2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആദ്യകാലത്ത് റാങ്കുകളുടെ തോഴന്‍, ഒടുവില്‍ കേസുകളുടെയും

സുനി അല്‍ഹാദി
കൊച്ചി: പഠിക്കുന്ന കാലത്ത് റാങ്കുകളുടെ തോഴന്‍. ജോലിയില്‍ കയറിയപ്പോള്‍ തൊട്ടതെല്ലാം പൊന്നാക്കിയ ‘മിടുക്കന്‍’, ഒടുവില്‍, സര്‍ക്കാര്‍ സര്‍വിസിന്റെ ഉത്തുംഗതയില്‍ നിന്ന് അപമാനിതനായി ജയിലിലേക്ക്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക് നേടിയാണ് എം.ശിവശങ്കര്‍ ആദ്യം ശ്രദ്ധേയനാകുന്നത്. തുര്‍ന്ന്, പാലക്കാട് എന്‍ജിനിയറിങ് കോളജിലെ ബി.ടെക് പഠനത്തിലും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി. റൂറല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും നേടിയ ശിവശങ്കര്‍ റിസര്‍വ് ബാങ്ക് ഓഫിസറായും തെരഞ്ഞെടുക്കപ്പെട്ടു.
റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായി നിയമനം കിട്ടിയശേഷം വെച്ചടി വെച്ചടി കയറ്റം. 1995ല്‍ കണ്‍ഫേഡ് ഐ.എ.എസ്. 2000ല്‍ ഇന്ത്യന്‍ ഭരണ സര്‍വിസില്‍ സ്ഥിരാംഗം. മലപ്പുറം ജില്ലാ കലക്ടറായിരിക്കെ മിന്നും പ്രകടനത്തിലൂടെ എല്ലാവരുടെയും കൈയടി നേടി. ടൂറിസം ഡയരക്ടര്‍, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍,പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഇരുന്ന പദവികളിലെല്ലാം മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച് സര്‍ക്കാരുകളുടെ കണ്ണിലുണ്ണിയായി.
ഭരിക്കുന്നവരുടെ ഇഷ്ടതോഴനായി അവസാനം കയറിയെത്തിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന സ്വപ്ന പദവിയിലേക്ക്. ആ പദവി പക്ഷേ, വീഴ്ചയിലേക്ക് വഴിയൊരുക്കുക കൂടിയായിരുന്നു. അധികാരങ്ങള്‍ വര്‍ധിച്ചതോടെ നിക്ഷിപ്ത താല്‍പര്യങ്ങളും വര്‍ധിച്ചു. പിന്നീട് തൊട്ടതെല്ലാം വിവാദമായി. സ്പ്രിംഗ്ലര്‍ ഇടപാട്, ഇ- മൊബിലിറ്റി കരാര്‍ തുടങ്ങി വിവാദങ്ങള്‍ ഒന്നിനുപിറകെ ഒന്നായി എത്തിയെങ്കിലും തന്റെ വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെക്കൂട്ടി.
എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവന്ന വിവരങ്ങള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ശിവശങ്കറെന്ന് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതോടെയാണ് കാലിടറിയത്. പിന്നീട് സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ചോദ്യംചെയ്യല്‍ പരമ്പര. കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയെല്ലാം മാറിമാറി ശിവശങ്കറെ ചോദ്യംചെയ്തു. ചോദ്യംചെയ്യല്‍ നൂറുമണിക്കൂറിലധികം നീണ്ടു. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പാകെ ഹാജരാകാനുള്ള യാത്രകള്‍ ഇരുന്നൂറ് മണിക്കൂറിലേറെയും.
ആദ്യമാദ്യം ചോദ്യംചെയ്യലുകള്‍ക്ക് മുന്നില്‍ കൂസാതെ പിടിച്ചുനിന്നു. എന്നാല്‍, ഡിജിറ്റല്‍ തെളിവുകളും മൊഴിയിലെ വൈരുധ്യങ്ങളും കുരുക്കുതീര്‍ത്തപ്പോള്‍ ശിവശങ്കര്‍ ഗത്യന്തരമില്ലാതെ കോടതിയിലും ആശുപത്രിയിലും അഭയംതേടുന്നതും കേരളം കണ്ടു. എല്ലാത്തിനുമൊടുവില്‍ അപമാനഭാരത്താല്‍ തലകുനിച്ച് പ്രതിസ്ഥാനത്തേക്ക്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.