2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആടാനറിയാം, രാഷ്ട്രീയവേഷവും

നിയമസഭാ സാമാജികത്വം സ്ഥിരം രാഷ്ട്രീയത്തൊഴിലാളികള്‍ക്കു മാത്രം ചേര്‍ന്നതല്ലെന്നു തെളിയിച്ചവര്‍ പലരുണ്ട്. എന്നിട്ടും നടന്‍മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ സ്ഥാനാര്‍ഥികളായപ്പോള്‍ നെറ്റി ചുളിച്ചവരുണ്ടായിരുന്നു. അവര്‍ പറഞ്ഞതിലൊന്നും ഒരു കാര്യവുമില്ലെന്നു സഭ ഇന്നലെ സാക്ഷി പറഞ്ഞു. നടന്‍ മുകേഷും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജും സഭയില്‍ കന്നി പ്രസംഗം നടത്തിയത് ഏതു മുതിര്‍ന്ന നേതാവിനോടും കിടപിടിക്കാന്‍ പോന്ന മികവോടെ. വെടിപ്പോടെയും.

ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഇവരുടെ കന്നിപ്രസംഗം. ഏതു വേഷമാടാനും പ്രാപ്തിയുണ്ടെന്നു നേരത്തെ തന്നെ തെളിയിച്ച മുകേഷിന്റെ കൈകളില്‍ പുതിയ റോളും ഭദ്രം. പകപോക്കല്‍ ബജറ്റില്‍ നിന്നു പങ്കുവയ്ക്കല്‍ ബജറ്റിലേക്കു കേരളം മാറിയതിനു തെളിവാണ് തോമസ് ഐസക്കിന്റെ ബജറ്റ് എന്നു പറഞ്ഞു തുടങ്ങിയ മുകേഷ് ബജറ്റ് നിര്‍ദേശങ്ങളിലേക്കും പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിയിലേക്കുമൊക്കെ പോയി. പാവപ്പെട്ട കലാകാരന്‍മാര്‍ക്കു വേണ്ടി സംസാരിക്കാനും മുകേഷ് മറന്നില്ല. താനിപ്പോള്‍ പുതിയ റോളിലാണെന്നും റീ ടേക്കിന്റെ ആവശ്യമില്ലാതെ അതു കൈകാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞാണ് മുകേഷ് പ്രസംഗം അവസാനിപ്പിച്ചത്.

വാര്‍ത്ത അവതരിപ്പിക്കുന്ന മികവോടെ തന്നെ വീണാ ജോര്‍ജും നന്നായി രാഷ്ട്രീയം പറഞ്ഞു. ബജറ്റിന്റെ മേന്മകള്‍ എടുത്തുപറഞ്ഞു തന്നെ അവര്‍ തന്റെ മണ്ഡലത്തിലുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവതരിപ്പിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരേ ചില ആരോപണങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ അത് ചേരുവകളൊത്ത പ്രസംഗമായി.
എന്നാല്‍ കഴിഞ്ഞ ബജറ്റുകളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് സഭയില്‍ ആദ്യം വന്നവരെപ്പോലെ ആവേശംകൊള്ളാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി. തന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു നടപ്പാക്കിയ പദ്ധതികളില്‍ ചിലത് എടുത്തുപറഞ്ഞ അദ്ദേഹം ഐസക് കൊണ്ടുവന്ന ധവളപത്രത്തിലെ ചില കൗശലങ്ങളും ചൂണ്ടിക്കാട്ടി. നികുതിയേതര വരുമാനം ചേര്‍ക്കാതെയാണ് അതില്‍ പ്രതിസന്ധിയുടെ കണക്കു പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നികുതിയേതര വരുമാനം 300 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. വിറ്റുവരവ് 11 ഇരട്ടിയായും വര്‍ധിച്ചു. അതെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ബ്ലാക്ക് പേപ്പര്‍ ആണ് ഐസക് തയാറാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം ആരും സാന്റിയാഗോ മാര്‍ട്ടിന്റെ പേര് കേട്ടിരുന്നില്ല. ഇപ്പോള്‍ വീണ്ടുമത് കേട്ടു തുടങ്ങിയെന്നും ഉമ്മന്‍ ചാണ്ടി.

