
കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അമിതജോലിഭാരവും ജോലിസമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഏറെ അനുഭവിക്കുന്നുണ്ട്. മാനസികസമ്മര്‍ദ്ദം പിടിച്ചുനില്‍ക്കാനാകാതെ ആത്മഹത്യചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ പേര് ആത്മഹത്യയുടെ വക്കിലാണ്. ഹയര്‍സെക്കന്‍ഡറി സംവിധാനം സംസ്ഥാനത്തു രൂപം കൊണ്ടിട്ടു കാല്‍നൂറ്റാണ്ടായെങ്കിലും ഉന്നതപഠന കവാടത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും മികച്ചതാക്കുന്നതിനും സര്‍ക്കാറുകള്‍ക്കു സാധിച്ചിട്ടില്ല.
സ്കൂള്‍തലത്തില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം പരമാവധി 1:45 ആണെങ്കില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ 65 വരെ കൗമാരവിദ്യാര്ഥികളെ ഇരുത്തിയാണു ക്ലാസ്സ് നടത്തുന്നത്. സ്കൂള്‍തലത്തില്‍ പ്രധാനാധ്യാപകനു ക്ലാസ് ചുമതലയില്ല. സഹായത്തിനു ക്ലാര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുണ്ട്.
കൗമാരക്കാര്‍ മാത്രം പഠിക്കുന്ന ഹയര്‍സെക്കന്‍ഡറികളില്‍ പ്രിന്‍സിപ്പല്‍മാര്‍ ആഴ്ചയില്‍ 21 പിരിയഡ് ക്ലാസ്സെടുക്കണം. ഇതോടൊപ്പം ഓഫീസ് ജോലി കൂടി നിര്‍വഹിക്കണം. സഹായത്തിനാരുമില്ല.
പ്രിന്‍സിപ്പല്‍ ജോലിയോടൊപ്പം അധ്യാപനവും ആഴ്ചകള്‍ നീണ്ടു നില്ക്കുന്ന പ്ലസ്വണ് ഏകജാലകപ്രവേശനം നടത്തലും വിവിധ പരീക്ഷകളും മേളകളും നടത്തലും അധ്യാപകര്‍ക്കു യഥാസമയം ആനുകൂല്യം ലഭ്യമാക്കലും വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍ തുടങ്ങിയവ ലഭ്യമാക്കല്‍, വിവിധ യോഗങ്ങളില്‍ പങ്കെടുക്കല്‍, പി.ടി.എ വിളിച്ചു ചേര്‍ക്കല്‍ തുടങ്ങി നിരവധി ജോലികള്‍ ചെയ്യാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിതനാണ്. കൗമാര വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ ഉണ്ടാക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകാതെ പ്രിന്‍സിപ്പല്‍മാര്‍ പ്രയാസപ്പെടുന്നുണ്ട്.