ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അതീവ സുരക്ഷാ മേഖലയില്‍നിന്ന് ആം ആദ്മി പാര്‍ട്ടി എംപി സെല്‍ഫി ദൃശ്യങ്ങള്‍ എടുത്തതിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. ഭരണകക്ഷിയായ ബിജെപിയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവച്ചു.
പാര്‍ലമെന്റിനു പുറത്തുനിന്നുള്ള വീഡിയോ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ബിജെപി അംഗങ്ങള്‍ ബഹളംവച്ചത്. പാര്‍ലമെന്റില്‍ സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച ആം ആദ്മി പാര്‍ട്ടി എംപിയോട് സ്പീക്കര്‍ റിപ്പോര്‍ട്ട് തേടി. പഞ്ചാബില്‍നിന്നുള്ള എംപി ഭഗ്‌വന്ത് മനിനോടാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ റിപ്പോര്‍ട്ട് തേടിയത്.
ഫേസ്ബുക്കിലൂടെയാണ് എംപി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാര്‍ലമെന്റ് സുരക്ഷാ തലവന്‍ ആര്‍.കെ.സിംഗാണ് സംഭവം സ്പീക്കര്‍ക്കു റിപ്പോര്‍ട്ട് ചെയ്തത്.
ഇതേതുടര്‍ന്നു സ്പീക്കര്‍ എംപിയോട് വിശദീകരണം തേടുകയായിരുന്നു. പ്രശ്‌നത്തെച്ചൊല്ലി രാജ്യസഭയിലും ബഹളം ഉണ്ടായി.
ലോക്‌സഭയിലെ എംപിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നുമെന്നിരിക്കെ എന്തിനാണ് ഈ വിഷയം രാജ്യസഭയില്‍ ഉന്നയിക്കുന്നതെന്ന് സീതാറാം യെച്ചൂരി ചോദിച്ചു.
ഭഗ്‌വന്ത് മനിന്റെ പ്രവര്‍ത്തിക്കെതിരേ ബിജെപിയും അകാലിദളും ശക്തമായി രംഗത്തെത്തിയിരുന്നു. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും സംഭവത്തെ കുറിച്ച് വെള്ളിയാഴ്ച സ്പീക്കര്‍ക്കു വിശദീകരണം നല്‍കുമെന്നും ഭഗ്‌വന്ത് മന്‍ എംപി പറഞ്ഞു.
Comments are closed for this post.