2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആപ്രിലിയ എസ്.ആര്‍ 150

എ.വിനീഷ്

വലതുകൈയൊന്ന് മുരണ്ടിയാല്‍ പായുന്ന ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ ഇന്ന് ഒരു തരംഗമാണ്. ഉപയോഗിക്കാനുള്ള സൗകര്യവും സ്റ്റോറേജ് സ്‌പെയ്‌സുമൊക്കെയാണ് സ്ത്രീകള്‍ക്കുവരെ ഇതിനോട് ആരാധന തോന്നാന്‍ കാരണവും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബേസിക് ഡിസൈനിനപ്പുറം കാര്യമായ മാറ്റങ്ങള്‍ ഇല്ലാത്തവയാണു നിലവിലുള്ള മോഡലുകളെല്ലാം എന്നൊരു പോരായ്മയുണ്ട്. ഇതിന് പരിഹാരമായാണ് ഇറ്റാലിയന്‍ കമ്പനിയായ ആപ്രിലിയ എത്തുന്നത്. പരമ്പരാഗത മോഡലുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് എസ്.ആര്‍ 150 എന്ന ആപ്രിലിയയുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍.

   ഇറ്റാലിയന്‍ ടു ആന്റ്  ത്രീവീലര്‍ നിര്‍മാതാക്കളായ പിയാജിയോ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആപ്രിലിയയെ ഇവിടെ എത്തിക്കുന്നത്. കമ്പനിയുടെ ആപെ ത്രീവീലറുകള്‍ക്കും വെസ്പ സ്‌കൂട്ടറുകള്‍ക്കും ശേഷം എത്തുന്ന മൂന്നാമത്തെ ബ്രാന്‍ഡ് ആണ് ആപ്രിലിയ. വെസ്പ സ്‌കൂട്ടറുകളില്‍ ഉള്ള 150 സി.സി 11.5 ബി.എച്ച്.പി എന്‍ജിന്‍ ആണ് എസ്.ആര്‍ 150ലും ഉപയോഗിക്കുന്നത്. എന്നാല്‍ എന്‍ജിന്‍ പവര്‍ മാത്രമല്ല , ഒരു മോട്ടോര്‍ ബൈക്കിനോട് സാദൃശ്യം തോന്നുന്ന അതിന്റെ ലുക്ക് ആണ് ആപ്രിലിയയെ വ്യത്യസ്തമാക്കുന്നത്. വലിയ 14 ഇഞ്ച് വീലുകളും ഇതിന് ഏറെ സഹായിക്കുന്നുണ്ട്.

 വില കൂടുതലുള്ള വെസ്പ 150 മോഡലുകള്‍ക്ക് താഴെയായി ആപ്രിലിയ എസ്.ആര്‍ 150യെ നിലനിര്‍ത്താനാണു പിയാജിയോയുടെ ശ്രമം. അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ 124 സി.സി എന്‍ജിനുമായാണ് എസ്.ആര്‍ 150 എത്തുന്നത്. ഇന്ത്യയില്‍ വെസ്പയുടെ വി.എക്‌സ്.എല്‍, എസ്. എക്‌സ്.എല്‍ മോഡലുകളില്‍ ഉപയോഗിക്കുന്ന 150 സി.സി എന്‍ജിനാണ് എസ്.ആര്‍ 150നായി പിയാജിയോ തിരഞ്ഞെടുത്തിരിക്കുന്നതെന്ന സവിശേഷതയുണ്ട്.

65,000 രൂപയാണ് എസ്.ആര്‍ 150യുടെ മുംബൈയിലെ എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളുകളുടെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നുപോയ  സ്‌കൂട്ടര്‍രംഗത്തിന് ഇവിടെ ഒരു രണ്ടാംജന്മം നല്‍കിയത് ആക്ടീവയിലൂടെ ഹോണ്ടയായിരുന്നു. എന്നാല്‍ യുവതലമുറയെ ആകര്‍ഷിക്കുന്ന ലുക്കും എന്‍ജിന്‍ പവറുമൊക്കെയായി ആപ്രിലിയ എന്ന ഇറ്റാലിയന്‍ താരം കൂടി എത്തുന്നതോടെ ഗിയര്‍ലെസ് സ്‌കൂട്ടര്‍ രംഗത്ത് മത്സരം വീണ്ടും മുറുകുമെന്നതില്‍ തര്‍ക്കമില്ല.

  സ്‌കൂട്ടറുകള്‍ക്ക് പുറമെ ആപ്രിലിയയുടെ മോട്ടോര്‍ ബൈക്കുകളും ഇന്ത്യയില്‍ താമസിയാതെ നിര്‍മാണം തുടങ്ങും.നിലവില്‍ ആപ്രിലിയ ബൈക്കുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നതിനാല്‍ 10 ലക്ഷത്തിന് മുകളിലാണ് വില. ഇവിടെ നിര്‍മിക്കുന്നതോടെ വിലകുറയ്ക്കാനാവും. വെസ്പ സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്ന  പിയാജിയോയുടെ  മഹാരാഷ്ട്രയിലെ ബരാമതിയിലെ പ്‌ളാന്റില്‍ ആണ്  ആപ്രിലയും നിര്‍മിക്കുന്നത്. പിയാജിയോയുടെ ലോകോത്തര സ്‌പോര്‍ട്‌സ് ബൈക്ക് ആയ മോട്ടോ ഗുസിയും ആപ്രിലിയയ്ക്കു പിറകെ എത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.