ബജറ്റിനു പല തകരാറുകളുമുണ്ടെന്നാണ് കെ.എം മാണിയുടെ പക്ഷം. അധിക ചെലവായി പറയുന്ന 730 കോടി രൂപയ്ക്കു മാത്രമാണ് ഗവര്‍ണറുടെ അനുമതിയുള്ളത്. മാന്ദ്യവിരുദ്ധ പാക്കേജില്‍ പറയുന്ന ബാക്കി തുകയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്‌മെന്റ് ഉള്‍പെടുത്തിയിട്ടില്ലെന്ന കുഴപ്പവും ബജറ്റിനുണ്ടെന്നു ബജറ്റ് വിദഗ്ധനായ മാണി.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം നമ്മളോടു പറഞ്ഞത് സ്വപ്നം കാണാനാണെന്നും ധനമന്ത്രി അതു സ്വീകരിച്ചിട്ടുണ്ടെന്നും പി.കെ അബ്ദുറബ്ബ്. ബജറ്റ് നിറയെ സ്വപ്നങ്ങളാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചില ആരോപണങ്ങള്‍ക്ക് അബ്ദുറബ്ബ് മറുപടി നല്‍കുകയും ചെയ്തു. സപ്ലൈകോയില്‍ അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ 75 കോടി രൂപ വകയിരുത്തിയതുകൊണ്ട് ആവില്ലെന്നു അനൂപ് ജേക്കബ്.

ഇപ്പോള്‍ കിട്ടുന്ന പല സാധനങ്ങളും അവിടെ കിട്ടാതാവുകയായിരിക്കും ഫലമെന്ന് അനൂപിന്റെ മുന്നറിയിപ്പ്. ദേശീയപാത വീതി കൂട്ടുന്നതിനും ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും തന്റെ പാര്‍ട്ടി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്. പക്ഷെ, ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കണം. റോഡ് വീതി കൂട്ടുന്നതിനു സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൊച്ചി മെട്രോക്ക് അനുവദിച്ചതു പോലെയുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.
പ്രവാസികളെ മറന്നുകൊണ്ടുള്ള ബജറ്റാണ് ഐസക്കിന്റേതെന്ന് പാറക്കല്‍ അബ്ദുല്ല. ഫാറ്റ് ടാക്‌സ് ഏര്‍പ്പെടുത്തുന്നത് തട്ടുകടക്കാരുടെയും ബേക്കറിക്കാരുടെയും കഞ്ഞിയില്‍ മണ്ണിടുമെന്നും അബ്ദുല്ല. വെറും സ്വപ്നമല്ല മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ് ബജറ്റിലുള്ളതെന്ന് കെ.സി ജോസഫ്.
പ്രഖ്യാപിച്ച പാലങ്ങള്‍ക്കും റോഡുകള്‍ക്കുമൊന്നും പണം നീക്കിവച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിനു ആവശ്യത്തിന് ഫണ്ട് കൊടുക്കാതെ റോഡും പാലവുമൊന്നും ഉണ്ടാവില്ലെന്നും ജോസഫ്. ബജറ്റിന് വിചാരിച്ചതിലധികം വലുപ്പമുണ്ടെന്ന് ഇ.കെ വിജയന്റെ കണ്ടെത്തല്‍. രാജ്യത്ത് ഒരു ഇടതു ബദല്‍ ഉയര്‍ന്നുവരുന്നതിന് നാന്ദികുറിക്കുന്ന ബജറ്റാണിതെന്നും വിജയന്റെ സാക്ഷ്യപ്പെടുത്തല്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.