2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആണവവിതരണസംഘത്തിലെ അംഗത്വം: ഇന്ത്യന്‍ നയതന്ത്രം വിജയംകാണുന്നു

ഡോ. വി ബാലകൃഷ്ണന്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ ആദ്യവാരം ആറുരാജ്യങ്ങളിലായി ആറുദിവസമെടുത്തു നടത്തിയ വിദേശയാത്ര, അദ്ദേഹം ഇതിനുമുന്‍പു നടത്തിയ മറ്റു യാത്രകളില്‍നിന്നു തികച്ചും വ്യത്യസ്തവും ഏറെ ശ്രദ്ധേയവുമാണ്. താരതമ്യേന കൂടുതല്‍ ഫലപ്രദവും കാലികമായി ഏറെ പ്രസക്തവുമായിരുന്നു ആ യാത്ര. നന്നായി ആസൂത്രണംചെയ്തതും മുന്‍കൂട്ടി തയാറാക്കിയ ലക്ഷ്യങ്ങള്‍ ഉന്നംവച്ചു നടത്തിയതുമായ നയതന്ത്രസന്ദര്‍ശനമെന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.
പതിവു ജനസമ്പര്‍ക്കപരിപാടികള്‍ക്കൊന്നും മുതിരാതെ ലക്ഷ്യത്തില്‍മാത്രം കണ്ണുനട്ടു നടത്തിയ ഈ പ്രൊഫഷനല്‍ യാത്രകൊണ്ട് ഉദ്ദേശിച്ചകാര്യങ്ങള്‍ നേടിയെടുക്കാനുള്ള ചവിട്ടുപടി ഉറപ്പിക്കാന്‍ മോദിക്കു സാധിച്ചു. യാത്ര കേവലം ഔപചാരികമോ ആചാരപരമോ ആകാതെ നോക്കാനും മോദി പ്രത്യേകം ശ്രദ്ധിച്ചു. പ്രധാനമന്ത്രിയെന്നനിലയില്‍ മോദി നടത്തിയ ധിഷണാപരവും സാങ്കേതികത്തികവുള്ളതുമായ ഈ സന്ദര്‍ശനം ഇന്ത്യന്‍ ഊര്‍ജമേഖലയ്ക്കും ആഗോളതലത്തിലെ ഇന്ത്യന്‍ പ്രതിഛായയ്ക്കും ഗുണപരമായ മുതല്‍ക്കൂട്ടിനു കളമൊരുക്കുന്നതായിരിക്കും.
ഇതു സാധ്യമായതു മോദിയുടെമാത്രം മികവോ മിടുക്കോ കൊണ്ടല്ല, ആഗോളസമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ വര്‍ധിച്ച സ്വീകാര്യതയുടെ പിന്തുണകൊണ്ടുകൂടിയാണ്. അണ്വായുധനിര്‍വ്യാപനം ലക്ഷ്യംവച്ചും ആണവോര്‍ജസഹകരണം മെച്ചപ്പെടുത്താനും രൂപീകൃതമായ ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വമുറപ്പിക്കുകയായിരുന്നു യാത്രയുടെ മുഖ്യോദ്ദേശ്യം. ഇന്ത്യ ആദ്യമായി നടത്തിയ അണ്വായുധപരീക്ഷണങ്ങള്‍ക്കു മറുപടിയായാണ് ആണവ വിതരണസംഘമെന്ന ഗവണ്‍മെന്റ് കൂട്ടായ്മ 1974 ല്‍ രൂപീകൃതമായത്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളായിരുന്നു അന്ന് അംഗങ്ങള്‍. ആണവനിര്‍വ്യാപന ഉടമ്പടി (എന്‍.പി.ടി) വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് എന്‍.എസ്.ജി രൂപീകൃതമായത്.
