2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അവസാന ലാപ്പിലേക്ക്; പോരാട്ടത്തിന് തീവ്രതയേറി

ആലപ്പുഴ: ലോക്‌സഭാ അങ്കം അവസാനഘട്ടത്തിലേക്ക് കടന്നതോടെ സര്‍വ സന്നാഹങ്ങളും പുറത്തെടുത്ത് മുന്നണികള്‍. അവസാന ലാപ്പില്‍ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ലക്ഷ്യമിട്ടുള്ള അന്തിമ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുവച്ചു മുന്നണികള്‍. തുറന്ന വാഹനത്തില്‍ മണ്ഡലത്തിന്റെ മുക്കുംമൂലയും താണ്ടി സ്ഥാനാര്‍ഥികള്‍ ഓട്ടപ്പാച്ചില്‍ തുടരുമ്പോള്‍, വീടുകള്‍ തോറും കയറി ഓരോ വോട്ടറെയും നേരില്‍കണ്ടു വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
സ്ഥാനാര്‍ഥിയുടെ അപദാനങ്ങള്‍ വാഴ്ത്തി പാടിയും എതിരാളികളുടെ കുറ്റവും കുറവും വിളിച്ചു കൂവിയും നിരത്തു കീഴടക്കി പ്രചാരണ വാഹനങ്ങള്‍ പായുകയാണ്. കവലകള്‍ തോറും നേതാക്കളുടെ പ്രസംഗങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. വികസനവും വികസന മുരടിപ്പും സംസ്ഥാന, ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളുമെല്ലാം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു.
എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തി മടങ്ങിയതോടെ യു.ഡി.എഫ് ക്യാംപ് അത്യാവേശത്തിലായി. സിറ്റിങ് എം,പി കൂടിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ റോഡ് ഷോയുമായി ആലപ്പുഴ മണ്ഡലത്തില്‍ ഉടനീളം സഞ്ചരിച്ചു യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് വേണ്ടി വോട്ടുതേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റോഡ് ഷോയും പ്രചാരണ യോഗങ്ങളുമായി കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡലത്തില്‍ സജീവമാണ്. സിറ്റിങ് സീറ്റ് കൈവിടില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് യു.ഡി.എഫിന്റെ പ്രവര്‍ത്തനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പടെ ദേശീയ സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തി. പത്ത് വര്‍ഷമായി കൈവിട്ടു പോയ ആലപ്പുഴയെ ഇത്തവണ ഇടത്ത് ഉറപ്പിക്കാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് സി.പി.എമ്മും എല്‍.ഡി.എഫും. മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്‍.ഡി.എ ക്യാംപില്‍ വോട്ടു വിഹിതം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സജീവമായി നടക്കുന്നത്. ഡോ. കെ.എസ് രാധാകൃഷ്ണന്റെ പ്രചാരണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എത്തിയത് ഒഴിവാച്ചാല്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലേക്ക് കാര്യമായി എത്തിയിട്ടില്ല. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമേ സ്വതന്ത്രര്‍ അടക്കം മറ്റു സ്ഥാനാര്‍ഥികളും പ്രചാരണ രംഗത്ത് സജീവമായുണ്ട്. കുടുംബയോഗങ്ങളിലൂടെ പരമാവധി വോട്ട് സ്വന്തം ചിഹ്നത്തില്‍ പതിപ്പിക്കാനുള്ള ശ്രമവും മുന്നണികള്‍ സജീവമാക്കിയിട്ടുണ്ട്.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News