സ്വന്തം ലേഖകൻ
കൊണ്ടോട്ടി •തസ്തിക നിർണയത്തിൽ ആയിരത്തിലധികം കായികാധ്യാപകരുടെ തൊഴിൽ നഷ്ടപ്പെട്ടതു മൂലം സ്‌കൂൾ കായിക മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകുന്നു.
രണ്ട് മാസം മുമ്പാണ് തസ്തിക നിർണയത്തെ തുടർന്ന് ആയിരത്തിലേറെ കായിക അധ്യാപകർക്ക് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടവരെ സംരക്ഷിക്കാൻ ഉത്തരവിറക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്കും അസ്ഥാനത്തായതോടെയാണ് മേള നടത്തിപ്പ് നാഥനില്ലാ കളരിയാകുന്നത്.
500 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിയിലാണ് പുതിയ തസ്തിക നിർണയം. 499 കുട്ടികളുള്ള സ്‌കൂളായാലും കായിക അധ്യാപകന്റെ ജോലി ഇതോടെ ഇല്ലാതായി. 2015 നു മുമ്പ് ജോലിയിൽ കയറിയവരേ മറ്റു സ്‌കൂളുകളിലേക്കും, ബി.ആർ.സികളിലേക്കും മാറ്റിയെങ്കിലും ആയിരത്തിലേറെ കായിക അധ്യാപകരാണ് രണ്ട് മാസമായി ജോലിയില്ലാതെ കഴിയുന്നത്. നേരത്തെ 300കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലായിരുന്നു.
രണ്ട് വർഷത്തിന് ശേഷമാണ് സ്‌കൂളുകളിൽ കായികമേളകൾ ആരംഭിക്കുന്നത്. എന്നാൽ മതിയായ കായികാധ്യാപകരില്ലാത്തതിനാൽ വിദ്യാർഥികളുടെ പരിശീലനവും, മത്സരത്തിനുള്ള അവസരവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
മിക്ക സ്‌കൂളുകളിലും ഇത് മേളകളുടെ നടത്തിപ്പിനേയും ബാധിച്ചിട്ടുണ്ട്. കായികാധ്യാപക സംരക്ഷണം പ്രത്യേക പരിഗണനാ വിഷയമായി കണക്കാക്കി 2022 വരേ സർവിസിലുണ്ടായിരുന്നവർക്ക് പുനർ നിയമനം നൽകണമെന്ന ആവശ്യമാണ് ജോലി നഷ്ടമായവർ ഉന്നയിക്കുന്നത്.
Comments are closed for this post.