2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

ആരോഗ്യമുള്ള സമൂഹത്തിന് ശുചിയാവെട്ട നാട്


വെടിപ്പും ആരോഗ്യവുമുള്ള സമൂഹം ഏത് നാടിന്റെയും സ്വപ്നമാണ്. പക്ഷെ, ആ സ്വപ്നത്തില്‍നിന്ന് എത്രകാതം ദൂരെയാണ് കേരളമെന്ന് ബോധ്യമാവാന്‍ പൊതുവഴിയിലൂടെ അല്‍പനേരം സഞ്ചരിച്ചാല്‍ മതി. കണ്ണും മൂക്കും പൊത്താതെ അധികനേരം യാത്ര ചെയ്യാനാവില്ല. എവിടെയും നിങ്ങളെ വരവേല്‍ക്കുക ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങളാവും. വ്യക്തി ശുചിത്വത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന മലയാളി പൊതുശുചിത്വത്തില്‍ എത്രമാത്രം പിറകിലാണെന്ന് വ്യക്തമാക്കുന്നതാണ് ചീഞ്ഞളിഞ്ഞ ഈ മാലിന്യക്കുപ്പകള്‍. മാലിന്യപ്രശ്‌നം കേരളത്തില്‍ ഇപ്പോള്‍ കൈവിട്ട അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്രനഗരവികസന മന്ത്രാലയം നടത്തിയ ശുചിത്വനഗര സര്‍വേയില്‍ ആദ്യ 250 നഗരങ്ങളില്‍ കേരളത്തിലെ ഒരു നഗരം പോലുമില്ല എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യമാണ്. 434 നഗരത്തില്‍ നടത്തിയ സര്‍വേയില്‍ 254ാം സ്ഥാനം ലഭിച്ച കോഴിക്കോടാണ് കേരളത്തില്‍ ഒന്നാം സ്ഥാനത്ത്. കൊച്ചി 271ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തലസ്ഥാനമായ തിരുവനന്തപുരം 372ാം സ്ഥാനവുമായി ഏറെ പിറകിലാണ്. 2015ല്‍ 476 നഗരങ്ങള്‍ ഉള്‍പ്പെട്ട സര്‍വേയില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന കൊച്ചിയാണ് 2016ല്‍ 55ാം സ്ഥാനത്തും ഈ വര്‍ഷം 271ാം സ്ഥാനത്തുമെത്തിയത്. 2015ല്‍ എട്ടാം സ്ഥാനം നേടിയ തിരുവനന്തപുരമാകട്ടെ പിറ്റേവര്‍ഷം നാല്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതെല്ലാം വ്യക്തമാക്കുന്നത് ശുചിത്വകാര്യത്തില്‍ കേരളം സഞ്ചരിക്കുന്നത് പിറകോട്ടാണെന്നാണ്. 

 

സാക്ഷരതയിലും സാംസ്‌കാരികതയിലും മറ്റുള്ളവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലയാളികള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഇനിയും നാണംകെട്ടുകൂടാ. ശുചിത്വവും ആരോഗ്യവും തമ്മില്‍ കെട്ടുപിണഞ്ഞ ബന്ധമാണുള്ളത്. പൊതുശുചിത്വത്തില്‍ മലയാളികള്‍ അലംഭാവം കാണിച്ചതോടെയാണ് ആരോഗ്യരംഗത്ത് നമുക്കുണ്ടായിരുന്ന മേന്മ നഷ്ടപ്പെട്ടുപോയത്. നിര്‍മാര്‍ജനം ചെയ്‌തെന്നോ നിയന്ത്രണവിധേയമാക്കിയെന്നോ നാം അവകാശപ്പെട്ട രോഗങ്ങളെല്ലാം കൂട്ടത്തോടെ ഇപ്പോള്‍ തിരിച്ചുവരുകയാണ്. സാംക്രമിക രോഗങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും മുന്നില്‍ പകച്ചുനില്‍ക്കുകയാണ് മലയാളി.
നഗര ഗ്രാമ ഭേദമില്ലാതെ നാട്ടില്‍ ശുദ്ധികലശം നടത്തുന്ന രണ്ട് മഴക്കാലങ്ങള്‍കൊണ്ട് അനുഗ്രഹീതരാണ് കേരളം. പോരാത്തതിന് 44 നദികളും അതിലേറെ തോടുകളും ഒട്ടനവധി കായലുകളും ഇവിടെയുണ്ട്. ലോകത്തെവിടേക്കാളും കിണര്‍ സാന്ദ്രതയും നമ്മുടെ കൊച്ചു സംസ്ഥാനത്താണ്. ദിവസം രണ്ടുനേരം കുളിച്ച് വ്യക്തിശുചീകരണത്തില്‍ അതീവ ശുഷ്‌കാന്തി കാണിക്കുന്ന മലയാളി, പൊതുശുചിത്വത്തിലും ഈ ജാഗ്രത മുറുകെ പിടിക്കേണ്ടതുണ്ട്. ശുചിമുറികള്‍ സ്വീകരണമുറികള്‍പോലെ വൃത്തിയായി സൂക്ഷിക്കണമെന്നാണ് രാഷ്ട്രപിതാവ് നമ്മെ പഠിപ്പിച്ചത്. മറ്റ് പലതിലുമെന്നപോലെ ഇക്കാര്യത്തിലും മഹാത്മജിയെ മറന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.