ഇറാഖിന്റെ ആണവപരീക്ഷണങ്ങള്‍ക്കും ഒന്നാംഗള്‍ഫ്‌യുദ്ധത്തിനുംശേഷമാണ് ആണവവിതരണസംഘം കാര്യമായി പ്രവര്‍ത്തിച്ചുതുടങ്ങിയത്. അപ്പോഴേയ്ക്കും എന്‍.എസ്.ജിയില്‍ 26 ഭരണകൂടങ്ങള്‍ പങ്കാളികളായി. പിന്നീടിങ്ങോട്ട് സാങ്കേതികവും നയപരവുമായ എല്ലാകാര്യങ്ങളും ഫലപ്രദമായി നിര്‍വഹിക്കാന്‍ എന്‍.എസ്.ജിക്കു കഴിഞ്ഞു. നിയമപരമായി നോക്കിയാല്‍ എന്‍.എസ്.ജി സമാനമനസ്‌കരായ ഭരണകൂടങ്ങളുടെ അനൗപചാരികകൂട്ടായ്മ മാത്രമാണ്. പ്രവര്‍ത്തനരീതി സമവായത്തിന്റെയും സൗഹൃദത്തിന്റെയുമാണ്. എങ്കിലും, എന്‍.എസ്.ജിക്ക് ഇപ്പോള്‍ വ്യക്തമായ നിയമാവലിയും മാനദണ്ഡങ്ങളും പ്രക്രിയാധിഷ്ഠിത പ്രവര്‍ത്തനസമ്പ്രദായവുമുണ്ട്.
അണ്വായുധനിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിട്ട 48 രാജ്യങ്ങളാണ് ഇപ്പോള്‍ എന്‍.എസ്.ജിയിലുള്ളത്. സമാധാനാവശ്യങ്ങള്‍ക്കായി ആണവോര്‍ജം കയറ്റുമതിചെയ്യാനോ സാങ്കേതികവിദ്യ കൈമാറാനോ ഊര്‍ജാവശ്യങ്ങള്‍ക്കായി ഇവയുടെ വ്യാപാരംനടത്താനോ സാധ്യമാകണമെങ്കില്‍ ഇന്ത്യക്ക് ഈ കൂട്ടായ്മയില്‍ അംഗമാകേണ്ടതുണ്ട്. ഇതിനു പിന്തുണനേടിയെടുക്കാനുള്ള ശ്രമമാണു പ്രധാനമന്ത്രി ജൂണ്‍ ആദ്യവാരം നടത്തിയ നയതന്ത്ര യാത്രകൊണ്ടു ലക്ഷ്യംവച്ചത്.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലംമുതല്‍ ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാകുന്നതാണു നാം കണ്ടത്. അണ്വായുധനിര്‍മാണത്തിനല്ലാതെ, ഊര്‍ജാവശ്യങ്ങള്‍ക്കു ഇന്ത്യയുമായി ആണവവ്യാപാരത്തിനാവശ്യമായ നിയമഭേദഗതി വരുത്തി 2008 ല്‍ അമേരിക്ക ഈ ബന്ധം ഉറപ്പിക്കാന്‍ ശ്രമിച്ചു. 1998 ല്‍ ഇന്ത്യ നടത്തിയ രണ്ടാം അണുപരീക്ഷണത്തെ തുടര്‍ന്നുണ്ടായ വ്യാപാര ഉപരോധം പിന്‍വലിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു. തുടര്‍ന്ന്, അമേരിക്കയുമായി തന്ത്രപരമായ കാര്യങ്ങളില്‍ സഹകരണമുറപ്പാക്കി. തുടര്‍ചര്‍ച്ചകളില്‍ ഉഭയകക്ഷി സിവിലിയന്‍ ന്യൂക്ലിയര്‍ കരാറുകള്‍ക്കും വഴിതുറന്നു.
