
കൊല്‍ക്കത്ത: ഗാലക്സി 7 ഫോണിന്റെ വിജയകരമായ പുറത്തിറക്കലിനുശേഷം ഗാഡ്ജറ്റ് ലോകത്ത് സാംസങിന് ആശ്വാസ ദിവസങ്ങളാണ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ആപ്പിളിനെ കടത്തിവെട്ടി സാംസങ് തന്നെയാണ് ഇന്ത്യന്‍ വിപണിയില്‍ കുതിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജനുവരി- മാര്‍ച്ച് സീസണിലെ കണക്കുകളാണ് ഇന്ത്യയില്‍ വീണ്ടും സാംസങ് തിരിച്ചുവരുന്ന കണക്കുകളുള്ളത്.
ഒക്ടോബര്‍- ഡിസംബര്‍ സീസണില്‍ ആപ്പിളും സാംസങും ഒപ്പത്തിനൊപ്പമായിരുന്നു. ജനപ്രിയ ഫോണുകളുടെ വില കുറച്ചതടക്കമുള്ള കാര്യങ്ങളാണ് സാംസങിനെ തുണച്ചത്. രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഏറ്റവും വലിയ കണക്കെടുപ്പുകാരായ ജി.എഫ്.കെ, കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് എന്നീ ഏജന്‍സികളുടേതാണ് കണക്ക്. 30,000 പ്ലസ് ബജറ്റിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ആപ്പിളിനേക്കാളും വിറ്റു പോയത് സാംസങിന്റേതാണെന്നു ഇവരുടെ കണക്കുകള്‍ പറയുന്നു.
മുന്‍പത്തെ സീസണിലെ 35 ശതമാനം വില്‍പ്പനയില്‍ നിന്ന് ജനുവരി- മാര്‍ച്ച് സീസണില്‍ 62 ശതമാനം വളര്‍ച്ചയുണ്ടായതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിള്‍ 55 ശതമാനത്തില്‍ നിന്ന് 37 ശതമാനത്തിലേക്ക് താഴ്ന്നു.
50,000 പ്ലസ് ഫോണുകളുടെ വില്‍പ്പനയിലും സാംസങ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. 50 ശതമാനമാണ് സാംസങിന്റെ വില്‍പ്പന വളര്‍ച്ചയെങ്കില്‍ ഐ ഫോണിന്റേത് 41 ശതമാനം മാത്രമാണ്. 13 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഐ ഫോണ്‍ ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. അവസാനമായി ഇറക്കിയ ഐ ഫോണ്‍ സ്പെഷ്യല്‍ എഡിഷന് മുന്‍പത്തെപ്പോലെ സ്വീകാര്യത ലഭിച്ചില്ലെന്ന വാര്‍ത്തയും നേരത്തെ ഉണ്ടായിരുന്നു.