തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതു ഇടങ്ങളില്‍ പൊങ്കാല അര്‍പ്പിക്കാന്‍ അവസരമുള്ളതിനാല്‍ മുന്‍കാലങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കണക്ക്കൂട്ടല്‍. രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. തുടര്‍ന്ന് ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലേക്കും ദീപം പകരും. ഉച്ചക്ക് 2:30നാണ് നിവേദ്യ ചടങ്ങ്.
രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. 10.30ക്ക് അടുപ്പുവെട്ട്. കണ്ണകീചരിത്രത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞയുടന്‍ ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളില്‍ അഗ്‌നി പകര്‍ന്ന ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. ചെണ്ടമേളത്തിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയില്‍ സഹമേല്‍ശാന്തി പണ്ടാര അടുപ്പ് ജ്വലിപ്പിക്കും. തുടര്‍ന്ന് ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് ആ ദീപം പകരുന്നതോടെ അനന്തപുരി ഭക്തി സാന്ദ്രമാകും. പൊങ്കാലയടുപ്പു കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് ഭവന പദ്ധതിക്കായി കോര്‍പ്പറേഷന്‍ ശേഖരിക്കും.
പണ്ടാര അടുപ്പില്‍ തയ്യാറാക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുന്നത്. പൊങ്കാല നിവേദ്യത്തിന് ഇത്തവണ 300 ശാന്തിക്കാരെ ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനത്തിന് താത്കാലിക ജീവനക്കാരെയടക്കം കോര്‍പ്പറേഷന്‍ എത്തിക്കും. പൊങ്കാല ദിവസം റെയില്‍വെയും കെ.എസ്.ആര്‍.ടി.സിയും പ്രത്യേക സര്‍വീസ് നടത്തും.
Comments are closed for this post.