എന്നാല്‍, ആണവവിതരണസംഘത്തില്‍ അംഗമല്ലാത്ത, അണ്വായുധരാഷ്ട്രമായ ഇന്ത്യയുമായി ആണവോര്‍ജവ്യാപാര കരാറുണ്ടാക്കാന്‍ അമേരിക്കയ്ക്കു കടമ്പകളേറെയുണ്ടായിരുന്നു. നിയമത്തില്‍ ഇന്ത്യക്കുമാത്രം പ്രത്യേക ഇളവുനല്‍കാന്‍ 2008 ഓഗസ്റ്റില്‍ എന്‍.എസ്.ജി യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. ഇളവുനല്‍കാന്‍ ഏര്‍പ്പെടുത്തേണ്ട നിബന്ധനകളെച്ചൊല്ലി ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ്, നോര്‍വെ, അയര്‍ലാന്റ്, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ വിയോജിക്കുകയായിരുന്നു. പിന്നീട്, അമേരിക്ക ഇടപെട്ടു. അങ്ങനെ, ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുമായി ആണവവ്യാപാരം സാധ്യമല്ലെന്ന നിയമത്തില്‍ ഇന്ത്യക്കുമാത്രം ഇളവുനല്‍കാന്‍ 2008 സെപ്റ്റംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ആണവോര്‍ജമോ അണ്വായുധമോ മറ്റുരാജ്യങ്ങളുമായി പങ്കിടില്ലെന്നും ആണവപരീക്ഷണങ്ങള്‍ക്കു സ്വന്തംനിലയ്ക്കുതന്നെ മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നുമുള്ള ഇന്ത്യയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. അണ്വായുധനിര്‍വ്യാപനത്തിലും പ്രയോഗ, സമീപനരീതികളിലും കാലങ്ങളായി അനുവര്‍ത്തിച്ച നിലപാടും ഇന്ത്യക്കു തുണയായി. ഈ ഇളവിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ-അമേരിക്ക ആണവകരാര്‍ സാധ്യമാകുന്നതും പിന്നീട് റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി ആണവവൈദ്യുതിനിലയങ്ങള്‍ സ്ഥാപിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പുഷ്ടയുറേനിയം ഇറക്കുമതിചെയ്യാനും ധാരണയാകുന്നത്.
2010 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച ബറാക് ഒബാമ ആണവവിതരണസംഘത്തിലും മിസൈല്‍ സാങ്കേതികവിദ്യനിയന്ത്രണ ഉടമ്പടിയിലും ഇന്ത്യയുടെ അംഗത്വശ്രമത്തെ പിന്താങ്ങുമെന്നു പ്രഖ്യാപിച്ചു. 2010 ല്‍ അന്നത്തെ ഫ്രഞ്ചുപ്രസിഡന്റ് സര്‍കോസിയും ഇന്ത്യയെ പിന്താങ്ങി. ബ്രിട്ടന്‍ കാലങ്ങളായി ഈ വിഷയത്തില്‍ ഇന്ത്യക്കനുകൂലമായ സമീപനമാണു കൈകൊണ്ടത്. എന്‍.എസ്.ജി അംഗത്വത്തിന് അഞ്ചുവര്‍ഷമായി ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും 2016 മെയിലാണ് ഔപചാരികമായി അപേക്ഷിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പാകിസ്താനും അപേക്ഷ നല്‍കി.
