന് ആരംഭിക്കാത്തത് സി.പി.എം പ്രചാരണായുധമാക്കിയിരുന്നു. മണ്ഡലത്തിലെ പ്രധാന റോഡുകളുടെ വികസനമാണ് മറ്റൊരു വിഷയം. വെള്ളൂര്‍ ചെറുപുഴ റോഡിന്റെ ശോച്യാവസ്ഥ അറ്റകുറ്റപ്പണി നടത്തി താല്‍ക്കാലികമായി പരിഹരിച്ചുവെങ്കിലും മുഴുവനായും ടാര്‍ ചെയ്യണം. ഈ ആവശ്യം മുന്‍ നിര്‍ത്തി സി കൃഷ്ണന് എം.എല്‍.എ നേരത്തെ നിരാഹാരം കിടന്നിരുന്നു. മണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ വികസനം, പയ്യന്നൂര്‍ നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങള്‍, ടൂറിസം സാധ്യതകള്‍ ഇവയെല്ലാം പയ്യന്നൂര്‍ മണ്ഡലം ആവശ്യപ്പെടുന്നു.
ഏഴിമല ബാഗമണ്ഡലം റോഡ് പൂര്‍ത്തിയാക്കണം
ചെറുപുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പയ്യന്നൂര്‍ ചെറുപുഴ റോഡ്, ഏഴിമല ബാഗമണ്ഡലം റോഡിന്റെ പൂര്‍ത്തീകരണം, ചെറുപുഴ തിരുമേനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കല്‍ എന്നീ ആവശ്യങ്ങള്‍ പുതിയ സര്‍ക്കാര്‍ നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ഏഴിമല നാവിക അക്കാദമിയെയും പരിങ്ങോം സി.ആര്.പി ക്യംപിനെയും ബംഗലുരു മിലിട്ടറി ആസ്ഥാനവുമായി ബന്ധിപ്പിക്കുവാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ആയിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
പ്രാരംഭ നടപടിയെന്നോണം അഞ്ചരകോടി രൂപ ചെലവില്‍ ചെറുപുഴ മുതല്‍ പുളിങ്ങോം വരെയുള്ള പാതയില്‍ പുളിങ്ങോം പുഴക്ക് കുറുകെ കര്‍ണാടക വനത്തിലേക്ക് പാലവും നിര്‍മിച്ചു. എന്നാല്‍ ഇതോടെ അതിന്റെ പ്രവര്‍ത്തി അവസാനിക്കുകയായിരുന്നു.
വന്യമൃഗസംരക്ഷണ കേന്ദ്രമായ കര്‍ണാടക വനത്തിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ പിടിവാശിയാണ് ഇതിനു കാരണം. പുളിങ്ങോത്തു നിന്നും വനത്തിലൂടെ പതിനെട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബാഗമണ്ഡലത്തെത്തും. അവിടുന്ന് വളരെയെളുപ്പം ബംഗളൂരുവിലെത്താം.
മലയോരത്തെ ഏറ്റവും കൂടുതല്‍ വാഹനങ്ങളോടുന്ന റോഡാണ് ചെറുപുഴ പയ്യന്നൂര്‍ റോഡ്. ഈ റോഡിന്റെ വികസനത്തിനായി എം.എല്‍.എ നിരാഹാരം കിടക്കുക കൂടി ചെയ്തിരുന്നു.
ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ചെറു പുഴ തിരുമേനി റോഡിന്റെ അവസ്ഥ .നൂറു കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്.
കാല്‍നടയാത്ര പോലും ദു:സ്സഹമായ ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ പോലും അധികൃതര്‍ തയാറായില്ല.