
വെംബ്ലി: സീസണില്‍ കിരീടത്തോടെ തുടങ്ങാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ലിവര്‍പൂളിന് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡില്‍ പെനാല്‍റ്റിയിലായിരുന്നു ആഴ്സനല്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. പെനാല്‍റ്റിയില്‍ 5-4 എന്ന സ്കോറിനായിരുന്നു ആഴ്സനലിന്റെ കിരീട നേട്ടം.
12ാം മിനുട്ടില്‍ ഒബമയോങ്ങ് ആഴ്സനലിന്റെ ആദ്യ ഗോള്‍ നേടി. എന്നാല്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ 73ാം മിനുട്ടില്‍ തക്കുമി മിനാമിനോയായിരുന്നു ലിവര്‍പൂൡന്റെ സമനില ഗോള്‍ കണ്ടെത്തിയത്. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. പെനാല്‍റ്റിയില്‍ ആഴ്സനല്‍ താരം റയാന് ബ്ര്യൂസ്റ്ററിന്റെ കിക്ക് ആഴ്സന്‍ കീപ്പര്‍ തടയുകയായിരുന്നു. ഇതോടെ ആഴ്സനലിന് കിരീട നേട്ടത്തോടെ സീസണ് തുടങ്ങാന്‍ കഴിഞ്ഞു. ഒരു മാസം മുമ്പ് ചെല്‍സിയെ പരാജയപ്പെടുത്തി അര്‍ട്ടേറ്റയും സംഘവും എഫ്.എ കപ്പും സ്വന്തമാക്കിയിരുന്നു. അര്‍ട്ടേറ്റക്ക് കീഴില്‍ ആഴ്സനലിന്റെ രണ്ടാം കിരീട നേട്ടമാണിത്.