കഴിഞ്ഞ രണ്ടുദിനങ്ങളില്‍ പട്ടാളബാരക്കില്‍നിന്നു വന്ന രണ്ടു വാര്‍ത്തകള്‍ ശുഭകരമല്ല. സര്‍ജിക്കല്‍ സ്ട്രൈക്കുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ പട്ടാളക്കാരെ വാനോളം പുകഴ്ത്തുന്നതിനപ്പുറം അവരുടെ ദൈനംദിനകാര്യങ്ങളില്‍ പട്ടാള ഉദ്യോഗസ്ഥരും സര്‍ക്കാരും കടുത്ത അവഗണനയാണു പുലര്‍ത്തിപ്പോരുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയാണെന്ന ഗുരുതരമായ പരാതിയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
പതിന്നൊന്നു മണിക്കൂര്‍ നേരം അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കേണ്ടിവരുന്ന ജവാന്മാര്ക്ക് കാലത്തും ഉച്ചയ്ക്കും മോശമായതും കറിപോലുമില്ലാത്തതും വയറുനിറയാന്‍ മാത്രമില്ലാത്തതുമായ ഭക്ഷണമാണു ലഭിക്കുന്നതെന്നും ചില രാത്രികളില്‍ പട്ടിണികിടക്കേണ്ട അവസ്ഥയാണെന്നും ജമ്മുകശ്മിര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ബി.എസ്.എഫ് 29 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ നാം കണ്ടതാണ്. തനിക്കു കിട്ടിയ ഭക്ഷണത്തിന്റെ സാമ്പിള്‍ അപ്ലോഡ് ചെയ്ത വിഡിയോദൃശ്യം സഹിതമാണ് ആ ജവാന്റെ പരിദേവനം.
ഇന്നലെ അവധിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സി.ഐ.എസ്.എഫ് ജവാന് നാലു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലുള്ള നബിനഗര്‍ സൂപ്പര്‍താപവൈദ്യുതനിലയത്തിലാണ് ഈ ദാരുണ സംഭവമുണ്ടായത്. നിലയത്തിലെ സുരക്ഷാചുമതലയുണ്ടായിരുന്ന കോണ്‍ സ്റ്റബിള് ബല്‍വീര്‍ സിങ് സര്‍വീസ് തോക്കുപയോഗിച്ചു നിറയൊഴിക്കുകയായിരുന്നു. ലീവില്‍ പോകാന്‍ കഴിയാതെ ദീര്‍ഘനാളത്തെ കഠിന ഡ്യൂട്ടികള്‍ക്കിടയില്‍ സൈനികര്‍ക്കു മാനസികപിരിമുറുക്കമുണ്ടാകുന്നുവെന്നതു നേരത്തെതന്നെയുള്ള റിപ്പോര്‍ട്ടാണ്.
ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളും കൂടിയാകുമ്പോള്‍ നിയന്ത്രണം വിട്ടുപോവുക സ്വാഭാവികം. മോശം ഭക്ഷണമാണു ലഭിക്കുന്നതെന്നു പരാതിപ്പെട്ട തേജ് ബഹാദൂര്‍ യാദവിനെ മോശക്കാരനായി ചിത്രീകരിക്കാനാണു ബി.എസ്.എഫ് കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. സ്വഭാവദൂഷ്യമുള്ളയാളും പതിവായി ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്നവനും മദ്യപാനിയുമാണെന്ന ബി.എസ്.എഫ് കേന്ദ്രങ്ങളുടെ ആരോപണം മുഖവിലയ്ക്കെടുക്കാനാകില്ല.
