
കണ്ണൂര്‍: ജില്ലയിലെ ആദിവാസി കോളനികളിലെയും തീരദേശ പ്രദേശങ്ങളിലെയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ മെഡിക്കല്‍ ഓഫിസ്, നാഷനല്‍ ഹെല്‍ത്ത് മിഷന്, ഐ.ടി.ഡി.പി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ആദിവാസി കോളനികളിലെയും തീരപ്രദേശങ്ങളിലെയും ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ സമ്പൂര്‍ണ ആരോഗ്യ സംരക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ഡിസ്പെന്‍സറികള്‍ ഓരോ മാസവും ഇവിടങ്ങളിലെത്തി ആവശ്യമായ പരിശോധനകളും മരുന്നുകളും ലഭ്യമാക്കും. ഇതിനായി പി.കെ ശ്രീമതി എം.പി അനുവദിച്ച മൂന്നു വാഹനങ്ങള്‍ വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തും. വിദഗ്ധ പരിശോധനകളും ലബേറട്ടറി സേവനങ്ങളും ആവശ്യമുള്ള ഗര്‍ഭിണികളടക്കമുള്ളവരെ സൗകര്യപ്രദമായ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിച്ച് ഇവ ലഭ്യമാക്കും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നതിന് ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങളും മരുന്നുകളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യും. ഓരോരുത്തരുടെയും ഭക്ഷണ ശീലങ്ങളും താല്പര്യങ്ങളും മുന്‍നിര്‍ത്തിയാണ് ഇവ തയാറാക്കി നല്‍കുക.