2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

‘ആര്‍ദ്രം’ സഫലമാകണം


സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ‘ആര്‍ദ്രം’ പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തതോടെ യാഥാര്‍ഥ്യമായിരിക്കുകയാണ്. ദരിദ്രരും സാധാരണക്കാരുമായ ആയിരക്കണക്കിന് രോഗികള്‍ക്ക് ഗുണപ്രദമാകുന്ന ഈ പദ്ധതി വിജയിക്കേണ്ടതുണ്ട്. ഇതുവഴി മികച്ച ചികിത്സ സാധാരണക്കാര്‍ക്ക് ലഭിക്കുമെങ്കില്‍ സര്‍ക്കാരിന്റെ മഹത്തായ ഒരു സംരംഭം തന്നെയായിരിക്കും ഇത്. ആഗോളീകരണത്തെ തുടര്‍ന്ന് സര്‍ക്കാരുകള്‍ സേവനമേഖലയില്‍നിന്നു പിന്തിരിഞ്ഞതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരാണ് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങളും സര്‍ക്കാര്‍ ആശുപത്രികളും നോക്കുകുത്തികളായി. അവസരം മുതലെടുത്ത് മുഖ്യമന്ത്രി പറഞ്ഞതുപോലെ അബ്കാരി ബിസിനസിനേക്കാള്‍ ലാഭകരം സ്വാശ്രയ സ്ഥാപനങ്ങളും സ്വകാര്യ സ്‌കൂളുകളും സ്ഥാപിക്കുകയാണ് നല്ലതെന്ന് പലരും മനസ്സിലാക്കി. സ്വകാര്യ ആശുപത്രികളും തഴച്ചുവളര്‍ന്നു. ജലദോഷം പോലുള്ള ചെറിയ രോഗങ്ങള്‍ക്കുപോലും അള്‍ട്രാ സൗണ്ട് സ്‌കാനിങും ഇ.സി.ജിയും നിര്‍ബന്ധമാക്കുന്ന സ്വകാര്യ ആശുപത്രികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ദ്രം പോലുള്ള സംരംഭം അനിവാര്യമാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു രോഗികള്‍ക്കുണ്ടാകുന്ന തിക്തമായ അനുഭവങ്ങള്‍ കാരണം കാശില്ലെങ്കിലും കടം വാങ്ങിയിട്ടെങ്കിലും സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍നിന്നു ലഭിക്കുന്ന ചികിത്സയേക്കാള്‍ മികച്ച ചികിത്സ മെഡിക്കല്‍ കോളജുകളില്‍ നിന്നു ലഭിക്കുന്നു. ചികിത്സാ പിഴവു മൂലം രോഗി മരിച്ചാല്‍ പുറത്തേക്ക് അറിയിക്കാതെ രണ്ടു മൂന്നു ദിവസം ഫ്രീസറില്‍ സൂക്ഷിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഇതിന്ന് ഭീമമായ തുകയും ഈടാക്കുന്നു. എന്നിട്ടും ആളുകള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയാത്തതുകൊണ്ടാണ്. ജനങ്ങളില്‍ 63 ശതമാനവും സ്വകാര്യമേഖലയെ ആശ്രയിക്കുന്നത് മാറ്റിയെടുക്കുവാന്‍ ആര്‍ദ്രം പദ്ധതിയിലൂടെ കഴിയുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം യാഥാര്‍ഥ്യമാകട്ടെ എന്നു തന്നെയായിരിക്കും പൊതുസമൂഹം കരുതുന്നുണ്ടാവുക.

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രധാന പരാധീനത പല മരുന്നുകളും അവിടെ ഉണ്ടാകാറില്ല എന്നതാണ്. പല ഡോക്ടര്‍മാരും സീറ്റുകളില്‍ സമയത്തെത്തുകയില്ല. ഒ.പിയില്‍ പ്രായം ചെന്ന രോഗികള്‍ മണിക്കൂറുകള്‍ വരെ ഡോക്ടര്‍ക്കുവേണ്ടി കാത്തിരിക്കുന്നു. പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതില്‍ ഉത്സുകരുമാണ്. എന്നാല്‍, ഇതില്‍ നിന്നു വ്യത്യസ്തമായി ചികിത്സയെ പ്രാര്‍ഥന പോലെ കരുതുന്ന എത്രയോ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രാപ്പകല്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ ഉള്ളഴിഞ്ഞ സമീപനം ഉണ്ടായിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അകാലമരണങ്ങള്‍ കൊണ്ട് നിറയുമായിരുന്നു.

എന്നാല്‍, സ്വകാര്യ ആശുപത്രികളെ തടിപ്പിക്കുവാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സ്‌കാനിങ് യന്ത്രവും മറ്റു ചികിത്സാ ഉപകരണങ്ങളും കേടുവരുത്തുന്ന ജീവനക്കാരും ആളുകളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു അകറ്റുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കാരുണ്യ പദ്ധതി ആര്‍ദ്രം പദ്ധതിയില്‍ ലയിപ്പിക്കുന്നതോടെ മെച്ചപ്പെട്ട ചികിത്സയും പരിചരണവും രോഗികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇതിന് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരും ആത്മാര്‍ഥതയോടെ ജോലി ചെയ്യേണ്ടതുമുണ്ട്. രക്തധമനികളിലെ രക്തയോട്ടം സുഗമമാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് ഉപകരണങ്ങള്‍ക്ക് കൊള്ള വിലയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. 3000 രൂപക്ക് കിട്ടുന്ന എറോമലിസ് പോലുള്ള മികച്ച സ്റ്റെന്റുകള്‍ക്ക് ഒന്നര ലക്ഷം വരെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നു. ആര്‍ദ്രം പദ്ധതി വരുന്നതോടെ ഇത്തരം കൊള്ള ചികിത്സാ മേഖലയില്‍ നിന്നു അപ്രത്യക്ഷമാകുമെന്ന് കരുതാം.

ഡോ. ബി. ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള ആരോഗ്യനയം പ്രാവര്‍ത്തികമാകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ഗുണം ലഭിക്കുമെന്ന് കരുതാം. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം പോലുള്ള ശൈലീ രോഗങ്ങള്‍ക്ക് മികച്ച ചികിത്സ ആര്‍ദ്രം പദ്ധതി വഴി ലഭ്യമാക്കണം. എങ്കില്‍ സ്വകാര്യ ആശുപത്രികളുടെ ഈ രംഗത്തെ കൊള്ള അവസാനിപ്പിക്കുവാന്‍ കഴിയും. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുവാനും പരമാവധി സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കാനുമാണ് ആര്‍ദ്രം പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജു വരെ ഈയൊരു സംവിധാനം നടപ്പാക്കുവാന്‍ സര്‍ക്കാരിന് കഴിയുമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടമായി അതു മാറും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.