ഇത് ഇന്ത്യന്‍ ശ്രമത്തെ പരാജയപ്പെടുത്താനുള്ള ചൈനീസ് തന്ത്രമായാണു ലോകം വിലയിരുത്തുന്നത്. മുന്‍പ് ഉപാധികളോടെ ഇന്ത്യന്‍ അംഗത്വത്തെ അനുകൂലിച്ചിരുന്ന ചൈന പക്ഷേ, ഇപ്പോള്‍ നിലപാടു മാറ്റിയിരിക്കുകയാണ്. പ്രശ്‌നത്തില്‍ വിവേകവും ജാഗ്രതയും പാലിക്കണമെന്നു മുന്‍പു നിലപാടറിയിച്ച ചൈന ഇപ്പോള്‍ പറയുന്നത് ഇന്ത്യക്ക് അംഗത്വം നല്‍കുന്നതില്‍ ധൃതിപിടിച്ചെടുക്കുന്ന തീരുമാനം തെക്കനേഷ്യയിലെ സമാധാനശ്രമങ്ങള്‍ക്കു തിരിച്ചടിയാകുമെന്നും മേഖലയിലെ രാഷ്ട്രീയ സമവാക്യം താളംതെറ്റുമെന്നുമാണ്. ഇതു പാകിസ്താന്റെ എതിര്‍പ്പുശക്തമാക്കി നിലനിര്‍ത്തി ഇന്ത്യക്കു തടയിടുകയെന്ന ലക്ഷ്യംവച്ചാണ്.
2004 ല്‍ എന്‍.എസ്.ജി അംഗമായ ചൈന, അംഗമല്ലാത്ത പാകിസ്താന് ആണവോര്‍ജം കയറ്റുമതി ചെയ്തു, രണ്ട് ആണവനിലയങ്ങള്‍ പണിതുനല്‍കുകയും ചെയ്തു. 2011 ലും 2013 ലും രണ്ടു പുതിയപദ്ധതികള്‍ക്കു കരാറുണ്ടാക്കി. എന്‍.എസ്.ജിയില്‍ അംഗമായിരിക്കെത്തന്നെയാണു ചൈന തുടര്‍ച്ചയായി ഉത്തര കൊറിയയ്ക്കു സാങ്കേതികസഹായം നല്‍കിവരുന്നത്. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്‍.എസ്.ജി നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന രാജ്യമാണു ചൈനയെന്നാണ്. പാകിസ്താനു വ്യക്തവും സമഗ്രവുമായ ആണവനയമില്ല. പ്രതിരോധ ആവണശേഖരത്തിന്മേല്‍ പാക് സര്‍ക്കാരിനു കാര്യമായ നിയന്ത്രണമില്ല. അങ്ങനെ നോക്കുമ്പോള്‍ ചൈന ഇപ്പോള്‍ ഇറക്കിക്കളിക്കുന്ന പാകിസ്താന്‍ കാര്‍ഡ് ഇന്ത്യയുടെ അംഗത്വപ്രശ്‌നത്തില്‍ ഗുണംചെയ്യില്ലെന്നു വേണം കരുതാന്‍.
ആണവവിതരണസംഘത്തിലെ അംഗത്വംകൊണ്ട് ഇന്ത്യന്‍ ഊര്‍ജാവശ്യത്തിന്റെ മൂന്നുശതമാനംമാത്രം സംഭാവനചെയ്യുന്ന ആണവോര്‍ജമേഖലയെ പുഷ്ടിപ്പെടുത്താനാകും. അംഗത്വംകൊണ്ടുണ്ടാവുന്ന പ്രധാനമായ നേട്ടം അന്താരാഷ്ട്രവിഷയങ്ങളില്‍ ഇന്ത്യന്‍ അഭിപ്രായങ്ങള്‍ക്കു കൂടുതല്‍ അംഗീകാരം ലഭിക്കുമെന്നതാണ്. ജൂണ്‍ 21 മുതല്‍ 24 വരെ സിയോളില്‍ നടക്കുന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്കനുകൂലമാകാനാണു സാധ്യത. എതിര്‍ക്കുന്നവരില്‍ പലരെയും ചങ്ങാതിമാരാക്കാന്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ചുനിന്നാല്‍ സാധിക്കും. അതേസമയം, ഇന്ത്യയുടെ കാര്യത്തില്‍ അമേരിക്ക കാട്ടുന്ന അമിതതാല്‍പ്പര്യത്തിനു കാരണം വിശാലമായ ഇന്ത്യന്‍വിപണിയാണെന്നു കണ്ടറിയുകയും വേണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.