2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാം

വി. ശിവൻകുട്ടി

വീണ്ടും ഒരു പരീക്ഷാക്കാലം വരവായി. ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കും. മാർച്ച് 10ന് ഹയർസെക്കൻഡറി പരീക്ഷകളും തുടങ്ങും. കൊവിഡ് മഹാമാരി വിദ്യാഭ്യാസരംഗത്ത് ഏൽപ്പിച്ച വലിയ പ്രതിസന്ധികൾക്കുശേഷം ഒരു പൂർണ അക്കാദമിക വർഷം ലഭിച്ചത് ഈ വർഷമാണ്. അങ്ങനെ ഒരു സവിശേഷതകൂടി ഈ വർഷത്തിനുണ്ട്.


പൊതുവിദ്യാഭ്യാസ രംഗത്ത് തുല്യതയും ഗുണതയും വർധിപ്പിക്കണമെങ്കിൽ വിലയിരുത്തൽ രംഗത്തും വലിയ മാറ്റങ്ങൾ വേണ്ടതുണ്ട്. പഠിപ്പിക്കുന്ന ടീച്ചർക്കാണ് സ്വന്തം കുട്ടികളുടെ ശക്തി, ദൗർബല്യങ്ങൾ ഏറ്റവും നന്നായി അറിയാൻ കഴിയുക. കുട്ടികളുടെ ശക്തികൾ കണ്ടെത്തി അത് കൂടുതൽ മികവുള്ളതാക്കിത്തീർക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും കുട്ടികളെ സഹായിക്കാൻ ടീച്ചർമാരെ സജ്ജമാക്കാൻ കഴിയേണ്ടതുണ്ട്. അധ്യാപക പരിശീലനങ്ങൾ ഇതെല്ലാം ഉൾക്കൊള്ളിച്ച് പരിവർത്തിപ്പിക്കാനുള്ളതാക്കി മാറ്റും. നാം തുടങ്ങിവച്ച മെന്ററിങ് പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ദേശീയവിദ്യാഭ്യാസ നയം 2020ൽ കേരളത്തിന് വിയോജിപ്പുള്ള മേഖലകൾ ഉണ്ട്. അത് വ്യക്തമാക്കിയിട്ടുമുണ്ട്. പരീക്ഷകളെ ദേശീയതലത്തിൽ ഏകോപിപ്പിക്കുന്ന അപകടകരമായ അവസ്ഥയുമുണ്ട്. ആധുനികവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തോടൊപ്പം പോകുകയല്ല ദേശീയസർക്കാർ വിദ്യാഭ്യാസ നയത്തിലൂടെ ചെയ്യുന്നത്.
സാമൂഹികമായി നടക്കുന്ന ഇത്തരം ചർച്ചകൾ നടക്കട്ടെ. പരീക്ഷയ്ക്ക് തയാറാകുന്ന കുട്ടികൾ ഈ ഘട്ടത്തിൽ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല. പരീക്ഷയ്ക്ക് നന്നായി സജ്ജമാകുക. ഒരു തരത്തിലുമുള്ള പരീക്ഷാ പേടിയുടെ ആവശ്യമില്ല. ഏറ്റവും ഉന്നതവിജയത്തിനായി കഠിന പരിശ്രമം നടത്തുക. ഫലം നമുക്ക് അനുകൂലമായിരിക്കും. പരീക്ഷാകാലത്ത് കുട്ടികളിൽ ഒരു തരത്തിലുമുള്ള സമ്മർദവും ഉണ്ടാക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. സ്വാഭാവികമായ തയാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുക. വിജയം നിങ്ങളോടൊപ്പമായിരിക്കും. എല്ലാവർക്കും വിജയാശംസകൾ.

(പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.