പതിവായി ഡ്യൂട്ടിയില്‍ കൃത്യവിലോപം കാണിക്കുന്ന ഒരാളെ സൈന്യം വച്ചുപൊറുപ്പിക്കുമെന്നു തോന്നുന്നില്ല. അതേനിലയില്‍, പിന്നെയും ഡ്യൂട്ടിയില്‍ തുടരുവാന്‍ സൈന്യത്തിലെ അച്ചടക്കനടപടി അനുവദിക്കുന്നുമില്ല. തേജ് ബഹാദൂറിനെ നിയന്ത്രണരേഖയിലെ ഡ്യൂട്ടിയില്‍ നിന്നു മാറ്റിയിരിക്കുകയാണിപ്പോള്‍. പതിനൊന്നു മണിക്കൂര്‍ ഡ്യൂട്ടി ചെയ്യാന്‍ ഈ മോശം ഭക്ഷണം മതിയോയെന്ന അദ്ദേഹത്തിന്റെ ചോദ്യം സൈനികകേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നുവെന്നര്‍ഥം.
ദേശസ്നേഹത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും പട്ടാളക്കാരുടെ ധീരതയെക്കുറിച്ചും അടുത്തകാലത്തായി വല്ലാതെ വാചാലരായിക്കൊണ്ടിരിക്കുകയാണു ബി.ജെ.പി സര്‍ക്കാര്‍. സൈന്യത്തോടുള്ള സ്നേഹംകൊണ്ടൊന്നുമല്ല ഈ പ്രകടനം. ദേശീയതയുടെ പേരില്‍ വര്‍ഗീയത സൃഷ്ടിക്കാനും അതുവഴി രാഷ്ട്രീയലാഭത്തിനുമാണ് ഇത്തരം പ്രശംസകള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. താഴെത്തട്ടിലുള്ള പട്ടാളക്കാരുടെ പരാതികള്‍ വനരോദനങ്ങളായി കലാശിക്കാറാണു പതിവ്.
യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാളധികം പട്ടാളക്കാര്‍ യുദ്ധമില്ലാത്തകാലങ്ങളില്‍ മരിക്കുന്നുണ്ട്. മേധാവികളുടെ അതൃപ്തിക്കു പാത്രീഭൂതരാകുന്ന സൈനികരെയെല്ലാം സിയാചിന്‍ മഞ്ഞുമലകളിലേക്ക് അയക്കാറാണു പതിവ്. മതിയായ ഭക്ഷണവും വെള്ളവുമില്ലാതെ മഞ്ഞുമലകളില്‍ കഴിയാനാണ് ഇവരുടെ വിധി. എത്രയോ പട്ടാളക്കാര്‍ ഇവിടെ പ്രതികൂല കാലാവസ്ഥയില്‍ ആരോരുമറിയാതെ മരിച്ചുപോയിട്ടുണ്ട്. അത്തരത്തില്‍ അപകടത്തില്‍പ്പെട്ട ഒരു ജവാനായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ സിയാചിന്‍ മഞ്ഞുമലയില്‍ ഭക്ഷണമില്ലാതെ മരവിച്ചനിലയില്‍ കാണപ്പെട്ടത്.
ഹനുമന്തപ്പ എന്ന ഈ ധീരജവാന് ആശുപത്രിയില്‍ എട്ടുദിവസത്തെ ജീവന്മരണ പോരാട്ടത്തിനൊടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. പട്ടാളക്കാരോട് മേധാവികളും ഭരണകൂടവും കാണിക്കുന്ന ക്രൂരത ഈ സംഭവത്തോടെയാണു പുറംലോകമറിഞ്ഞത്. ഇരുപതിനായിരത്തഞ്ഞൂറ് അടി ഉയരമുള്ള, അസ്ഥിതുളയ്ക്കുന്ന തണുപ്പില്‍ വെറും ടാര്‍പോളിന്‍ ടെന്റില്‍ കഴിച്ചുകൂട്ടാന്‍ നിയോഗിക്കുന്നത് പട്ടാളക്കാരെ മരണത്തിന് എറിഞ്ഞു കൊടുക്കുന്നതിനു തുല്യമാണ്. രക്തം ഉറഞ്ഞുപോകുന്ന തണുപ്പില്‍ കൈകാലുകള്‍ മുറിഞ്ഞുപോകുന്നതുപോലും പട്ടാളക്കാര്‍ അറിയാറില്ല. പട്ടാളക്കാരോടുള്ള ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കുകതന്നെ വേണം. അതായിരിക്കും അവര്‍ക്കു നല്കുന്ന ഏറ്റവും വലിയ ആദരം.