രാജ്യത്തെ നടുക്കികൊണ്ടു വീണ്ടുമൊരു ഭീകരാക്രമണം പാകിസ്താനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദില്‍ നിന്നും ഉണ്ടായിരിക്കുന്നു. കശ്മിരിലെ സംഘര്‍ഷം മുതലെടുത്തു ‘ഉറി’യിലാണ് ഇത്തവണത്തെ ഭീകരാക്രമണം. ‘ഉറി’ കരസേന താവളത്തില്‍ കഴിഞ്ഞ ദിവസം രാവിലെ അഞ്ചിനാണു ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 17 ധീരജവാന്മാരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇരുപതോളം പേര് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുമാണ്. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ നിന്നു ഇന്ത്യ പാഠം പഠിച്ചില്ലെന്ന മുന്‍ പ്രതിരോധ വകുപ്പു മന്ത്രി എ.കെ ആന്റണിയുടെ ആരോപണം ഇവിടെ മുഖവിലയ്ക്കെടുക്കേണ്ടതാണ്.
ഓരോ ഭീകരാക്രമണവും നടക്കുമ്പോള്‍ പതിവു പോലെ ഇത്തവണയും ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ച് ആ രാജ്യം തെളിവ് ആവശ്യപ്പെട്ടിരിക്കുകയാണ്. മുംബൈ ഭീകരാക്രണമത്തില്‍ ഇന്ത്യ നല്കിയ തെളിവുകളൊന്നും പോരെന്നു പറഞ്ഞവരാണു പാകിസ്താന്. പുലര്‍ച്ചെ അഞ്ചിനു ഭീകരാക്രമണം നടക്കണമെങ്കില്‍ രാത്രിയില്‍ തന്നെ ഭീകരര്‍ നിയന്ത്രണരേഖയ്ക്കടുത്തുള്ള സൈനികത്താവളത്തിനരികെ നുഴഞ്ഞുകയറിയിരിക്കണം. കാശ്മിരില്‍ സൈന്യത്തിനു നേരെ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഉറിയിലെ ദ്രോഗ റജിമെന്റിലെ കൂടാരങ്ങളില്‍ ജവാന്മാര് ഉറങ്ങുന്ന ടെന്റുകള്‍ക്കു നേരെ ഗ്രനേഡ് എറിഞ്ഞാണ് 17 സൈനികരെ കൊലപ്പെടുത്തിയത്. പാക് മുദ്രയുള്ള ആയുധങ്ങള്‍ സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത സാഹചര്യത്തില്‍ പാകിസ്താന് തെളിവു ചോദിക്കുന്നതു നിരര്‍ഥകമാണ്. ഇന്ത്യയും പാകിസ്താനും അടുക്കാന്‍ വയ്യാത്ത വിധം അകലുവാന്‍ മാത്രമേ പാകിസ്താന്റെ പക്ഷത്തു നിന്നുള്ള ആരോപണങ്ങള്‍ ഉതകൂ.
കശ്മിരില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നു മുതലെടുത്തു രാജ്യത്തേക്കു നുഴഞ്ഞു കയറുവാനും ഭീകരാക്രമണങ്ങള്‍ നടത്തുവാനും പാകിസ്താന് അടുത്തിടെ നിരന്തരം ശ്രമിച്ചു വരികയായിരുന്നു. പല നുഴഞ്ഞുകയറ്റവും നമുക്കു തകര്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും നിയന്ത്രണ രേഖക്കടുത്തുള്ള ഉറിയിലെ സൈനികത്താവളത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതു കാണാന്‍ കഴിയാതെ പോയി. രാജ്യത്തു സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളൊക്കെ നമ്മുടെ സുരക്ഷാ വീഴ്ചകളില്‍ നിന്നുണ്ടായതാണ്. ജനുവരിയില്‍ പത്താന്‍കോട്ടിലും സൈനികത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണം നമ്മുടെ സുരക്ഷാപാളിച്ചയില് നിന്നുണ്ടായതാണ്. പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം വ്യോമവിമാനത്താവളത്തിലെ മിഗ്മാ, മിഗ് 25 പോര്‍വിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും നശിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. വ്യോമസേനാ താവളത്തിന്റെ കാന്റീന് വരെ ഭീകരര്‍ക്ക് എത്താന്‍ കഴിഞ്ഞത് അന്നു വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 27നു പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനില്‍ നിന്നു മടങ്ങും വഴി ലാഹോര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതും പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയതും അപ്രതീക്ഷിത സംഭവമായിരുന്നു. ലാഹോര്‍ വിമാനത്താവളത്തില്‍ നരേന്ദ്രമോദിയെ നവാസ് ശരീഫ് കാത്തുനില്‍ക്കുകയുമായിരുന്നു. ഇരുവരുടെയും വ്യക്തിപരമായ ഊഷ്മള ബന്ധത്തിന്റെ നിദര്‍ശനമായി ഈയൊരു സന്ദേശത്തെ മാധ്യമങ്ങള്‍ പൊലിപ്പിച്ചതിനാല്‍ പ്രോട്ടോകാള്‍ വകവയ്ക്കാതെയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതുമില്ല. ഇതുവഴി ഇന്ത്യാ-പാക് ബന്ധം സുദൃഢമാവുകയാണെങ്കില് അങ്ങനെ സംഭവിക്കട്ടെ എന്നായിരുന്നു രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ കരുതിയതും. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സൗഹൃദ നീക്കത്തെപ്പോലും ഇന്ത്യയെ കടന്നാക്രമിക്കാനുള്ള ഉപായമാക്കുകയായിരുന്നു പാക് സൈന്യം.
