2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആണ്‍കുഞ്ഞു പിറക്കാന്‍ എളുപ്പവഴിയോ?

ഒരു പ്രമുഖ മലയാള പത്രത്തിന്റെ ആരോഗ്യ സ്‌പെഷലില്‍ ഈയിടെയായി ആണ്‍കുഞ്ഞ് ജനിക്കുന്നതിനുള്ള എളുപ്പവഴികള്‍ പ്രസിദ്ധീകരിച്ചത് കണ്ടു. ഒരു വശത്ത് ഭരണകൂടങ്ങളടക്കമുള്ളവര്‍ ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി മുറവിളി കൂട്ടുമ്പോള്‍, മറുവശത്ത് പെണ്‍കുഞ്ഞ് പിറക്കുന്നത് പോലും മോശമായി ചിത്രീകരിക്കപ്പെടുകയാണെന്ന നഗ്നയാഥാര്‍ഥ്യത്തിലേക്കാണ് ഇത്തരമൊരു ചിന്താഗതി തന്നെ വിരല്‍ ചൂണ്ടുന്നത്. പെണ്‍കുഞ്ഞിന്റെ ജന്മം അപമാനമാണെന്നും ആണ്‍കുഞ്ഞിന്റെ ജന്മം അഭിമാനമാണെന്നുമുള്ള ഉള്ളലിരിപ്പു കൊണ്ടാണല്ലോ ആണ്‍കുഞ്ഞ് ജനിക്കുന്നതിനുള്ള വിദ്യകള്‍ ഈ പത്രം വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. മലയാളീ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ പെണ്‍പേടിയെന്ന് ബി.ബി.സി എഴുതുന്നിടം വരെ എത്തി പത്രത്തിന്റെ ഈ കുറുക്കുവഴി.
ആണ്‍കുഞ്ഞ് ജനിക്കാനുള്ള ചില എളുപ്പ വഴികള്‍ മംഗളം പ്രസിദ്ധീകരിച്ചെങ്കിലും അവയ്ക്ക് ശാസ്ത്രീയ പഠനങ്ങളുമായി ബന്ധമില്ലെന്ന് ബി.ബി.സി മികച്ച ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീ ഗര്‍ഭാവസ്ഥയിലും മറ്റും അനുവര്‍ത്തിക്കേണ്ട ചില ശീലങ്ങള്‍ അതില്‍ ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീയുടെ അണ്ഡ കോശങ്ങളില്‍ ത ക്രോമസോമുകള്‍ മാത്രമേ ഉണ്ടാകൂവെന്നും പുരുഷന്റെ ബീജകോശങ്ങളില്‍ ത ഉം ഥ ഉം ക്രോമസോമുകള്‍ ഉണ്ടാകാമെന്നും ആയതിനാല്‍ പുരുഷന്റെ ബീജകോശങ്ങളാണ് ആണ്‍ പെണ്‍ നിര്‍ണയത്തില്‍ പങ്ക് വഹിക്കുന്നതെന്നും ജനിതക ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തന്മൂലം, ഉപര്യുക്ത മാര്‍ഗങ്ങളിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കാമെന്ന് പറയുന്നത് തനി മൗഢ്യമാണെന്നു ഗ്രഹിക്കാം.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു: ”താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെയും ഉദ്ദേശിക്കുന്ന മറ്റു ചിലര്‍ക്ക് ആണ്‍മക്കളെയും കനിഞ്ഞേകുന്നു. അല്ലെങ്കില്‍ അവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി അവന്‍ നല്‍കുന്നു.” ആണ്‍കുഞ്ഞിനു പ്രാധാന്യം നല്‍കുകയും പെണ്‍ കുട്ടികളെ തിരസ്‌കരിച്ച് ആണ്‍ ശിശു ജനിക്കാന്‍ കുതന്ത്രം മെനഞ്ഞു കൊടുക്കുകയും ചെയ്യുന്നതിലൂടെ പെണ്‍ വിഭാഗത്തെ തരം താഴ്ത്തിക്കാണുകയാണിവര്‍. യഥാര്‍ത്ഥത്തില്‍ സ്ത്രീ-പുരുഷ വിവേചനത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ കയറ്റേണ്ടത് ഇത്തരക്കാരെയാണ്. ആണ്‍കുഞ്ഞുണ്ടാവാന്‍ എളുപ്പവഴികള്‍ അന്വേഷിക്കുന്നവരും നിര്‍ദേശിക്കുന്നവരും ഇസ്‌ലാമില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്ഥാനം തിരിച്ചറിയേണ്ടതുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ കാരണം മാതാപിതാക്കള്‍ക്കു ലഭിക്കുന്ന അതിരറ്റ സൗഭാഗ്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ തയ്യാറാകണം.
”നിശ്ചയം സ്ത്രീകള്‍ പുരുഷന്‍മാരുടെ ഉടപ്പിറപ്പുകളാണെ”ന്ന പ്രവാചകാധ്യാപനം ഇരുവരും തുല്യസ്ഥാനമര്‍ഹിക്കുന്നവരാണെന്ന് പഠിപ്പിക്കുന്നു. മറ്റൊരിക്കല്‍ പ്രവാചകര്‍ (സ്വ) അരുളി ”ഒരാള്‍ തന്റെ പെണ്‍കുട്ടിയെ കുഴിച്ചുമൂടുകയോ നിസാരവല്‍ക്കരിക്കുകയോ ചെയ്യാതിരിക്കുകയും, തന്റെ ആണ്‍കുട്ടിക്ക് അവളേക്കാള്‍ പരിഗണന നല്‍കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.” പിതാക്കള്‍ക്ക് പെണ്‍കുഞ്ഞുങ്ങളാല്‍ സ്വര്‍ഗപ്രവേശനം സാധ്യമാകുമെന്നതിന് നിരവധി പ്രാവചക വചനങ്ങള്‍ തെളിവാണ്. ”ഒരാള്‍ മൂന്നു പെണ്‍കുട്ടികളെ പരിപാലിക്കുകയും അവരെ സംസ്‌കാര സമ്പന്നരാക്കുകയും വിവാഹം ചെയ്തയക്കുകയും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗമുണ്ട്.

