
കോഴിക്കോട്: നാദാപുരത്തെ മുഹമ്മദ് അസ്ലം വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര് ഇന്നലെ അന്വേഷണസംഘത്തിന്റെ പിടിയിലായി. കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്ക് പൂര്‍ണമായി വ്യക്തമായതിന് ശേഷമേ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി.
അതേസമയം സി.പി.എം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ വാഹനം നല്‍കിയതെന്ന് നേരത്തേ പിടിയിലായ പ്രതി പൊലിസിന് മൊഴി നല്കി. സഞ്ചരിക്കാനും അസ്ലമിനെ ഇടിച്ചിടാനും കൊലയാളിസംഘം ഉപയോഗിച്ച ഇന്നോവ കാര്‍ വളയം സ്വദേശി സുമോഹന് ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണ് താന്‍ വാടകയ്ക്കെടുത്ത് നല്‍കിയതെന്നാണ് പ്രതി നിധിന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലയാളിസംഘത്തിന് വാഹനമൊപ്പിച്ച് നല്‍കിയത് താനാണെന്ന് നിധിന് സമ്മതിച്ചത്. സജീവ സി.പി.എം പ്രവര്‍ത്തകനായ സുമോഹന് രാഷ്ട്രീയസംഘര്‍ഷവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ്.
കൊലയാളികളെ ഒളിവില്‍ താമസിപ്പിച്ചതിന് സി.പി.എം ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍, വധത്തിന് ഒത്താശ ചെയ്തതിന് നാദാപുരം വെള്ളൂര്‍ സ്വദേശി രമീഷ് എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.