ജനുവരി 15ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടത്താനിരുന്നതിന് മുന്നോടിയായിട്ടായിരുന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവരുടെ ഊഷ്മള ബന്ധം അരക്കിട്ട് ഉറപ്പിക്കാനെന്നവണ്ണം കൂടിക്കാഴ്ച നടത്തിയത്. മാത്രമല്ല, നവാസ് ശരീഫിന്റെ കൊച്ചുമകളുടെ കല്യാണപന്തലില്‍ വരെ നരേന്ദ്രമോദി എത്തി ഇന്ത്യയുടെ സൗഹാര്‍ദം അവരുമായി പങ്കു വച്ചതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത പാക് സന്ദര്‍ശനം പാക് ഭീകരവാദികള്‍ അവസരമായെടുത്തു. എപ്പോഴൊക്കെ ഇന്ത്യാ-പാക് ചര്‍ച്ചകള്‍ക്കു കളമൊരുങ്ങുന്നുവോ അപ്പോഴൊക്കെ അതു തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ പാക് സൈന്യം കരുക്കള്‍ നീക്കാറുമുണ്ട്. പത്താന്‍കോട്ടിലും അതാണു സംഭവിച്ചത്. രണ്ടു പ്രധാനമന്ത്രിമാരുടെയും കൂടിക്കാഴ്ചയുടെ ഊഷ്മളത മായും മുന്‍പെ ഉറിയിലേതു പോലെ ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തുകയായിരുന്നു. പുതുവര്‍ഷത്തില്‍ പാക് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്നതു മുഖവിലക്കെടുത്തില്ല. പാക് ഭീകരര്‍ക്ക് വ്യോമസേനയുടെ കാന്റീന് വരെ എത്താന്‍ കഴിഞ്ഞത് അതുകൊണ്ടായിരുന്നു. ഇതില്‍ നിന്നും ഇന്ത്യ പാഠം പഠിക്കേണ്ടതായിരുന്നു.
എ.കെ ആന്റണിയുടെ വാക്കുകള്‍ ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. രണ്ടു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനെത്തുടര്ന്നാണു പത്താന്‍കോട്ടില്‍ ഭീകരരെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞത്. ഉറിയില്‍ മരണപ്പെട്ട ഭീകരര്‍ക്കു പുറമെ ഇനിയും ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നാണറിയേണ്ടത്. കഴിഞ്ഞ ജൂണില്‍ കശ്മിരിലെ പാംപോറില്‍ സി.ആര്.പി.എഫിനു നേരെയുണ്ടായ ലഷ്കര്‍ ഇ ത്വയ്ബയുടെ ആക്രമണവും നമ്മുടെ ഭാഗത്തുണ്ടായ സുരക്ഷാ പാളിച്ച മൂലമായിരുന്നു. അതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എവിടെയെത്തി എന്നറിയില്ല. ദക്ഷിണ കശ്മിരിലെ പുല്‍വാമ ജില്ലയിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു ജവാന്മാരെയാണു നഷ്ടപ്പെട്ടത്. ഓരോ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും വഴിപാടു പ്രസ്താവനകള്‍ക്കപ്പുറം നടപടികളൊന്നും ഇന്ത്യയുടെ പക്കല്‍ ഉണ്ടാകുന്നില്ല. നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ തുരത്താനുതകുന്ന കര്‍മപദ്ധതിക്കു രൂപം നല്കാന് ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. അതിന്റെ ഫലം കൂടിയാണു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും വലിയ ഭീകരാക്രമമത്തിന് ഉറിയില്‍ രാജ്യം വിധേയമായിരിക്കുന്നത്. 2013 ല്‍ യു.പി.എ സര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷണാര്‍ഥം രൂപം നല്കിയ മൗന്‍ഡന്‍ സ്ട്രൈക്ക് കോറിന്റെ അംഗബലം വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട പ്രതിരോധമന്ത്രിയാണു നമുക്കിപ്പോള്‍ ഉള്ളത്.
യു.പി.എ സര്‍ക്കാര്‍ എഴുപതിനായിരം സൈനികരെയാണു ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നതെങ്കില് ബി.ജെ.പി സര്‍ക്കാര്‍ അതു 35,000 ആയി ചുരുക്കി. ചൈനയില്‍ നിന്നുള്ള ഭീക്ഷണിയും ചെറുതായി കാണാന്‍ പറ്റാത്ത ഒരവസ്ഥയാണിപ്പോഴുള്ളത്. ഇന്ത്യാ – ചൈനാ സേനാനുപാതം ഇപ്പോള്‍ 1:3 ആണ്. മൂന്നു ചൈനക്കാരെ നേരിടാന്‍ ഒരു ഇന്ത്യന്‍ ഭടന് മാത്രം! ഭക്ഷണത്തില്‍ ഗോമാംസം അന്വേഷിച്ചു വിയര്പ്പൊഴുക്കുന്നതിനു പകരം രാജ്യസുരക്ഷയെക്കുറിച്ച് ഓര്‍ക്കുകയാണു വേണ്ടത്. വിശ്വസിക്കാന്‍ കൊള്ളാത്ത അയല്‍ക്കാരെ നിലക്കു നിര്‍ത്തുന്നതിനു പകരം കപട ദേശഭക്തി കൊണ്ടു രാജ്യം രക്ഷപ്പെടുകയില്ല.