
സിയൂള്‍: ഏതുസമയത്തും ശത്രു രാജ്യങ്ങള്‍ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിര്‍ദേശം. എതിര്രാജ്യങ്ങളില്നിന്ന് ഭീഷണി കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന്റെ ഉത്തരവെന്ന് വടക്കന്‍ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ(നോര്‍ത്ത് കൊറിയന്‍ ന്യൂസ് ഏജന്‍സി) റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും കിം ഉത്തരവിട്ടതായി റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായിട്ടുണ്ട്.
വടക്കന്‍ കൊറിയക്കെതിരേ ഐക്യരാഷ്ട്രസഭ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ പുതിയ പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും വിലക്കു ലംഘിച്ച് ആണവ പരീക്ഷണം നടത്തിയ വടക്കന്‍ കൊറിയക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തീരുമാനിച്ചിരുന്നു. അമേരിക്കയും ചൈനയും നിരന്തരമായ ചര്‍ച്ച നടത്തിയശേഷമാണ് രക്ഷാസമിതിയില്‍ ഉപരോധ പ്രമേയം കൊണ്ടുവന്നത്.