”പ്രായപൂര്‍ത്തിയാകുന്നതു വരെ രണ്ടു പെണ്‍കുട്ടികളെ ഒരാള്‍ പരിപാലിച്ചാല്‍ ആന്ത്യനാളില്‍ അവന്‍ എന്നോടൊപ്പമാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക”. ”സ്വര്‍ഗീയ വഴിയുടെ ഇരുവശങ്ങളിലും സ്വന്തം പെണ്‍കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടിനുണ്ടാകും” തുടങ്ങിയവ പെണ്‍കുട്ടികളുടെ പ്രതാപത്തിലേക്കും പദവിയിലേക്കും സ്ഥാനത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. പെണ്‍കുഞ്ഞുങ്ങളുടെ പിറവി നരക പ്രവേശനത്തിനു തടസ്സം സൃഷ്ടിക്കുമെന്നും പ്രവാചക വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ”ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടെങ്കില്‍ അവളെ അല്ലാഹു അവന് നരകത്തില്‍ നിന്നുള്ള മറയാക്കിത്തീര്‍ക്കുമെ”ന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.
ഇമാം ഗസ്സാലി (റ) തന്റെ സുപ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീനില്‍ പറയുന്നു: ജനിച്ചത് ആണ്‍കുഞ്ഞായതിന്റെ പേരില്‍ അമിതമായി സന്തോഷിക്കുകയോ പെണ്‍കുഞ്ഞായതിനാല്‍ ദുഃഖിക്കുകയോ ചെയ്യരുത്. അതിലേതാണ് തനിക്ക് നന്മയെന്ന് അവന്‍ അറിയുന്നില്ല. പലപ്പോഴും ആണ്‍കുട്ടികള്‍ വഴി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമാധാനവും വര്‍ധിച്ച പ്രതിഫലവും കരസ്ഥമാകുന്നത് പെണ്‍കുട്ടികള്‍ മൂലമായിരിക്കും. പ്രവാചകര്‍ (സ്വ) പറഞ്ഞു: സമ്മാനപ്പൊതി പെണ്‍മക്കള്‍ക്കാണ് ആദ്യം നല്‍കേണ്ടത്. കാരണം ആരെങ്കിലും പെണ്‍കുട്ടികളെ സന്തോഷിപ്പിച്ചാല്‍ അവന്‍ അല്ലാഹുവിനെ ഭയന്ന് കരഞ്ഞതിനു തുല്യമാണ്. നരകത്തിനു മേല്‍ അവന്റെ ശരീരത്തെ അല്ലാഹു നിഷിദ്ധമാക്കും”.

പെണ്‍കുട്ടികളുടെ പദവികള്‍ ഇവിടെയൊന്നും അവസാനിക്കുന്നതല്ല. ”പെണ്‍കുട്ടികളെ വെറുക്കരുത്; അവര്‍ അമൂല്യ നിധികളാണെന്നുള്ള തിരുവചനം പെണ്‍കുട്ടികള്‍ക്ക് അപാരമായ സ്ഥാനമാണ് കല്‍പിക്കുന്നത്. ആണ്‍കുട്ടികള്‍ ദൈവിക അനുഗ്രഹവും പെണ്‍കുഞ്ഞുങ്ങള്‍ സല്‍ക്കര്‍മവുമാണ്. അനുഗ്രഹത്തെ കുറിച്ച് വിചാരണ നേരിടേണ്ടി വരുമ്പോള്‍ സല്‍ക്കര്‍മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പെണ്‍കുഞ്ഞ് ജനിക്കുന്നതിലൂടെ ലഭ്യമാകുന്ന അതിരില്ലാത്ത സൗഭാഗ്യങ്ങള്‍ പരിഗണിച്ച് അതിനുള്ള എളുപ്പ വഴികള്‍ അന്വേഷിക്കുന്നതായിരുന്നു നിരര്‍ഥകമെങ്കിലും ന്യായം.

മര്‍യം ജുമാന്‍, വിമന്‍സ് കോളേജ്, ദാറുല്‍ഹുദാ, ചെമ്മാട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.