2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആകാശച്ചിറകിലേറി വീണ്ടും മലയാളി ചന്ദ്രയാൻ 2 യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു സോമനാഥ്

അൻസാർ മുഹമ്മദ്
കൊച്ചി
ഇടവേളയ്ക്കു ശേഷം വീണ്ടും ബഹിരാകാശ കുതിപ്പിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒയുടെ തലപ്പത്ത് മലയാളിത്തിളക്കം. ശിവന് പിൻഗാമിയായി സോമനാഥൻ. അരൂരിലെ സ്‌കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇനി രാജ്യത്തിന്റെ അഭിമാനത്തലപ്പത്ത്.

ചന്ദ്രയാൻ 2 പദ്ധതിയിൽ നിർണായക പങ്കുവഹിച്ച വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറക്ടർ കൂടിയായ അൻപത്തിനാലുകാരനായ എസ്.സോമനാഥ് ആലപ്പുഴ സ്വദേശിയാണ്. 1963 ജൂലൈയിൽ തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കർ എന്ന അധ്യാപകന്റെയും അരൂർ സ്വദേശിനി തങ്കമ്മയുടെയും മകനായി സോമനാഥിന്റെ ജനനം.
അരൂരിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പ്രീഡിഗ്രി എറണാകുളം മഹാരാജാസ് കോളജിൽ. കൊല്ലം ടി.കെ.എം എൻജിനിയറിങ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിങിൽ രണ്ടാം റാങ്കോടെ ബിരുദം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയറോ സ്‌പേസ് എൻജിനിയറിങിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം.

1985ൽ വി.എസ്.എസ്.സിയിൽ ചേർന്നു. ജോലിയോടൊപ്പം മദ്രാസ് ഐ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങിൽ ഡോക്ടറൽ തീസിസും പൂർത്തിയാക്കി. സോമനാഥ് വി.എസ്.എസ്.സിയിൽ എത്തുമ്പോൾ പി.എസ്.എൽ.വി ദൗത്യങ്ങളുടെ കാലമായിരുന്നു . ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകൽപനയിൽ പങ്കാളിയായി. പിന്നെ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി. ആദ്യ ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു.
ചന്ദ്രയാൻ 2ൽ റോക്കറ്റിൻ്റെ ഒട്ടേറെ ഭാഗങ്ങൾ വി.എസ്.എസ്.സിയാണു നിർമിച്ചത്. എൻജിൻ രൂപകൽപനയും സോമനാഥിന്റെ ചുമതലയിലായിരുന്നു. വി.എസ്.എസ്.സിയുടെ അസോസിയേറ്റ് ഡയറകർ ആയിരിക്കെ 2015 ജൂണിൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽ.പി.എസ്.സി) ഡയറക്ടറായി. 2018ൽ കെ. ശിവൻ ഐ.എസ്.ആർ.ഒ ചെയർമാനായതിനെ തുടർന്ന് വി.എസ്.എസ്.സി ഡയറക്ടറായി.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ പ്രോജക്ട് മാനേജർ (പി.എസ്.എൽ.വി), സ്ട്രക്‌ചേഴ്‌സ് എന്റിറ്റി, പ്രൊപ്പൽഷൻ ആൻഡ് സ്‌പേസ് ഓർഡനൻസ് എന്റിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ, ജിയോസിൻ ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ പ്രോജക്ട് ഡയറക്ടർ എന്നീ പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ വെല്ലുവിളി നിറഞ്ഞ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാൻ 2 യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് സോമനാഥ് .
ചന്ദ്രയാൻ2 ബഹിരാകാശ പേടകത്തെ ഭൗമ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ജിയോസിൻ ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്കിന്റെ ഉത്തരവാദിത്വം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ തലവനായ എസ്. സോമനാഥിനായിരുന്നു. ലോഞ്ച് വെഹിക്കിൾ സ്ട്രക്ചറൽ സിസ്റ്റംസ്, സ്ട്രക്ചറൽ ഡൈനാമിക്‌സ്, മെക്കാനിസങ്ങൾ, പൈറോ സിസ്റ്റങ്ങൾ, ലോഞ്ച് വെഹിക്കിൾ ഇന്റഗ്രേഷൻ എന്നീ മേഖലകളിൽ സോമനാഥ് ഐ.എസ്.ആർ.ഒയിലെ വിദഗ്ധനാണ്.ഭാര്യ വത്സല തിരുവനന്തപുരത്ത് ജി.എസ്.ടി വകുപ്പിൽ ജോലി ചെയ്യുന്നു. മക്കൾ: എൻജിനീയറിങ് വിദ്യാർഥികളായ മാലിക, മാധവ് .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.