
ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങിയെന്ന ആരോപണം നേരിടുന്ന ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി വിശദീകരണവുമായി രംഗത്ത്. ആരോപണത്തില്‍ ഒരു ശതമാനം സത്യമുണ്ടെങ്കില്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2004 മുതല്‍ തനിക്ക് വര്‍മയുമായി ഒരു ബന്ധവുമില്ലെന്നും വരുണ്‍ പറഞ്ഞു. അസംബന്ധമായ ഇത്തരം റിപ്പോര്‍ട്ടുകളോടു പ്രതികരിക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെയുള്ള വാദത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും വരുണ്‍ പറഞ്ഞു.
സ്ത്രീകളെ ഉപയോഗിച്ച് കെണിയൊരുക്കുന്ന ഹണി ട്രാപ്പില്‍ പെട്ട് വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രിയുടെ ഒഫിസിലില് ലഭിച്ച കത്തിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. വിദേശ സ്ത്രീകളുമായുള്ള വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തിയാണ് വരുണ്‍ ഗാന്ധിയില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയത് എന്നാണ് കത്തില്‍ പറയുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എഡ്മണ്ട് അലന് ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സ്വരാജ് അഭിയാന് നേതാക്കളായ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്രയാദവ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കത്ത് പുറത്തുവിട്ടത്.
വിവാദ ആയുധ വില്‍പ്പനക്കാരനായ അഭിഷേക് വര്‍മയോട് ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങള്‍ സംബന്ധിച്ച് വരുണ്‍ ഗാന്ധി വെളിപ്പെടുത്തിയതായാണ് കത്തിലെ ആരോപണം. അഭിഷേകും അലനും മുമ്പ് ബിസിനസ് പങ്കാളികളായിരുന്നു. എന്നാല്‍ 2012ല്‍ ഇവര്‍ പിരിഞ്ഞു.
വിവിധ കേസുകളില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അഭിഷേക് വര്‍മ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വര്‍മയ്ക്കിരെ പല നിര്‍ണായക തെളിവുകളും അലന് മുമ്പുതന്നെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.