മാലിന്യനിര്‍മാര്‍ജനം കേവലം സര്‍ക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ പരിഹരിക്കാവുന്ന ഒന്നല്ല. ജനങ്ങളുടെ സഹകരണം ഇതിന് അനിവാര്യമാണ്. ഹരിതമിഷന്റെ ഭാഗമായി തദ്ദേശ ഭരണ വകുപ്പും ശുചിത്വമിഷനും ചേര്‍ന്ന് പ്രഖ്യാപിച്ച ‘മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം’ പദ്ധതി ജനങ്ങളുടെ നിസ്സഹകരണം കാരണം ഇപ്പോള്‍ മുടന്തുകയാണ്. വീടുകളിലും സ്ഥാപനങ്ങളില്‍നിന്നുമുള്ള പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. പഞ്ചായത്തുകളിലെ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളില്‍ (എം.ആര്‍.എഫ്) ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള സൂപ്പര്‍ എം.ആര്‍.എഫുകളില്‍ വച്ച് ചെറുപരലുകളാക്കിയോ അടിച്ച് പരത്തിയോ പുനസംസ്‌കരണ ഏജന്‍സികള്‍ക്ക് കൈമാറുന്നതാണ് ഈ പദ്ധതി. എന്നാല്‍, പ്ലാസ്റ്റിക് പരലുകളാക്കുന്നത് വായുമലിനീകരണത്തിന് ഇടയാക്കുമെന്നും യഥാസമയം പുനഃസംസ്‌കരണ കേന്ദ്രങ്ങളിലേക്ക് അയച്ചില്ലെങ്കില്‍ കെട്ടിക്കിടന്ന് പരിസരവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ചില പ്രദേശങ്ങളില്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുകയാണ്.

പ്ലാസ്റ്റിക് പരലുകളാക്കി മാറ്റുന്നത് വായു മലിനീകരണത്തിന് കാരണമാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നിശ്ചിത വിഭാഗം പ്ലാസ്റ്റിക്കുകള്‍ മാത്രമാണ് പരലുകളാക്കി മാറ്റുന്നതെന്നും ബോട്ടിലുകളും മറ്റും അടിച്ച്പരത്തുക മാത്രമാണ് ചെയ്യുകയെന്നും അവര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സമരക്കാര്‍ ഇതുകൊണ്ടൊന്നും തൃപ്തരല്ല. നാട്ടുകാരുടെ ആശങ്കകള്‍ ദൂരീകരിച്ച് പദ്ധതിയുമായി മുന്നോട്ട് പോവാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. വൃത്തിയും ആരോഗ്യവുമുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ കുറുക്കുവഴികളില്ല. എല്ലാവരും ഒത്തൊരുമിച്ച് നിന്നാലേ മാലിന്യവിപത്തില്‍നിന്ന് രക്ഷപ്പെടാനാവൂ. വൃത്തി, വിശ്വാസത്തിന്റെ ഭാഗമാണെന്ന തിരുവചനം ഏതൊരു ജനതയും നെഞ്ചേറ്റേണ്ട ജീവിതവ്രതമാണെന്ന വസ്തുത ഏവരും ഓര്‍ക്കുന്നത് നന്ന്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.